ADVERTISEMENT

‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’.. രജനീപ്പടത്തിലെ ഈ മാസ് ഡയലോഗിനു യോജിച്ച ഒന്നാണ് റാൻസി ഖാദറിന്റെ പിഎസ്‌സി വിജയചിത്രം. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ എറണാകുളം ജില്ലയിലെ എൽഡിസി ഒന്നാം റാങ്കുകാരിയാണു റാൻസി. ആദ്യമായെഴുതിയ പിഎസ്‌സി പരീക്ഷയിലാണ് ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ മറികടന്ന് റാൻസി ഒന്നാമതായത്. വിവാഹം കഴിഞ്ഞു മൂന്നു കുട്ടികളുടെ മാതാവുമായ ശേഷമാണു റാൻസി എൽഡിസി എന്ന സ്വപ്നത്തിലേക്ക് ഇറങ്ങിച്ചെന്നത്. പിഎസ്‌സി തയാറെടുപ്പിനു തുടക്കം കുറിക്കുന്നവർക്കും പഠനത്തിന്റെ ബാല്യംകഴിഞ്ഞുപോയെന്ന ആശങ്കയുടെ നിഴലിൽ തയാറെടുക്കുന്നവർക്കും ഒരുപോലെ പ്രചോദനമാകുന്നതാണ് 10 വർഷം നീണ്ട ഇടവേളയെ മറികടന്ന റാൻസിയുടെ വിജയകഥ. എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ക്ലാർക്കായ കാക്കനാട് പൂക്കാട്ടുപടി സ്വദേശി റാൻസി ഖാദറിന്റെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

ടേണിങ് പോയിന്റ്
ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി 10 വർഷത്തോളം ജോലിക്കൊന്നും പോകാതെ വീട്ടമ്മയുടെ റോളിലായിരുന്നു. സുഹൃത്തുക്കൾക്കെല്ലാം ജോലിയുണ്ട്. ബിഎഡ് നേടി അധ്യാപികയായാലോ എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷേ, അധ്യാപികയായ ബന്ധു എൽഡിസിക്കു ശ്രമിക്കാൻ ഉപദേശിച്ചു. അങ്ങനെ, പിഎസ്‌സി പരീക്ഷ എങ്ങനെയാണെന്നുപോലും അറിയാതെ രണ്ടും കൽപിച്ച് ആ വഴിക്കു നീങ്ങി. മൻസൂർ അലി കാപ്പുങ്ങലിന്റെ ഒരു വിഡിയോയാണ് ആദ്യം കണ്ടത്. അതുകണ്ട് ഒരുപാട് ഇഷ്ടം തോന്നി. അതോടെയാണ് എൽഡിസി പരീക്ഷയ്ക്ക് ഗൗരവത്തോടെ പഠിച്ചുതുടങ്ങിയത്. ദേശീയ സോഫ്റ്റ്‌ബോൾ താരമെന്ന നിലയ്ക്കു ലഭിക്കുന്ന വെയ്റ്റേജ് മാർക്കും ധൈര്യത്തോടെ മുന്നോട്ടുപോകാൻ പ്രചോദനമായി.

മൈ സ്ട്രാറ്റജി
മാതൃകാ ചോദ്യ പേപ്പറുകൾ ശേഖരിക്കുകയായിരുന്നു തയാറെടുപ്പിന്റെ ആദ്യപടി. എന്താണു പരീക്ഷ, എങ്ങനെയാണു ചോദ്യങ്ങൾ, എന്തെല്ലാമാണു പഠിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ അതുവഴിധാരണയുണ്ടായി. മൻസൂർ അലി കാപ്പുങ്ങൽ നിർദേശിച്ച ടൈംടേബിൾ അനുസരിച്ചായിരുന്നു പഠനം. തുടക്കത്തിലെ കോച്ചിങ് ക്ലാസുകൾക്കൊന്നും പോകാൻ സമയം കിട്ടിയില്ല. ഇടയ്ക്കൊന്നു പോകാൻ തുടങ്ങിയപ്പോൾ കോവിഡ് കാരണം മുടങ്ങി. ഒരു വർഷത്തോളം സ്വന്തം പഠനവും ഗ്രൂപ്പ് സ്റ്റഡിയും. ചോദ്യോത്തരങ്ങളും സ്റ്റഡിനോട്ടുകളും കറന്റ് അഫയേഴ്സുമെല്ലാം റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ കൈമാറിയായിരുന്നു പഠനക്കൂട്ട്. അടുക്കളയിലും വീട്ടുജോലികൾക്കി ടയിലും ഹെഡ്‌സെറ്റ് വച്ചായിരുന്നു പഠനം. റിവിഷന്റെ കാര്യത്തിലും വിട്ടുവീഴ്ച വരുത്തിയില്ല.

