17 വർഷം കരസേനയിൽ; പഠനത്തിലെ പട്ടാളച്ചിട്ടകൊണ്ട് പിഎസ്‌സി പരീക്ഷകളിൽ ഒന്നാം റാങ്ക് നേടി രാഗേഷ്
Mail This Article
പഠനവുമായുള്ള ‘ടച്ച്’ വിട്ടിട്ടു വർഷങ്ങളായി, ഇനി എങ്ങനെ പഠിക്കുമെന്നു ആശങ്കപ്പെടുന്നവർ തീർച്ചയായും പരിചയപ്പെടേണ്ട ആളാണ് എൻ.രാഗേഷ് കുമാർ. കരസേനയിൽ 17 വർഷം സേവനത്തിനു ശേഷമാണ് കോഴിക്കോട് അയിനിക്കാട് സ്വദേശി രാഗേഷ് പിഎസ്‌സിയുടെ ദൗത്യം ആരംഭിച്ചത്. വില്ലേജ്ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ കാസർകോട് ജില്ലയിലെ ഒന്നാം റാങ്ക് നേടിയ രാഗേഷ്, കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ്ഗ്രേഡ് സെർവന്റ് പരീക്ഷയിൽ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പിന്നിലാക്കി സംസ്ഥാ നതലത്തിലെ ഒന്നാം റാങ്കിന്റെയും അവകാശിയാണ്. ഇപ്പോൾ കൊയിലാണ്ടി പോസ്റ്റ് ഒാഫിസിൽ അസിസ്റ്റന്റാണ് രാഗേഷ്.
ബാക്ക് ടു ടെക്സ്റ്റ് ബുക്
കരസേനക്കാലത്തിനു ശേഷം 2020 മേയിൽ നാട്ടിലെത്തിയപ്പോൾ സർക്കാർ ജോലി നേടി ജീവിതം സുരക്ഷിതമാക്കണ മെന്നായിരുന്നു രാഗേഷിന്റെ ആഗ്രഹം. അങ്ങനെയാണ് പിഎസ്‌സി പരീക്ഷയെഴുതാൻ തീരുമാനിച്ചത് സ്വന്തം നിലയ്ക്കായിരുന്നു തയാറെടുപ്പ്. എൽഡി ക്ലാർക്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ, ഫീൽഡ് വർക്കർ പരീക്ഷകൾ ലക്ഷ്യമിട്ടായിരുന്നു രാഗേഷിന്റെ ‘മിഷൻ പിഎസ്‌സി’. പഴയ റാങ്ക് ഫയലുകൾ മനഃപാഠമാക്കി പഠനം തുടങ്ങിയെങ്കിലും പരീക്ഷയുടെ പാറ്റേൺ പൊടുന്നനെ മാറിയത് ആത്മവിശ്വാസം നഷ്ടപ്പെടുത്തി. പുതിയ പാറ്റേണിൽ നടന്ന പരീക്ഷയിൽ പഴയ പഠനം കൊണ്ടു വിജയം നേടാനായില്ല. ഏറെ പ്രതീക്ഷയോടെ എഴുതിയ പരീക്ഷകളുടെ ലിസ്റ്റിൽപോലും ഇടം കിട്ടായതോടെ ‘യുദ്ധതന്ത്രം’ മാറ്റി രാഗേഷ് വീണ്ടും കളത്തിലിറങ്ങി. പിഎസ്‌സി പരീക്ഷയിലെ താരം എസ്‌സിഇആർടി പുസ്തകങ്ങളാണെന്നു മനസ്സിലാകയതോടെ പാഠപുസ്തകങ്ങളായി രാഗേഷിന്റെ ‘പഠനായുധം’. സ്കൂൾ പാഠപുസ്തകങ്ങൾ പൊടിതട്ടിയെടുത്ത് അതിലെ ഓരോ പാഠവും നോട്ടുകളെഴുതി പഠിക്കാൻ തുടങ്ങിയതോടെ ആത്മവിശ്വാസം തിരികെവന്നു. പഠനത്തിന്റെ പട്ടാളച്ചിട്ട പഠനം ഉഷാറാക്കാൻ പിഎസ്‌സി കോച്ചിങ്ങിനും ചേർന്നു. സിലബസിലെ പുതിയ വിഷയങ്ങൾ പഠിക്കാനും സമയം കണ്ടെത്തി. കേരള ഭരണസംവിധാനം, ഭരണഘടന, സുപ്രധാന നിയമങ്ങൾ തുടങ്ങിയ ‘കടുകട്ടി’ വിഷയങ്ങൾ എത്ര പഠിച്ചിട്ടും തലയിൽ കയറുന്നില്ലെന്നു തോന്നിയപ്പോൾ സഹായമായത് പ്രദീപ് മുഖത്തലയുടെ ഓൺലൈൻ ക്ലാസുകളാണ്.
