ADVERTISEMENT

കട്ടയ്ക്കു കൂടെനിൽക്കുക എന്നു പറഞ്ഞാൽ ഇതാണ്– ജനനത്തിൽ തുടങ്ങിയ കൂട്ട് ഐഐടിയും കടന്ന് യുഎസിലെ ഉപരിപഠനത്തിലും തുടരുകയാണ് ഈ ഇരട്ട സഹോദരങ്ങൾ – കണ്ണൂർ രാമന്തളി സ്വദേശികളായ ജിതിൻ സതീഷ്കുമാറും നിതിൻ സതീഷ്കുമാറും. ഐഐടികളിലേക്കുള്ള ആദ്യ കടമ്പയായ ജെഇഇ മെയിനിനു ജിതിൻ നേടിയത് 99.6 പെർസെന്റൈൽ എങ്കിൽ നിതിൻ നേടിയത് 99.4 പെർസെന്റൈൽ. രണ്ടുപേരും ഐഐടി ഇൻഡോറിൽ പഠനം തുടങ്ങി– ബിടെക് മെറ്റലർജിക്കൽ എൻജിനീയറിങ് ആൻഡ് മെറ്റീരിയൽസ് സയൻസ്. ജിതിൻ 9.08 സിജിപിഎയോടെ വെള്ളി മെഡൽ നേടി പഠനം പൂർത്തിയാക്കിയപ്പോൾ നിതിനും വിട്ടുകൊടുത്തില്ല– 8.99 സിജിപിഎ. ഇപ്പോൾ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോടയിൽ പിഎച്ച്ഡിക്ക് അഡ്മിഷൻ കിട്ടിയതും രണ്ടുപേർക്കും ഒരുമിച്ചുതന്നെ; അതും സ്കോളർഷിപ്പോടെ. മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഗവേഷണത്തിനായി കഴിഞ്ഞദിവസം രണ്ടുപേരും യുഎസിലേക്കു പറന്നു. ഇരട്ടകളല്ലാത്തവർക്കും ഇവരിൽനിന്ന് അനുകരിക്കാവുന്ന ചില മാതൃകകളുണ്ട്. അറിയുന്നതാണെങ്കിലും പാഠഭാഗങ്ങളെക്കുറിച്ച് പരസ്പരം പറഞ്ഞുകൊണ്ടിരിക്കുകയും ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ് അതിൽ പ്രധാനം. എല്ലാ ക്ലാസുകളിലും ഒരേ വിഷയമാണ് ഇരുവരും പഠിച്ചത്. ബിടെക് വരെ പഠിച്ചതും ഇപ്പോൾ പിഎച്ച്ഡി ചെയ്യാനിരിക്കുന്നതും ഒരേ വിഷയത്തിൽതന്നെ. അതുകൊണ്ടുതന്നെ, പാഠഭാഗങ്ങളും കാഴ്ചപ്പാടുകളുമെല്ലാം പരസ്പരം ചർച്ച ചെയ്യാൻ എളുപ്പമായിരുന്നു.പഠനത്തിൽ മാത്രമല്ല മറ്റു താൽപര്യങ്ങളിലും ഇവർ സമാനരാണ്. പെയ്ന്റിങ്ങും വായനയുമാണ് രണ്ടുപേരുടെയും ഹോബികൾ. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ‘ദ് ഗ്രാൻഡ് ഡിസൈൻ’ ആണ് പ്രിയപ്പെട്ട പുസ്തകം. ലോകം ചുറ്റിയായിരുന്നു ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം. മൂന്നാം ക്ലാസ് വരെ ഈജിപ്തിൽ. തുടർന്നുള്ള സ്കൂൾ പഠനം തെലങ്കാന, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ. ജെഎസ്ഡബ്ല്യു പെയിന്റ്സ് സീനിയർ വൈസ് പ്രസിഡന്റായ അച്ഛൻ പി.വി.സതീഷ് കുമാർ വിവിധ നാടുകളിൽ ജോലി ചെയ്തതിനാലാണ് ഇരുവരുടെയും പഠനം വിവിധ നാടുകളിലായത്. അമ്മ സുചിത്ര ചുള്ളിയോട്ട്.

English Summary:

From IIT to Minnesota: Twin Brothers' Unwavering Bond Fuels Academic Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com