ADVERTISEMENT

എൻജിനീയറിങ് ബിരുദവും നേടി ചെന്നൈയിലേക്കു വണ്ടി കയറുമ്പോൾ എല്ലാ ചെറുപ്പക്കാരെയും പോലെ മാത്യു ആന്റണിയും സ്വപ്നം കണ്ടതു വൈറ്റ് കോളർ ഉദ്യോഗത്തിന്റെ നിറപ്പകിട്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിയുടെ തിരക്കും സമ്മർദവും ഒപ്പം അനിശ്ചിതത്വവും കാരണം ആ സ്വപ്നം ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ ആയപ്പോൾ മാത്യു സർക്കാർ സർവീസിൽ നിന്നു വിരമിച്ച അച്ഛന്റെ വാക്കുകൾ ഓർത്തെടുത്തു. ‘പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടേയുള്ളൂ. സർക്കാർ ജോലിയിൽ കയറിപ്പറ്റിയാൽ പിന്നെ ജീവിതം സുരക്ഷിതമാണ്.’

അച്ഛന്റെ ആ വാക്കുകളുടെ പ്രചോദന ത്തിൽ പിഎസ്‌സി പരീക്ഷയുടെ ‘മെക്കാനിസം’ തേടിയിറങ്ങിയ മാത്യു ആന്റണി ഇപ്പോൾ ഒരുപിടി റാങ്കുകളുടെ ഉടമയാണ്. നാലു വർഷത്തെ പിഎസ്‌സി പരിശീലനത്തിനിടയിൽ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് പരീക്ഷയിൽ മാർക്ക് അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് നേടിയ മാത്യുവിനു ബവ്കോയിലെയും കമ്പനി, കോർപറേഷൻ, ബോർഡുകളിലെയും അസിസ്റ്റന്റ് പരീക്ഷകളിൽ നാലാം റാങ്കുമുണ്ട്. ഹൈക്കോടതി അസിസ്റ്റന്റ്, എൽഡി ക്ലാർക്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയർന്ന റാങ്ക് സ്വന്തമാക്കിയ ഈ പേരാമ്പ്ര ചക്കിട്ടപ്പാറ സ്വദേശി ഇപ്പോൾ കോഴിക്കോട് താമരശ്ശേരിയിൽ ലീഗൽ മെട്രോളജി വിഭാഗം എൽഡി ക്ലാർക്കാണ്.

ലോക് ഡൗണിലെ‘സ്റ്റഡി പോസിറ്റീവ്’
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടി കൊച്ചിയിലും ചെന്നൈയിലും കുറച്ചുകാലം ജോലി ചെയ്തതിനു ശേഷമാണ് മാത്യു പിഎസ്‌സിക്കു ‘ഹരിശ്രീ’ കുറിച്ചത്. കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായ സഹോദരീഭർത്താവിന്റെ നിർദേശപ്രകാരം പേരാമ്പ്ര സിസിഎംവൈ കോച്ചിങ് സെന്ററിൽ ചേർന്നു. പഠനം തുടങ്ങിയതിനു പിന്നാലെ കോവിഡ്  വന്നു. ലോക്ഡൗൺ നാളുകളിൽ സെൽഫ് സ്റ്റഡിയായി ആശ്രയം. ഇടയ്ക്കു മൂന്നു കൂട്ടുകാർക്കൊപ്പം ഫോൺ–ഇൻ ആയി കംബൈൻഡ് സ്റ്റഡിയും നടത്തി. പക്ഷേ, എൻജിനീയറിങ് കരിയർ ഉപേക്ഷിച്ചു പിഎസ്‌സിയുടെ പേരും പറഞ്ഞ് വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നതു കണ്ട് മറ്റുള്ളവരുടെ നെറ്റിചുളിഞ്ഞു. അതോടെ പേരാമ്പ്ര ടോപ്പേഴ്സ് കോച്ചിങ് സെന്ററിൽ ഓൺലൈൻ പഠനത്തിനു ചേർന്നു. ടോപ്പേഴ്സിലെ ബിൻസിൻ മാഷിന്റെയും ഷിബിൻ മാഷിന്റെയും നേതൃത്വത്തിൽ നടന്ന ക്ലാസുകളിൽ മുൻവർഷ ചോദ്യങ്ങൾ മനസ്സിലാക്കിയതോടെ പരീക്ഷ സംബന്ധിച്ചു നല്ല ധാരണയുണ്ടായി. ഒട്ടേറെ മാതൃകാ പരീക്ഷകൾക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി സിലബസ് ഏറെക്കുറെ പൂർണമായും പഠിച്ചുതീർത്തു. പിഎസ്‌സി പരീക്ഷകൾ അനിശ്ചിതമായി വൈകിയതും മാത്യുവിനെ നിരാശ പ്പെടുത്തിയില്ല. കൃത്യമായ ടൈംടേബിൾ തയാറാക്കി സിലബസ് മുഴുവൻ പഠിച്ചുതീർക്കാനാണ് ആ കാത്തിരിപ്പുദിന ങ്ങൾ ഉപയോഗിച്ചത്. പല തവണ റിവിഷൻ നടത്തുകയും ചെയ്തു. പരീക്ഷാപ്പേടി ഒഴിവാക്കാൻ ദിവസവും ഒരു മോക്ടെസ്റ്റ് എഴുതിയതു ടൈം മാനേജ്മെന്റിനും എക്സാം സ്ട്രെസ് കുറയ്ക്കാനും സഹായകമായെന്നു മാത്യു പറയുന്നു. ഓരോ വിഷയത്തിനും പ്രത്യേകം മാതൃകാചോദ്യങ്ങൾ കണ്ടെത്തി ഉത്തരമെഴുതി പരിശീലിച്ചതും തുടർവിജയങ്ങൾക്കു ഗുണം ചെയ്തു.

