‘കഷ്ടിച്ചു 10–ാം ക്ലാസ് വരെ പോയേക്കും’: പരിമിതികളെയും പരിഹാസങ്ങളെയും തോൽപ്പിച്ച് സർക്കാർ ജോലി നേടി മനു
Mail This Article
തിരുവനന്തപുരം / കോട്ടയം : ‘‘ഭിന്നശേഷിക്കാരനല്ലേ, പഠനം കഴിഞ്ഞാൽ ചെറിയ കടയോ മറ്റോ ഇട്ടു ജീവിക്കാനേ ഇവന് പറ്റൂ’’ എന്നു കേട്ടു കേട്ടാണ് കോട്ടയം മുണ്ടക്കയം അഞ്ഞൂറ്റിനാല് സ്വദേശി ആയ മനു ഇ.എം വളർന്നത്. പ്രായത്തിന്റേതായ കുസൃതികൾ കൂടിയായപ്പോൾ ലോട്ടറി കട ഇട്ടു ജീവിക്കേണ്ടി വരും എന്നുള്ള കുറ്റപ്പെടുത്തലുകളും ഏറെ കേൾക്കേണ്ടി വന്നു. എന്നാൽ ശാരീരിക പരിമിതിയേയുള്ളൂ സ്വപ്നങ്ങൾക്ക് പരിമിതികൾ ഇല്ല എന്നു തെളിയിക്കുന്നതായിരുന്നു മനുവിന്റെ പിന്നീടുള്ള നേട്ടങ്ങൾ.
പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിയൂവെന്ന പലരുടെയും കളിയാക്കലുകളെ മുഖവിലയ്ക്കെടുക്കാതെ മനു എത്തിച്ചേർന്നത് മലയാളത്തിൽ എം.ഫിൽ ബിരുദം വരെ. ഒപ്പം മലയാളത്തിൽ യുജിസി ജെ ആർ എഫും നേടി. അക്കാദമിക നേട്ടങ്ങളുടെ മികവിന് പൂർണത നൽകികൊണ്ട് പിഎസ്‌സി മത്സര പരീക്ഷകളിൽ ഉന്നത വിജയം. ഇപ്പോൾ വയനാട് പെരിക്കല്ലൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈ സ്‌കൂൾ വിഭാഗം മലയാളം അധ്യാപകനായി നിയമനവും ലഭിച്ചതോടെ ഒരു നാടിന്റെ അഭിമാനമാകുകയാണ് മനു ഇ.എം.
ജന്മനാ ഇരുകാൽ പാദങ്ങൾക്കും ശേഷിക്കുറവുള്ള മനു ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കി തിരുവനന്തപുരം എംജി കോളേജിൽ നിന്നാണ് മലയാളത്തിൽ ബിരുദം നേടുന്നത്. തുടർന്ന് കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും എംഫിലും കരസ്ഥമാക്കി. ഈ കാലയളവിൽ പിതാവിന്റെ അകാല വേർപാടോടെ അമ്മയുടെയും രണ്ടു സഹോദരിമാർ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം മനുവിന്റെ ചുമലിലായി. തുടർന്ന് പഠനത്തോടൊപ്പം, ഡേറ്റാ കളക്ഷൻ ജോലികളും മറ്റും ചെയ്തു വരുമാനം കണ്ടെത്തിയാണ് ആ കാലം മുന്നോട്ട് പോയത്.
കുമാരപുരം കെയുസിടി ഈ കോളേജിൽ നിന്നും ഇതിനിടയിൽ ബി.എഡും പൂർത്തിയാക്കിയാണ് മനു സ്‌കൂൾ അധ്യാപന രംഗത്തേക്ക് കടക്കുന്നത്. യുപി സ്‌കൂൾ അസിസ്റ്റന്റ് ഇടുക്കി ജില്ല, ഹൈ സ്‌കൂൾ അസിസ്റ്റന്റ് വയനാട് ജില്ല എന്നീ രണ്ടു തസ്തികകളിൽ നിയമനം ലഭിച്ചുവെങ്കിലും ഹൈ സ്‌കൂൾ അസിസ്റ്റന്റ് വയനാട് ആണ് മനു നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ജെആർഎഫ് ലഭിച്ചതോടെ മലയാളത്തിൽ ഗവേഷണം നടത്താനും തയാറെടുത്തിരിക്കുകയാണ് മനു. കാര്യവട്ടം ക്യാംപസിലെ സൗഹൃദങ്ങളും അധ്യാപകരുമാണ് തന്റെ ജീവിത വഴിയിൽ എന്നും പിന്തുണ ആയതെന്നു മനു പറയുന്നു. മനോരമ തൊഴിൽവീഥി ഉൾപ്പെടയുള്ള പ്രസിദ്ധീകരണങ്ങൾ പരീക്ഷാ തയാറെടുപ്പിനു സഹായിച്ചുവെന്നും മനു കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാർക്കുള്ള തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീം പ്ലെയർ കൂടി ആയിരുന്ന മനു നല്ലൊരു യാത്രികൻ കൂടിയാണ്. ഇതിനോടകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര പൂർത്തിയാക്കിയ അനുഭവവും മനുവിനുണ്ട്. ഏറെ സഞ്ചാര സാധ്യതകൾ ഉള്ള വയനാട് ജില്ലയിൽ തന്നെ അധ്യാപകനായി നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മനു ഇപ്പോൾ. അമ്മ മോളമ്മ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ദിവസവേതനക്കാരിയായി ജോലി നോക്കുകയാണ്. ഇളയ സഹോദരിമാരിലൊരാളായ മീനു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി മീനാക്ഷി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്.