11–ാം ക്ലാസിൽ പരാജയപ്പെട്ടു; വാശിയോടെ പഠിച്ച് ഡെപ്യൂട്ടി കലക്ടറായി പ്രിയാൽ
Mail This Article
പത്താം ക്ലാസ് വരെ ക്ലാസിൽ ഒന്നാമതായി പഠിച്ച വിദ്യാർഥിനിയായിരുന്നു പ്രിയാൽ. എന്നാൽ ബന്ധുക്കളുടെ നിർബന്ധത്തോട് നോ പറയാൻ പറ്റാതെ പോയതോടെ അവളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇഷ്ടമില്ലാതിരുന്നിട്ടുകൂടി പതിനൊന്നാം ക്ലാസിൽ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി സയൻസ് സ്ട്രീം എടുത്തു പഠിക്കേണ്ടി വന്നു. അന്നോളം വിജയങ്ങളുടെ രാജകുമാരിയായിരുന്ന അവൾ അന്ന് ആദ്യമായി പരാജയത്തിന്റെ കയ്പു നീരറിഞ്ഞു. പതിനൊന്നാം ക്ലാസിൽ ഫിസിക്സിന് അവൾ പരാജയപ്പെട്ടു.
ജീവിതത്തിലെ ആദ്യത്തെയും അവസാനത്തേയും തോൽവിയായിരിക്കുമതെന്ന് പ്രിയാൽ ശപഥം ചെയ്തു. കൂടുതൽ വാശിയോടെ അവൾ പഠിച്ചു മുന്നേറി. 2019 ൽ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ 19–ാം റാങ്ക് നേടി ഡിസ്ട്രിക് റജിസ്ട്രാറായി ചാർജെടുത്തു. 2020 ൽ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണർ പരീക്ഷയിൽ പ്രിയാൽ 34–ാം റാങ്കോടെ വീണ്ടും നേട്ടം കൊയ്തു. 2021ൽ എഴുതിയ മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ആറാം റാങ്കോടെയാണ് പ്രിയാൽ ഡെപ്യൂട്ടി കലക്ടറായത്. സംവരണവുമായി ബന്ധപ്പെട്ട കേസിനോടനുബന്ധിച്ച കോടതി ഉത്തരവിൽ കാലതാമസം വന്നതിനാലാണ് ഈ തസ്തികയിൽ നിയമനം വൈകിയത്.
കർഷകനാണ് പ്രിയാലിന്റെ അച്ഛൻ, അമ്മ വീട്ടമ്മയും. പെൺകുട്ടികൾ ചെറിയ പ്രായത്തിൽത്തന്നെ വിവാഹിതരാകുന്നത് പതിവായ ഗ്രാമത്തിൽ ജനിച്ചിട്ടും സ്വപ്നങ്ങളുടെ പിറകേ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അച്ഛനമ്മമാർ തന്നിട്ടുണ്ടെന്നും യുപിഎസ്‌സി പരീക്ഷയെഴുതി അതിലൂടെ ഐഎഎസ് ഓഫിസറാകാനാണ് മോഹമെന്നും പ്രിയാൽ പറയുന്നു. ഡെപ്യൂട്ടി കലക്ടർ ചുമതലയ്ക്കൊപ്പം തന്നെ പരിശീലനം തുടർന്ന് യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കാനാണ് തീരുമാനമെന്നും ഇരുപത്തിയേഴുകാരിയായ പ്രിയാൽ കൂട്ടിച്ചേർത്തു.