‘‘പിഎസ്‌സി പരീക്ഷാപരിശീലനം ഒരു മാരത്തൺഓട്ടം പോലെയാണ്. സ്വന്തം ലക്ഷ്യസ്ഥാനവും ട്രാക്കും ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. പിഎസ്‌സി പരീക്ഷയുടെ പാറ്റേണും സിലബസും നന്നായി മനസ്സിലാക്കി പഠനം തുടങ്ങണം. ആഴത്തിൽ പഠിച്ചാൽ ഏതു പാറ്റേണിലുമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാം. വെറുതെ പഠിച്ചാൽ പോരാ, റിവിഷനും മോക് ടെസ്റ്റും പ്രധാനമാണ്. ഓർമിക്കാൻ പ്രയാസമുള്ള പാഠഭാഗങ്ങൾക്ക് നോട്ടുകൾ തയാറാക്കാം. കണക്കുകൾ ചെയ്തുപഠിക്കാം. കറന്റ് അഫയേഴ്സ് ചോദ്യങ്ങളിൽ സ്കോർ ചെയ്യാൻ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ‘അപ്ഡേറ്റഡ്’ആയിരിക്കണം. ഫിനിഷിങ് പോയിന്റ് സ്വപ്നം കണ്ട് ഓടിയാൽക്ഷീണമറിയില്ലെന്നു പറയുംപോലെ, ആഗ്രഹിക്കുന്ന സർക്കാർ ജോലി സ്വപ്നം കണ്ടു പഠിച്ചാൽ ഒരിക്കലും പരിശീലനം മടുപ്പാവില്ല’’.

മാത്യു ആന്റണി. ചിത്രത്തിന് കടപ്പാട് : തൊഴിൽവീഥി

‘കറന്റ്’ ആയ പരിശീലനം; അപ്ഡേറ്റഡ് പഠനവും
മൻസൂർ അലി കാപ്പുങ്ങലിന്റെ പരിശീലന ക്ലാസുകൾ പിഎസ്‌സി തയാറെടുപ്പിനു കരുത്തുറ്റ അടിത്തറയൊരുക്കി യെന്നാണു മാത്യുവിന്റെ പക്ഷം. പരീക്ഷകളിലെ ‘മാർക്ക് ഗാരന്റി’യുള്ള വിഷയങ്ങളായ മലയാളവും ഇംഗ്ലിഷും കണക്കും പഠിച്ചെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ വിഷയങ്ങളിൽ പരമാവധി സ്കോർ ഉറപ്പാക്കിയാൽ മാത്രമേ റാങ്ക്‌ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിയൂവെന്നാണു പരീക്ഷയെഴുതു ന്നവരോടു മാത്യുവിനു പറയാനുള്ളത്. സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങ ൾക്കൊപ്പം കറന്റ് അഫയേഴ്സ് കൂടി കൈപ്പിടിയിലാക്കിയാൽ റാങ്ക് നേട്ടത്തോടെ ലിസ്റ്റുകളിൽ ഇടംനേടാം. സിലബസ് ചിട്ടയോടെ പഠിച്ചെങ്കിലും കറന്റ് അഫയേഴ്സ് മാത്യുവിനു കല്ലുകടി തോന്നിയ വിഷയമായി. അതു മറികടന്നതു പത്രവായന ശീലമാക്കിയാണ്.  വായനയ്ക്കൊപ്പം കുറിപ്പുകൾ തയാറാക്കി യതും കൂട്ടുകാർക്കൊപ്പം അതു പങ്കുവച്ചതും കറന്റ് അഫയേഴ്സിൽ ഉയർന്ന നിലവാരത്തി ലെത്താൻ മാത്യുവിനെ സഹായിച്ചിട്ടുണ്ട്. കംബൈൻഡ് സ്റ്റഡിക്കിടയിൽ എല്ലാവരും അവരവർക്കു കിട്ടുന്ന ആനുകാലിക വിവരങ്ങൾ പങ്കുവച്ചു. പരസ്പരം ഉത്തരം മുട്ടിക്കാനായി ചോദിക്കുന്ന ആ ചോദ്യങ്ങൾ ഓരോരുത്തർക്കും പുതിയ അറിവുകളായി മാറി. കാലിക്കറ്റ് സർവകലാശാലയിൽ ഓഡിറ്റ് വിഭാഗത്തിൽ ഒഎ ആയിട്ടായിരുന്നു മാത്യുവിന്റെ ആദ്യ നിയമനം.

English Summary:

From Engineering Despair to Government Service Success: Matthew Antony's Inspiring Journey to PSC Triumph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com