ADVERTISEMENT

സാമൂഹിക മാധ്യമങ്ങളിലൊക്കെ ഇതു 10 വര്‍ഷ ചലഞ്ചിന്റെ കാലമാണ്. പത്തു വര്‍ഷം മുന്‍പുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തു രൂപഭാവങ്ങളില്‍ വന്ന മാറ്റമാണ് ഈ ചലഞ്ചിലെ ഫോക്കസ്. എന്നാല്‍ ഫോട്ടോയില്‍ മാത്രം മതിയോ, നമ്മുടെ കരിയര്‍ ലക്ഷ്യങ്ങളിലും വേണ്ടേ ഇത്തരത്തിലൊരു 10 വര്‍ഷ ചലഞ്ച് ? 10 വര്‍ഷം കൊണ്ടു കരിയറില്‍ എന്തു നേടി എന്ന് ചിന്തിക്കുന്നതിലാകരുത് ഈ ചലഞ്ച്. അടുത്ത പത്തു വര്‍ഷം കൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ കരിയറില്‍ നേടും എന്നതിലാകണം ഊന്നല്‍. കരിയറില്‍ ഒരു 10 വര്‍ഷ ചലഞ്ച് രൂപീകരിച്ച് ആ ലക്ഷ്യങ്ങള്‍ നേടാന്‍ എന്തൊക്കെ ചെയ്യണം. 

എന്തിന് ഒരു ചലഞ്ച് ?
ലക്ഷ്യങ്ങളില്ലെങ്കില്‍ നല്ല തീരുമാനങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാകും. ദീര്‍ഘകാല ലക്ഷ്യങ്ങളില്ലാത്തവര്‍ പല തീരുമാനങ്ങളും കൈക്കൊള്ളുക അപ്പോഴത്തെ സൗകര്യം നോക്കി മാത്രമായിരിക്കും. നേരെ മറിച്ചു നല്ല ലക്ഷ്യങ്ങളുണ്ടെങ്കില്‍ തീരുമാനങ്ങള്‍ കൂടുതല്‍ ആലോചിച്ചെടുക്കാന്‍ സാധിക്കും. 

എവിടെ തുടങ്ങണം?
ഒരു പേനയും പേപ്പറുമെടുത്തു ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കണം. ലക്ഷ്യങ്ങളും പദ്ധതികളും എഴുതി വയ്ക്കുന്നതു കൂടുതല്‍ വ്യക്തത കാര്യങ്ങള്‍ക്ക് ഉണ്ടാക്കുകയും ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും. 

ഞാന്‍ ആരായി തീരും ?
നിങ്ങളില്‍ നിന്നു തന്നെ ആരംഭിക്കാം. 10 വര്‍ഷത്തിനു ശേഷം നിങ്ങള്‍ ആരായി തീരണമെന്നാണ് ആഗ്രഹിക്കുന്നത്. ആരോഗ്യം, മനസമാധാനം, സംതൃപ്തി, സ്‌നേഹം, ഉദാരമനസ്‌കത, ജോലി എന്നിവയുമായി ബന്ധപ്പെട്ടെല്ലാം ലക്ഷ്യങ്ങള്‍ കുറിക്കാം. ചുവരില്ലാതെ ചിത്രം വരയ്ക്കാനാവില്ല എന്നതിനാല്‍ ലക്ഷ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ആരോഗ്യ സംബന്ധമായവ. 

എനിക്ക് ചുറ്റും ആരെല്ലാമുണ്ടാകണം ?
നിങ്ങളെ കുറിച്ച് മാത്രമല്ല, നിങ്ങളുടെ ചുറ്റും ഉണ്ടാകേണ്ട സുഹൃത്തുക്കളെയും കുടുംബക്കാരെയും കുറിച്ചൊക്കെ ചിന്തിക്കണം. കല്യാണം കഴിക്കണമോ, കുട്ടികള്‍ വേണമോ, മാതാപിതാക്കളുടെ ഒപ്പം താമസിക്കണോ, ഇപ്പോഴുള്ള സുഹൃത്തുക്കളോടു ചേര്‍ന്ന് നില്‍ക്കണോ അതോ പുതിയ ആളുകളെ തേടണോ എന്നുള്ളതെല്ലാം പ്ലാനിങ്ങില്‍ ഉള്‍പ്പെടുത്താം. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സംബന്ധിച്ച ലക്ഷ്യങ്ങള്‍ നിങ്ങളുടെ കരിയര്‍, താമസിക്കാന്‍ പോകുന്ന സ്ഥലം എന്നിവയെ എല്ലാം സ്വാധീനിക്കാം. വിദേശത്തേക്കൊക്കെ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബന്ധങ്ങളെ സംബന്ധിച്ച് ഒരു ഏകദേശ രൂപം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. 

എന്തൊക്കെ കാര്യങ്ങള്‍ അറിയണം ?
നിങ്ങള്‍ അടുത്ത 10 വര്‍ഷം കൊണ്ടു നേടാന്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ എന്തൊക്കെയാണ്? ഈ ലോകത്തിനും നിങ്ങളുടെ കരിയറിനും തൊഴിലുടമയ്ക്കും നല്‍കാന്‍ ആഗ്രഹിക്കുന്ന സംഭാവനകള്‍ എന്തൊക്കെയാണ് ? ഇതു പുതിയ എന്തെങ്കിലും കോഴ്‌സുകള്‍ ആകാം, സര്‍ട്ടിഫിക്കറ്റുകളാകാം, ജോലിയിലെ മാറ്റമാകാം. 

