മാസ്റ്റർ ഓഫ് പ്ലാനിങ് കോഴ്സിൽ സ്വർണ്ണമെഡൽ: പഠന സാധ്യതകളെക്കുറിച്ച് റാഹേൽ അന്ന ചെറിയാൻ
Mail This Article
ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിന്റെ (എസ്പിഎ) മാസ്റ്റർ ഓഫ് പ്ലാനിങ് കോഴ്സിൽ മികച്ച വിദ്യാർഥിക്കുള്ള സ്വർണ മെഡൽ നേടിയ കൊച്ചി സ്വദേശി റാഹേൽ അന്ന ചെറിയാൻ എൻവയൺമെന്റൽ പ്ലാനിങ് രംഗത്തെ സാധ്യതകൾ വിശദീകരിക്കുന്നു.
തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ ബിആർക് പൂർത്തിയാക്കിയശേഷം 2 വർഷം ഫ്രീലാൻസറായി ജോലി ചെയ്തിരുന്ന സമയത്താണ് പ്ലാനിങ് എന്ന പഠനമേഖലയിൽ താൽപര്യമേറിയത്. നഗരവും ചുറ്റുപാടുകളും വികസനപദ്ധതികളോടു പ്രതികരിക്കുന്നതെങ്ങനെ, വിവിധ പദ്ധതികൾ വരുമ്പോഴുള്ള മാറ്റങ്ങൾ എന്തൊക്കെ എന്നിവയെല്ലാം അറിയാൻ കൗതുകമുണ്ടായി.ഐഐടികളിലും എൻഐടികളിലും ഉൾപ്പെടെ ആർക്കിടെക്ചർ മാസ്റ്റേഴ്സ് പഠനം നടത്താമെങ്കിലും പ്ലാനിങ് പഠനത്തിനു സ്ഥാപനങ്ങൾ കുറവാണ്. അതിൽ തന്നെ എൻവയൺമെന്റൽ പ്ലാനിങ്ങിൽ പഠനകേന്ദ്രങ്ങൾ വളരെ കുറവ്. ഒരു എമേർജിങ് ഫീൽഡാണിത്. ‘ഗേറ്റ്’ യോഗ്യതാപരീക്ഷയിലൂടെയാണ് ഡൽഹി എസ്പിഎയിൽ എം പ്ലാനിങ്ങിൽ പ്രവേശനം നേടിയത്.
കോഴ്സിൽ ട്രാൻസ്പോർട്ട് പ്ലാനിങ്, അർബൻ പ്ലാനിങ്, റീജനൽ പ്ലാനിങ്, ഹൗസിങ്, എൻവയൺമെന്റൽ പ്ലാനിങ് എന്നിങ്ങനെ 5 സ്പെഷലൈസേഷനുകളുണ്ട്. ആദ്യ സെമസ്റ്ററിലെ അടിസ്ഥാന പഠനം ഒരുമിച്ചാണ്. തിയറിയെക്കാൾ പ്രാക്ടിക്കലിനാണു പ്രാധാന്യം. ഓരോ സെമസ്റ്ററിലും ഒരു നിശ്ചിത വിഷയം സമഗ്രമായി പഠിച്ച് പ്രശ്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന സ്റ്റുഡിയോ ക്രമീകരിക്കണം. ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ടതായിരുന്നു ഒരു സെമസ്റ്ററിൽ ഞങ്ങളുടെ സ്റ്റുഡിയോ.
ഓരോ വികസന പദ്ധതിയും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു, എന്തു പരിഹാരമാകാം എന്നിവയെല്ലാം എൻവയൺമെന്റൽ പ്ലാനിങ്ങിൽ പഠിക്കുന്നുണ്ട്. പുതിയ പദ്ധതികൾ വരുമ്പോൾ പരിസ്ഥിതി ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുക എൻവയൺമെന്റൽ പ്ലാനിങ് പഠിച്ചവരുടെ ചുമതലയാണ്. പക്ഷേ പറഞ്ഞല്ലോ, ഇന്ത്യയിൽ ഒരു എമേർജിങ് ഫീൽഡാണിത്. അതിനാൽ തൊഴിലവസരങ്ങൾ ചുരുക്കമാണ്. എന്നാൽ പരിസ്ഥിതിയെക്കുറിച്ച് ഏറെ ആശങ്കയുള്ള കാലത്ത്, സാധ്യതകൾ അനുദിനം വർധിക്കുമെന്നു തീർച്ച.