ADVERTISEMENT

ചെറുതോണി ∙ മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യു (55) മികച്ച ഹയർസെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ 2022 - 23 വർഷത്തെ പുരസ്കാരത്തിന് അർഹനായി.

Read Also : അമ്മയ്ക്കു പിന്നാലെ ദേശീയ അധ്യാപക പുരസ്കാരം സ്വന്തമാക്കി മകനും

കാമാക്ഷി പഞ്ചായത്തിൽ മേലേകുപ്പച്ചാംപടി എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ് മാത്യു (കാരിമറ്റത്തിൽ ജിമ്മിച്ചൻ) ജീവിതത്തിലുടനീളം നടത്തിയ കഠിന പരിശ്രമത്തിനും പോരാട്ടത്തിനും ഒടുവിൽ ലഭിച്ച ഈ അംഗീകാരത്തിന് തിളക്കമേറെയാണ്. അധ്യാപക ജീവിതത്തിലുടനീളം അർപ്പണ മനോഭാവത്തോടെയാണ് പ്രവർത്തിച്ചതെന്നും തന്റെ ജീവിതം തന്നെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മാറ്റിവച്ചതാണെന്നും ജോസഫ് മാത്യു പറഞ്ഞു.

 

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മൂവാറ്റുപുഴ നിർമല കോളജിൽ നിന്നു സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ബിരുദവും നേടി. തുടർന്ന് രണ്ടായിരത്തിൽ ഉദയഗിരി സെന്റ് മേരീസ് യുപി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂൾ, ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 2017 മുതൽ 2021 വരെ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായിരുന്നു. 

 

ഒൻപതു വർഷം കട്ടപ്പന ഉപജില്ല സാമൂഹിക ശാസ്ത്ര ക്ലബ് സെക്രട്ടറിയായിരുന്ന ജോസഫ് മാത്യു 2005 മുതൽ 2009 വരെ ഇടുക്കി റവന്യു ജില്ലയിൽ സാമൂഹിക ശാസ്ത്ര ക്ലബ് സെക്രട്ടറിയായി. സാമൂഹിക ശാസ്ത്ര ക്ലബ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി ജില്ല കോ ഓർഡിനേറ്റർ, മുഖ്യമന്ത്രി അധ്യക്ഷനായ യൂത്ത് പാർലമെന്റിന്റെ ജില്ലാ കോ–ഓർഡിനേറ്റർ, ഹയർ സെക്കൻഡറി വിഭാഗം ജില്ലാ കോ–ഓർഡിനേറ്റർ, ഇടുക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അക്കാദമിക് എക്സലൻസ് പ്രോഗ്രാമിന്റെ ജില്ലാ കോ–ഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.

 

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂൾ ഹൈ ടെക് ആക്കി മാറ്റാൻ മുഖ്യ പങ്കുവഹിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ സൂസമ്മ ജോസഫ് ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ സാമ്പത്തിക ശാസ്ത്രം അധ്യാപികയാണ്. മൂത്ത മകൾ വർഷ ജോസ് ബനാറസ് യൂണിവേഴ്സിറ്റിയിൽ പിജി വിദ്യാർഥിനിയാണ്. ഇളയ മകൻ ഫെലിക്സ് ജോസഫ് വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.

 

Content Summary : Meet Joseph Mathew Churuthoni: The Teacher Who Devoted His Life to Education and Earned State Recognition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com