ADVERTISEMENT

തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇക്കൊല്ലം ദേശീയ അധ്യാപക അവാർഡ് ലഭിച്ച 13 പേരിൽ ഒരു മലയാളിയും. ഐഐടി ബോംബെയിൽ കെമിസ്ട്രി വിഭാഗം പ്രഫസറായ തിരുവനന്തപുരം പേരൂർക്കട ബിനോജ് ഭവനിൽ ഡോ. ആർ.ബി. സുനോജ് (49) ആണ് അവാർഡ് ലഭിച്ച മലയാളി. 2000ൽ സുനോജിന്റെ അമ്മ കെ.വസന്തകുമാരിക്ക് എൽപി വിഭാഗത്തിൽ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരം  ലഭിച്ചിരുന്നു.

Read Also : മികച്ച ഹയർസെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി ജോസഫ് മാത്യു

ഓർഗാനിക് റിയാക്‌ഷൻ മെക്കാനിസത്തെക്കുറിച്ചുള്ള പഠന ഗവേഷണ പ്രവർത്തനങ്ങൾക്കാണ് കംപ്യുട്ടേഷനൽ കെമിസ്ട്രി മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുനോജിന് അംഗീകാരം ലഭിച്ചത്. ഔഷധ പ്രാധാന്യമുള്ള സംയുക്തങ്ങളുടെ നിർമാണം, രസതന്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംയോജനം തുടങ്ങിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഔഷധരംഗത്ത് ഏറെ പ്രാധാന്യമുള്ള അസിമെട്രിക് രാസത്വരകങ്ങൾ തിരിച്ചറിയാനുള്ള വിദ്യ വികസിപ്പിക്കുകയും ചെയ്തു.

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ എംഎസ്‌സി നേടിയ ശേഷം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽനിന്നാണ് സുനോജ് പിഎച്ച്ഡി നേടിയത്. യുഎസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലും ഗവേഷണം നടത്തിയ ശേഷം 29–ാം വയസ്സിൽ ഐഐടി ബോംബെയിൽ അധ്യാപകനായി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന്റെ (സിഎസ്ഐആർ) പ്രശസ്തമായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം 2019 ൽ ലഭിച്ചു.

 

ഐഐടി ബോംബെ പ്രോജക്ട് മാനേജരും അധ്യാപികയുമായ ഡോ. ബി.എ.വിജയശ്രീ ആണു ഭാര്യ. മകൻ ദർശൻ സുനോജ് ഐഐടി ഗുവാഹത്തിയിൽ ഡിസൈൻ‍ വിദ്യാർഥി. പിതാവ് ആർ.ഭുവനചന്ദ്രൻ (മണി) ബിസിനസുകാരനായിരുന്നു. സഹോദരൻ ഡോ. ആർ.ബി. ബിനോജ് കേരള സർവകലാശാല റിസർച് ഡിപ്പാർട്മെന്റ് ഡയറക്ടറും ജിയോളജി വിഭാഗം പ്രഫസറുമാണ്. 

 

നെടുമങ്ങാട് കൊല്ല എൽപി സ്കൂളിൽ അധ്യാപികയായിരുന്ന വസന്തകുമാരിക്ക് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും പഠന–പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കിയതും പരിഗണിച്ചായിരുന്നു പുരസ്കാരം. 

 

Content Summary : Malayali Professor at IIT Bombay Honored with National Teacher Award, Upholding Family Tradition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com