സമയമെങ്ങനെ ചെലവിടും ?
അടുത്ത 10 വര്‍ഷത്തില്‍ ജോലിയില്‍ നിന്നു വിരമിച്ചു കുടുംബവുമായി കൂടുതല്‍ സമയം ചെലവിടാനാണോ ആഗ്രഹിക്കുന്നത്? അതോ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ജോലിയില്‍ കൂടുതല്‍ സമയം ചെലവിടാനാണോ? ജോലിയ്ക്കു വേണ്ടിയാണോ കുടുംബത്തിനു വേണ്ടിയാണോ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നുള്ള ലക്ഷ്യങ്ങള്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നിര്‍ണ്ണയിക്കും. 

എന്തൊക്കെ സ്വന്തമാക്കും ?
ഇതാണു ലക്ഷ്യങ്ങളില്‍ ഏറ്റവും എളുപ്പം നിര്‍ണ്ണയിക്കാവുന്നത്. കാര്‍, വീട്, സ്ഥലം എന്നിങ്ങനെ ഭൗതികമായി എന്തെല്ലാം കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്നത് എഴുതി വയ്ക്കുക. 

എന്തിന്റെ പേരില്‍ അറിയപ്പെടണം ?
സമൂഹത്തില്‍ എന്തിന്റെ പേരില്‍ നിങ്ങള്‍ അറിയപ്പെടണമെന്ന് എഴുതി വയ്ക്കുന്നത് നിങ്ങളുടെ സാമൂഹിക ലക്ഷ്യങ്ങള്‍ കുറിക്കാന്‍ സഹായിക്കും. സമൂഹവുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാകണോ, അതോ ഒതുങ്ങിക്കൂടി കുടുംബവും കുട്ടികളുമായി കഴിയണോ എന്നെല്ലാം ഇതിലൂടെ ഉറക്കെ ചിന്തിക്കാം. 

ലക്ഷ്യങ്ങള്‍ക്കായി നല്‍കുന്ന വില
ലക്ഷ്യങ്ങളെല്ലാം എഴുതി കഴിഞ്ഞ്, ഇതിനായി നിങ്ങള്‍ നല്‍കുന്ന വില എന്തെന്നു തീരുമാനിക്കുക. ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നു പിന്നിലേക്കു ചിന്തിച്ച് അതിനു വേണ്ടി ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല കര്‍മ്മ പദ്ധതി രൂപീകരിക്കുക. ഒരു ശതകോടീശ്വരന്‍ ആകണമെന്ന് ആഗ്രഹിക്കുമ്പോള്‍, അതിനു വേണ്ടി ഒരു സംരംഭകനാകുക എന്ന റിസ്‌ക് എടുക്കാന്‍ തയ്യാറാണോ എന്ന് സ്വയം ചോദിക്കുക. ഒരു വീടു വാങ്ങണമെന്ന് ആഗ്രഹിക്കുമ്പോള്‍ അതിനായി പണം സ്വരൂപിക്കാനും ചെലവ് കുറയ്ക്കാനും തയ്യാറാണോ എന്നു ചിന്തിക്കുക. നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു നിങ്ങള്‍ നല്‍കേണ്ടി വരുന്ന ആ വില നല്‍കാന്‍ തയ്യാറുണ്ടോ എന്നു നിരന്തരം ചോദിച്ചു കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു ധൈര്യമായി മുന്നോട്ട് പോവുക. 

ലക്ഷ്യങ്ങളില്‍ ജീവിക്കാം
ലക്ഷ്യങ്ങളും ആസൂത്രണവും പൂര്‍ത്തിയായി കഴിഞ്ഞാല്‍ അവ ദിവസവും കാണാവുന്ന തരത്തില്‍ ഫ്രിജിലോ, കണ്ണാടിയിലോ, ഡെസ്‌കിലോ ഒട്ടിച്ചു വയ്ക്കണം. ദിവസവും അതു വായിച്ച് നോക്കി ലക്ഷ്യങ്ങള്‍ മനസ്സില്‍ ഉറപ്പിക്കണം. ഓരോ നാല് ആഴ്ച കൂടുമ്പോഴും നിങ്ങളുടെ ആസൂത്രണ പദ്ധതി വീണ്ടും എടുത്തു നോക്കി അതിന് അനുസരിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടോ എന്നു പരിശോധിക്കണം. എല്ലാ കാര്യങ്ങളും നാം വരച്ചു വച്ച രീതിയില്‍ ജീവിതത്തില്‍ സംഭവിക്കണമെന്നില്ല. അതു കൊണ്ടു ജീവിതത്തിലെ ആകസ്മികതകള്‍ക്ക് അനുസരിച്ച് സ്വപ്നങ്ങള്‍ക്ക് മാറ്റം വരുത്തുകയും റീ പ്ലാന്‍ ചെയ്യുകയും വേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com