ADVERTISEMENT

കോവിഡ് മഹാമാരിക്കാലത്തു ലോകം മുഴുവൻ അടച്ചുപൂട്ടി വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ റീനു ഒരു പിഎസ്‌സി റാങ്ക് ഫയലുമായി വായനയുടെ വിശാലലോകം തുറന്നുവച്ചു. ഒറ്റയ്ക്കു പഠിച്ചു മടുത്തതോടെ കംബൈൻഡ് സ്റ്റഡിക്കു കൂട്ടുകാരെ തേടി. കിട്ടാതെയായപ്പോൾ സ്വന്തം നാത്തൂനെ സഹപാഠിയാക്കി കൂട്ടുവിളിച്ചു. ആ കൂട്ടുകെട്ട് ‘പോസിറ്റീവ്’ ആയതോടെ വീട്ടിൽ പഠനത്തിന്റെ ചൂടും പടർന്നു പിടിച്ചു. പാഠഭാഗങ്ങൾ വേഗം വായിച്ചുതീർക്കുന്നതിലും മാതൃകാ പരീക്ഷകൾക്ക് ഉത്തരമെഴുതി സ്കോർ ചെയ്യുന്നതിലുമായി ‘നാത്തൂൻപോര്’. രണ്ടു പേരും വാശിയോടെ കട്ടയ്ക്കു നിന്ന ആ പോര് വെറുതെയായില്ല, യുപിഎസ്എ പരീക്ഷയിൽ 3–ാം റാങ്ക്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പരീക്ഷയിൽ 49–ാം റാങ്ക് എന്നിങ്ങനെ മികവാർന്ന നേട്ടങ്ങൾ കൊയ്ത റീനു എൽഡിസി,യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷകളിലും മിന്നുന്ന വിജയം കൊയ്തു. രണ്ടു വർഷമായി കാലിക്കറ്റ് സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റാണ് കോഴിക്കോട് വടകര സ്വദേശിയായ റീനു രവീന്ദ്രൻ.

ആറു മാസം പഠനം; ആദ്യ ലിസ്റ്റിൽ ജോലി
ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും പൂർത്തിയാക്കിയ ശേഷം 2 വർഷമായി ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു റീനു. അധ്യാപന ജോലി ആസ്വദിക്കുമ്പോഴും താൽക്കാലിക നിയമനത്തിന്റെ അനിശ്ചിതത്വം ആശങ്കപ്പെടുത്തിയിരുന്നു. റീനുവും അമ്മയും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെയുള്ള വരുമാനം അച്ഛന്റെ തയ്യൽ ജോലിയിൽ നിന്നായിരുന്നു. സാമ്പത്തികമായി പ്രയാസപ്പെട്ട ആ നാളുകളിലാണ്, മക്കൾ സ്ഥിര വരുമാനമുള്ള ഏതെങ്കിലും സർക്കാർ ജോലി നേടണമെന്ന സ്വപ്നം ആ അച്ഛനും അമ്മയും തുന്നിത്തുടങ്ങിയത്. വിവാഹം കഴിഞ്ഞു പേരാമ്പ്രയിൽ എത്തിയതോടെ ടോപ്പേഴ്സ് എന്ന പിഎസ്‌സി കോച്ചിങ് സെന്ററിൽ ചേർന്നതാണു വഴിത്തിരിവായത്. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ശരത്തും വീട്ടുകാരും റീനുവിന്റെ പിഎസ്‌സി പഠനത്തിനു പിന്തുണയേകി. 2019ന്റെ തുടക്കത്തിൽ ആരംഭിച്ച ചിട്ടയായ പഠനം 

6 മാസമായപ്പോഴേക്കും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം വന്നു. 2017ൽ തയാറെടുപ്പുകളൊന്നും നടത്താതെയെഴുതിയ എൽഡിസി പരീക്ഷയുടെ അനുഭവവും കോച്ചിങ് സെന്ററിലെ പരിശീലനത്തിന്റെ ആത്മവിശ്വാസ വും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് ഇന്ധനമായി. വിജ്ഞാപനം വന്നതോടെ പഠനം കൂടുതൽ ഫോക്കസ്ഡ് ആക്കിയ റീനു ദിവസവും മണിക്കൂറുകളോളം പരിശീലനത്തിനു മാത്രമായി നീക്കിവച്ചു. ഉച്ചവരെ കോച്ചിങ് സെന്ററിലെ പഠനവും അതിനു ശേഷം ദിവസേന ഓരോ മാതൃകാ പരീക്ഷയും എന്നതായിരുന്നു റീനുവിന്റെ രീതി. രാത്രി എട്ടിനു തുടങ്ങുന്ന വീട്ടിലെ പഠനം അർധരാത്രി പിന്നിട്ടും തുടർന്നു. മാതൃകാ പരീക്ഷകൾ നിരന്തരം എഴുതിയുള്ള പരിശീലനം പരീക്ഷയ്ക്കു വേണ്ട ടൈം മാനേജ്മെന്റിന് ഏറെ സഹായകമായി.

