തെലുങ്കു പഠനം കല്ലുതിന്നുന്നതുപോലെ, ഇംഗ്ലിഷ് പഠനം കേരള ഇഡ്ഢലിപോലെ മൃദുലം; കോളജ് വിദ്യാർഥികളുടെ മനംകവർന്ന് കാഞ്ച ഇലയ്യ
Mail This Article
‘‘ശരിയാണ്... ഞാൻ ഒരു രാജ്യത്തിന് ഒരു ഭാഷ എന്ന വാദത്തെ അംഗീകരിക്കുന്നു.’’ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കാഞ്ച ഇലയ്യ ഷെപ്പേർഡ് പറഞ്ഞപ്പോൾ സദസ്സ് ആദ്യം ഒന്ന് അമ്പരന്നു. ഹിന്ദിയെ രാജ്യത്തിന്റെ ഏകഭാഷയായി ഉയർത്തിക്കൊണ്ടുവരണമെന്ന വാദമുഖങ്ങൾക്കിടയിൽ ഇലയ്യയെപ്പോലൊരാൾ അതിനെ അംഗീകരിക്കുന്നോ? ‘‘ ആ ഏക ഭാഷ ഇംഗ്ലിഷ് ആയിരിക്കണം. ലോക ഭാഷയായ ഇംഗ്ലിഷിനെ ഗ്രാമങ്ങളിലേക്കു കൊണ്ടുവരണം. ഇംഗ്ലിഷ് പഠിക്കുന്നതിലൂടെയേ നമുക്കു മുന്നേറാനാകൂ’’. അദ്ദേഹത്തിന്റെ തുടർ വാക്കുകൾ കയ്യടിയോടെ, ഏറെ ആശ്വാസത്തോടെ സദസ്സ് സ്വീകരിച്ചു.
ചിറ്റൂർ ഗവ കോളജിലെ ഇംഗ്ലിഷ് വിഭാഗം നടത്തുന്ന രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ മഹത്വത്തെയും ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചായിരുന്നു കാഞ്ച ഇലയ്യ വിദ്യാർഥികളെ ഓർമിപ്പിച്ചത്. മറ്റു കോളജുകളിലെ വിദ്യാർഥികളും ഇന്നലെ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനായി കോളജിൽ എത്തിയിരുന്നു. വിദ്യാർഥികളുടെ സംശയങ്ങൾക്കു മറുപടിയും നൽകിയാണ് അദ്ദേഹം മടങ്ങിയത്. തന്റെ മാതൃഭാഷയായ തെലുങ്കു പഠനം കല്ലുതിന്നുന്നതുപോലെയായിരുന്നു. ഇംഗ്ലിഷ് പഠനം ആകട്ടെ കേരള ഇഡ്ഢലിപോലെ മൃദുലവും. പലരും ഇംഗ്ലിഷ് ഭാഷയെ പേടിയോടെയാണു കാണുന്നത്. പ്രയാസം നിറഞ്ഞ ഒരു ഭാഷ അല്ല ഇംഗ്ലിഷ്. മാതൃഭാഷയെക്കാൾ വേഗത്തിൽ ഇതു പഠിക്കാൻ കഴിയും. കാരണം 26 അക്ഷരങ്ങൾ മാത്രമേയുള്ളു.
യഥാർഥ ഇന്ത്യൻ ഭാഷ മാതൃഭാഷയോ പിതൃഭാഷയോ അല്ല, അത് ഉൽപാദനത്തിന്റേതാണ്. മാതൃഭാഷാ ദിനം ആചരിക്കുന്നതു പോലെ തന്നെ ഇന്ത്യൻ ഇംഗ്ലിഷ് ദിനം കൂടി ആചരിക്കണം. ഇംഗ്ലിഷ് സമ്പന്നരുടെ ഭാഷയാണെന്നു വിചാരിക്കുന്നവർ രാജ്യത്ത് ഏറെയുണ്ട്. സമ്പത്തും ജാതിയും ഒന്നും ഭാഷയ്ക്ക് ഇല്ല. എല്ലാ മനുഷ്യരിലേക്കും അത് എത്തിച്ചേരണം. ഒരു ഭാഷയും ഒരു വിഭാഗത്തിന്റേതു മാത്രമല്ല.
