പ്രായം 55, ഐഐടി മദ്രാസിൽ നിന്നും പിഎച്ച്ഡി, ജയപാലൻ വേറെ ലെവൽ!
Mail This Article
പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രായത്തിലല്ല കാര്യം, ഗവേഷണത്തിന്റെ മൂല്യത്തിലാണ്. ഒപ്പം, ഉദ്യോഗത്തിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിൽക്കാത്ത കഠിനാധ്വാനത്തിന്റെകൂടി പിൻബലത്തിലാണ് വൈദ്യുത ബോർഡ് ഉദ്യോഗസ്ഥൻ സി. ജയപാലൻ (55) ഐഐടി മദ്രാസിൽനിന്നു പിഎച്ച്ഡി നേടിയത്.
തിരുവനന്തപുരം പേരൂർക്കട എൻസിസി റോഡ് സ്വദേശിയും തിരുവനന്തപുരം പൂഴിക്കുന്ന് ഇലക്ട്രിക്കൽ സെക്‌ഷനിലെ സീനിയർ സൂപ്രണ്ടുമായ ജയപാലന്റെ ഗവേഷണം ഊർജ നീതിയും ചാർജിങ് സ്റ്റേഷനുകളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള താരിഫും സംബന്ധിച്ചുള്ളതായിരുന്നു. ജലവൈദ്യുത പദ്ധതികൾക്കെതിരായ പാരിസ്ഥിതിക എതിർപ്പുകൾ എങ്ങനെ ഊർജ നീതിയെ ബാധിക്കുന്നുവെന്നു പഠിച്ച ‘പവർ എൻവയോൺ’ എന്ന ആശയം ഗവേഷണത്തിന്റെ ഭാഗമായിരുന്നു. ഇതു 2019ൽ ‘എനർജി പോളിസി’ എന്ന രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചു. ‘പുനരുപയോഗ ഊർജത്തിന്റെ ലഭ്യതയും സമയാധിഷ്ഠിത താരിഫും അനുസരിച്ചു ചാർജിങ് സ്റ്റേഷനുകളിൽ വിവിധയിനം വൈദ്യുതി വാഹനങ്ങളുടെ വൈദ്യുതി താരിഫ് എങ്ങനെയായിരിക്കണം’ എന്ന പഠനം ‘ദി ഇലക്ട്രിസിറ്റ് ജേണലി’ലും പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാർ ഈ മേഖലയിൽ താരിഫ് സംബന്ധിച്ചു സമഗ്ര വ്യവസ്ഥ ഇനിയും തയാറാക്കാത്ത സാഹചര്യത്തിൽ ഈ പഠനം ശ്രദ്ധേയമാണ്.
ജോലിയും പഠനവും
സർവീസിൽ കയറിയശേഷം ജയപാലന്റെ അക്കാദമിക് ജീവിതം കൂടുതൽ സജീവമായതേയുള്ളൂ. ആദ്യം ‘ഇഗ്നോ’യിൽനിന്ന് എംബിഎ നേടിയ ജയപാലൻ തുടർന്ന് യുജിസി നെറ്റ് യോഗ്യതയും നേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2016ൽ മാനേജ്മെന്റ് സ്റ്റഡീസിൽ പിഎച്ച്ഡിക്കു പ്രവേശനം കിട്ടിയത്. 6 മാസത്തെ നിർബന്ധിത കോഴ്സ് വർക്ക് സമയത്തു മാത്രം ജോലിയിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നു. 3 വർഷത്തിനുള്ളിൽ തീസിസ് സമർപ്പിച്ചു.
പ്രായത്തിലെന്തു കാര്യം?
‘‘പാശ്ചാത്യ രാജ്യങ്ങളിൽ പല മേഖലകളിൽ സജീവമായി നിൽക്കുന്നവർ അക്കാദമിക് രംഗത്തേക്കു വരുന്ന പ്രവണതയുണ്ട്. അവിടെ പഠനത്തിനോ ഗവേഷണത്തിനോ പ്രായം പ്രശ്നമല്ല. പുതുതായി ലോകത്തിന് എന്തു സംഭാവന നൽകാമെന്നതിനാണു പ്രാധാന്യം. വിരമിക്കൽ പ്രായത്തിന് 'സംഖ്യാമാത്ര പ്രാധാന്യമേ’യുള്ളൂവെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ലോകമെമ്പാടും വിരമിക്കൽ സങ്കൽപം മാറുന്നു”- ജയപാലൻ പറയുന്നു. സെൻസസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ സി.എസ്.ബീനയാണ് ഭാര്യ. ബിടെക് വിദ്യാർഥി നിരഞ്ജൻ മകൻ