നെഗറ്റീവിൽ വീഴരുത്
ആറു മാസത്തെ പഠനം കൊണ്ടു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ലിസ്റ്റിൽ മികച്ച റാങ്കിലെത്താൻ കഴിഞ്ഞത് ആത്മവിശ്വാസം ഇരട്ടിയാക്കി. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരമെഴുതാൻ കഴിഞ്ഞില്ലെങ്കിലും തെറ്റുത്തരങ്ങൾ പരമാവധി എഴുതാതിരിക്കുക എന്നതായിരുന്നു റീനുവിന്റെ എക്സാം ട്രിക്ക്. എത്ര ശരിയുത്തരങ്ങളെഴുതിയാലും തെറ്റുത്തരങ്ങൾ വഴിയുണ്ടാകുന്ന നെഗറ്റീവ് മാർക്ക് മികച്ച റാങ്കിലേക്കുള്ള വഴി അടയ്ക്കുമെന്നതിനാൽ പരീക്ഷയിൽ കറക്കിക്കുത്തൽ വേണ്ടെന്നാണു റീനുവിന്റെ പക്ഷം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു തയാറെടുക്കാൻ 6മാസം മാത്രമേ ഉണ്ടായിരുന്നുള്ളു വെന്നതിനാൽ വളരെ ഫോക്കസ്ഡ് ആയ പഠനമായിരുന്നു. എന്നാൽ തുടർന്നുവന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, യുപിഎസ്എ പരീക്ഷകൾക്കു മറ്റൊരു സ്ട്രാറ്റജിയാണു റീനു സ്വീകരിച്ചത്. തയാറെടുപ്പിനു വേണ്ടത്ര സമയം ലഭിച്ചതിനാൽ വളരെ സമഗ്രമായാണു പഠിച്ചത്. ചോദ്യോത്തരങ്ങൾ മാത്രം വായിച്ചു

‘‘എല്ലാവരും പഠിക്കുന്നതുപോലെ പഠിച്ചാൽ ചിലപ്പോൾ റാങ്ക്‌ലിസ്റ്റിൽ കയറിപ്പറ്റാൻ കഴിഞ്ഞേക്കാം, പക്ഷേ നിയമനം ലഭിക്കണമെന്നില്ല. ഏതു കോച്ചിങ് സെന്ററിൽ പഠിച്ചാലും ഏതു പരീക്ഷാ സഹായികൾ മനഃപാഠമാക്കിയാലും നമ്മൾ ഓരോരുത്തരും ചെയ്യേണ്ട ഒരു എക്സ്ട്രാ എഫർട്ട് ഉണ്ട്. ആ അധിക പരിശ്രമമാണ് നമ്മെ ഉയർന്നറാങ്കുകളിലേക്ക് പുഷ് ചെയ്യുക. ഉയർന്ന റാങ്ക് സ്വപ്നം കണ്ടാൽ മാത്രം പോരാ, അതിനായി ഉയർന്ന പരിശ്രമം നടത്തുകയും വേണം’’

പഠിക്കുന്ന രീതിക്കു പകരം പാഠപുസ്തക ങ്ങൾ മുഴുവനായി വായിക്കുന്നതിൽ ശ്രദ്ധിച്ചു. പിഎസ്‌സി പരീക്ഷയിൽ ടെക്സ്റ്റ് ബുക്ക് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾക്കു പ്രാധാന്യമേറിയതോടെ അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങൾ സംഘടിപ്പിച്ച് ഓരോ അധ്യായവും പഠിച്ചുതീർത്തു. ചോദ്യം തിരിച്ചും മറിച്ചും എങ്ങനെ ചോദിച്ചാലും ഉത്തരം കണ്ടെത്താൻ സഹായിച്ചത് ഈ പരന്ന വായനയായിരുന്നു. ഈ പഠനരീതിയുടെ ഫലമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, യുപിഎസ്എ പരീക്ഷകളിൽ റീനുവിനു റാങ്ക്നില മെച്ചപ്പെടുത്താനും കഴിഞ്ഞു. ആദ്യം ലഭിച്ചത് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമന ശുപാർശയായിരുന്നു. പഠനകാലത്ത് അധ്യാപനമായിരുന്നു സ്വപ്നമെങ്കിലും ഇപ്പോഴത്തെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോഗം ആസ്വദിക്കുന്ന റീനു ഇതേ ജോലിയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. 

English Summary:

How Renu Ravindran Conquered PSC Exams Amid the Pandemic: A Journey from Guest Teacher to Top Rank Holder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com