രാജ്യത്തെ വിദ്യാർഥികളിൽ കൂടുതൽ പേരും വാട്സാപ് സർവകലാശാലകളിൽ ഇരുന്നു വായിക്കുന്നവരായി മാറിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിരീക്ഷണം. വായിക്കാതെ ബിരുദം കിട്ടുന്നവരുടെയും അധ്യാപകരാകുന്നവരുടെയും എണ്ണം രാജ്യത്തു കൂടുകയാണ്. ചരിത്രമോ സാമൂഹിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളോ മതഗ്രന്ഥങ്ങളോ വായിക്കാൻ ആരും ശ്രമിക്കുന്നില്ല. ഗൂഗിളിൽ സേർച് ചെയ്ത് ആവശ്യമുള്ളതു മാത്രം വായിക്കുന്ന അവസ്ഥയിലേക്ക് ഇന്നത്തെ വിദ്യാർഥികൾ മാറി. മലയാളത്തിൽ ഒട്ടേറെ സാഹിത്യ ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും പലരും വായിക്കാൻ ശ്രമിക്കുന്നില്ല. കാളിദാസന്റെ മേഘസന്ദേശം പോലെയുള്ള കൃതികളുടെ അർഥം വായിച്ചു മനസ്സിലാക്കാൻ കേരളത്തിലെ വിദ്യാർഥികൾ ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ആൺകുട്ടികൾ വീട്ടുജോലി ചെയ്തു പഠിക്കണം
പാത്രം കഴുകാനും തുണി അലക്കാനും പാചകം ചെയ്യാനുമൊക്കെ ആൺകുട്ടികൾ പഠിച്ചിരിക്കണം. ഇതു കുട്ടിക്കാലത്തേ ശീലിക്കേണ്ടതാണ്. സ്ത്രീ പുരുഷ സമത്വം നേടിയെടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുടെയും ആവശ്യമില്ല. പെൺകുട്ടികൾ സഹോദരങ്ങളുടെ വസ്ത്രം കഴുകിക്കൊടുക്കേണ്ട ആവശ്യമില്ല. അത് അവർ തനിയേ ചെയ്യേണ്ടതാണ്. പെൺകുട്ടികളും ആൺകുട്ടികളും തുല്യരാണെന്നു വീടുകളിൽ നിന്നാണു കുട്ടികൾ പഠിക്കേണ്ടത്.
ഒരു രാജ്യം ഒരു ഭാഷ എന്നാകുമ്പോൾ, വൈവിധ്യങ്ങൾ വേണ്ട എന്നാണോ? സദസ്സിൽ നിന്നുയർന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു - വൈവിധ്യങ്ങളുണ്ട്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഓരോ കുടുംബത്തിനും ഓരോ സംസ്കാരം. അതിനെ വിശാലമായി കാണണം, ഭാഷയുമായി താരതമ്യം ചെയ്യരുത്. ലോകത്തുള്ള എല്ലാ ജനങ്ങളും ഒരു ഭാഷയിൽ ആശയ വിനിമയം നടത്താൻ പഠിച്ചാലുള്ള പ്രയോജനങ്ങളാണു മനസ്സിലാക്കേണ്ടത്.
സാക്ഷരസമൂഹവും ആചാരത്തിനു പിന്നാലെയല്ലേ ?
ചേറില്ലാതെ ഭക്ഷണമില്ല, അതുപോലെ ആർത്തവമില്ലാതെ കുട്ടികളും. ഇന്നും ആർത്തവം ആണെന്നു പറഞ്ഞു കുട്ടികളെ മാറ്റിക്കിടത്തുന്നു. ദൂരെ നിന്ന് ആഹാരം എറിഞ്ഞു നൽകുന്നു. അവരെ തൊട്ടാൽ അശുദ്ധിയുണ്ടാകുമെന്നു കരുതുന്നു. ഇത്തരം ചിന്തകൾ ഈ നൂറ്റാണ്ടിലും പിന്തുടരുന്നതു മണ്ടത്തരമാണ്. പെൺകുട്ടികൾക്ക് ഉണ്ടാവുന്നതു പോലുള്ള ശാരീരിക മാറ്റങ്ങൾ ആൺകുട്ടികൾക്കും ഉണ്ടാവുന്നുണ്ട്. എന്നാൽ അതിന് അയിത്തം കൽപിക്കുന്നില്ല. കുട്ടിക്കാലം മുതൽ തന്നെ ലിംഗസമത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ കുട്ടികളെ വളർത്തുന്നതിൽ അധ്യാപകർക്കും പങ്കുണ്ട്, അദ്ദേഹം പറഞ്ഞു.
കാഞ്ച ഇലയ്യ
തെലങ്കാനയിൽ ജനിച്ചു വളർന്ന കാഞ്ച ഇലയ്യ ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാണ്. ആധുനിക ഇന്ത്യയിലെ അംബേദ്കർ എന്നാണ് പലരും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വൈ ഐ ആം നോട്ട് എ ഹിന്ദു, ബുദ്ധ ചാലഞ്ച് ടു ബ്രാഹ്മിൻസ്, ബഫല്ലോ നാഷനലിസം തുടങ്ങിയവയാണു പ്രധാന കൃതികൾ. ആടുവളർത്തൽ കുലത്തൊഴിലായ സമുദായത്തിൽ ജനിച്ച അദ്ദേഹം ഷെപ്പേർഡ് എന്നു പേരിനൊപ്പം ചേർത്തിട്ടുണ്ട്.