കീ ടു സക്സ‌സ്
സിലബസിലെ കോർ സബ്ജക്ടുകളായ ഇംഗ്ലിഷ്, കണക്ക്, മലയാളം എന്നിവ നന്നായി പഠിച്ചെടുത്തതാണ് ഏറ്റവും ഗുണം ചെയ്തത്. ഇതിൽനിന്നു പരമാവധി മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. എൽഡിസി ചോദ്യരീതി സംബന്ധിച്ചു നല്ല ധാരണ ഉണ്ടാക്കാനായത് പഠനം എളുപ്പമാക്കി. എൻസിഇആർടി, എസ്സിഇആർടി പാഠപുസ്തകങ്ങൾ നന്നായി ഫോളോ ചെയ്തതു നിർണായകമായി. തൊഴിൽവീഥിയിലേത് ഉൾപ്പെടെയുള്ള മോക് ടെസ്റ്റുകൾ ചെയ്തു പരിശീലിച്ചതും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിച്ചു.

ഗെറ്റ് റെഡി
നന്നായി കഷ്ടപ്പെട്ടാലേ പിഎസ്സി പരീക്ഷകളിൽ വിജയം നേടാനാകൂ. എത്ര കഠിനമായി അധ്വാനിക്കുന്നുവോ അത്രയും വേഗം വിജയം തേടിവരും. പഠനത്തെയും ലക്ഷ്യത്തെയും ബാധിക്കുന്ന മറ്റെല്ലാം ത്യജിച്ചിട്ട് പഠിക്കാൻ ഇറങ്ങുക. പിഎസ്‌സി പരീക്ഷാരീതികൾ നന്നായി മനസ്സിലാക്കിയശേഷം തയാറെടുക്കുക. സിലബസ് അറിഞ്ഞു  പഠിക്കണം. കോർ സബ്ജക്ടുകൾ ആഴത്തിൽ ആദ്യമേ പഠിച്ചെടുക്കുക. പിഎസ്‌സിക്കു പഠിക്കുകയാണെന്ന വിവരം കഴിവതും പുറത്താരോടും പറയാതെ ഇരിക്കുന്നതാകും നല്ലത്. പഠനം പാട്ടാക്കിയാൽ റാങ്ക് ലിസ്റ്റിൽ വന്നോ ജോലിയായോ എന്ന അന്വേഷണമാകും പരക്കെ. ഇത് മനസ്സു മടുപ്പിക്കും.

സക്‌സസ് മന്ത്ര
ഇത്തവണ എൽഡിസി പരീക്ഷയ്ക്കു പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളില്ല. ഒരേയൊരു പരീക്ഷ മാത്രം. നന്നായി തയാറെടുത്തു പരീക്ഷയിൽ തിളങ്ങിയാൽ പെട്ടെന്നുതന്നെ ജോലിക്കു കയറാം. ആദ്യ ചാൻസിൽ നിയമനം ലക്ഷ്യമിട്ട് പരീക്ഷയ്ക്ക് ഒരുങ്ങുക. എത്രത്തോളം പഠിച്ചു എന്നതിലല്ല കാര്യം. പിഎസ്‌സി പരീക്ഷ ഭാഗ്യപരീക്ഷണം കൂടിയാണ്. പരീക്ഷാഹാളിൽ ടെൻഷനൊന്നുമില്ലാതെ ആത്മവിശ്വാസത്തോടെ ‘പെർഫോം’ ചെയ്യുക പ്രധാനമാണ്. ഇഷ്ടവും അനായാസവുമായ വിഷയങ്ങളിലെ ചോദ്യങ്ങൾ ആദ്യം ‘സോൾവ്’ ചെയ്യാൻ ശ്രമിക്കാം. ആലോചനകളിലൂടെയുള്ള സമയനഷ്ടം ഒഴിവാക്കാമെന്നതു മാത്രമല്ല, പോസിറ്റീവ് ആയി പരീക്ഷയെ നേരിടാനും ഇതു സഹായിക്കും. 

Content Summary:

From Homemaker to Top Ranker: Ransi Khader's Remarkable Journey to Ace the PSC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com