ADVERTISEMENT

കാസർകോട്: കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ് എന്ന വിശേഷണം സ്വന്തമാക്കി മലപ്പുറം സ്വദേശിനി റിൻഷ പട്ടക്കൽ. ബിടെക്ക് സിവിൽ എൻജിനീയറിങ് പഠനത്തിന്റെ ഇടവേളയിലാണ് റിൻഷ ഡ്രോൺ പറത്തൽ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം.  എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. 

Read Also : ‘കത്തി’ വയ്ക്കരുത്, വാച്ച് നോക്കരുത്, ഇടിച്ചു കയറുത്: അഭിമുഖത്തിൽ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

സർവേയിങ്ങിൽ ഡ്രോണുകളുടെ ഉപയോഗ സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയ പിതാവാണ് റിൻഷയോട് ഈ കോഴ്സ്  പഠിക്കാൻ നിർദേശിച്ചത്. അസാപ് കേരളയുടെ പ്രഥമ ഡ്രോൺ പറത്തൽ പരിശീലന ബാച്ചിലെ ഏക പെൺകുട്ടിയായിരുന്നു റിൻഷ. മേയിലാണ് ഈ കോഴ്സിന് ഡിജിസിഎ അംഗീകാരം ലഭിച്ചത്. 96 മണിക്കൂർ ദൈർഘ്യമുള്ള ഈ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂർത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഈ കോഴ്സിന്റെ ഭാഗമായുണ്ട്.  

rinsha-002
റിൻഷ

 

rinsha-001
റിൻഷ

“ആകാശ നിരീക്ഷണം, രക്ഷാപ്രവർത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോൺ ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങൾ എന്നിങ്ങനെ ഔദ്യോഗിക ആവശ്യങ്ങൾക്കും സിവിൽ ആവശ്യങ്ങൾക്കും ഡ്രോണുകൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സർവേയിങ്ങിൽ ഡ്രോൺ ഉപയോഗത്തിന്റെ സാധ്യത മനസ്സിലാക്കിയാണ് ഈ കോഴ്സിന് ചേർന്നത്. 3ഡി മാപ്പിങ്, യുഎവി സർവേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിങ്, ഏരിയൽ സിനിമാറ്റൊഗ്രഫി എന്നിവയിൽ സമഗ്രമായ പരിശീലനം ഈ കോഴ്സിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്” റിൻഷ പറയുന്നു. 

 

ഡ്രോണുകൾ പറപ്പിക്കുന്നതിന് നിലവിൽ ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കിയിട്ടുണ്ട്. ഡ്രോൺ പറത്തൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഈ കോഴ്സ് ചെയ്യാം. പാസ്പോർട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുണ്ട്. കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക്:  9947132963 എന്ന നമ്പറിൽ ബന്ധപ്പെടാം. 

 

Content Summary : Rinsha Pattakkal is Kerala's first DGCA-licensed woman drone pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com