തണ്ണീർത്തടം, നെൽവയൽ സംരക്ഷണം തുടങ്ങി ഓരോ വിഷയത്തിനും നോട്ടുകളെഴുതിപ്പഠിച്ചു. ആഴ്ചയിൽ ഒരു ദിവസം റിവിഷനു മാറ്റിവച്ചു. സേനയിലെ കർക്കശ രീതി പിഎസ്‌സി പരിശീലനത്തിന് അടുക്കും ചിട്ടയും നൽകി. സിലബസ് പൂർണമായി വായിച്ചെത്തുംവിധം ടൈം ടേബിൾ തയാറാക്കി. പഠനത്തോടു മടുപ്പ് ഇല്ലാതാക്കാൻ എല്ലാ ദിവസവും എല്ലാവിഷയവും പഠിക്കുന്ന രീതി സ്വീകരിച്ചു. പ്രയാസമുള്ള വിഷയങ്ങൾക്ക് അധികസമയം നീക്കിവച്ചു. മറ്റു ജോലിക്കൊന്നും പോകാതെ മുഴുവൻ സമയ പഠനമായതിനാൽ ഇടയ്ക്ക് സ്വയം ‘കൂൾ ഓഫ് ടൈമും’ കണ്ടെത്തി. എത്ര വായിച്ചിട്ടും ഓർമയിൽ നിൽക്കാത്ത ചോദ്യോത്തരങ്ങൾ ബുക്കിൽ കുറിച്ചുവച്ചു. പരീക്ഷ അടുത്തപ്പോൾ ഇത് ആവർത്തിച്ചു വായിച്ചു. ഉറക്കെ വേഗത്തിൽ വായിച്ചുപഠിച്ചത് ഏറെ പ്രയോജനപ്പെട്ടു. മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിയാതിരിക്കാൻ ഉച്ചത്തിൽ വായന സഹായകമായി. റാങ്ക് നേട്ടത്തിനു സഹായിച്ചത് പഠനത്തിന്റെ ഈ ‘മിലിറ്ററി സ്റ്റൈൽ’ തന്നെയാണെന്നു രാഗേഷ് പറയുന്നു.
റാങ്കുകൾ തുടർക്കഥ
പിഎസ്‌സി പരീക്ഷയുടെ കാലതാമസവും പ്രിലിമിനറി, മെയിൻസ് പരീക്ഷകളുടെ അനിശ്ചിതത്വവും കാരണം എസ്എസ്‌സി പരീക്ഷയ്ക്കു വേണ്ടിയും രാഗേഷ് തയാറെടുപ്പു നടത്തി. മെന്റൽ എബിലിറ്റി, റീസണിങ്, മാത്സ് ചോദ്യങ്ങൾക്കു പ്രത്യേകം പരിശീലനം നേടിയത് എസ്എസ്‌സി പരീക്ഷകളിൽ ഉയർന്ന സ്കോർ നേടാനും മത്സരപ്പരീക്ഷകളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിച്ചു. സിപിഒ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, പ്രിസൺ ഓഫിസർ തസ്തികകളുടെ ഷോർട്‌ലിസ്റ്റിൽ ഇടം ലഭിച്ചെങ്കിലും യൂണിഫോം തസ്തികയോടു വീണ്ടും താൽപര്യമില്ലാത്ത തിനാൽ ഫിസിക്കൽ ടെസ്റ്റിൽനിന്നു പിന്മാറി. ബവ്കോ എൽഡിസി, കമ്പനി/കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് ലിസ്റ്റുകളിലും രാഗേഷ് ഉൾപ്പെട്ടിട്ടുണ്ട്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകളിൽ ഒന്നാമനായിട്ടും ഡിലീഷൻ നൽകി നിലവിലെ പോസ്റ്റൽ അസിസ്റ്റന്റ് ജോലിയിൽ തുടരാനാണു തീരുമാനം. ഭാര്യ പ്രതിഷ വടകര കോഒാപ്പറേറ്റീവ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്.ഏക മകൾ വേദലക്ഷ്മി യുകെജി വിദ്യാർഥിനി.