ADVERTISEMENT

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ നൂറു റാങ്കിൽ ഇടംപിടിച്ച മൂന്നു മലയാളികൾ. അവർ ആദ്യമായി ‘കണ്ടുമുട്ടി’; മലയാള മനോരമ കരിയർ ഗുരു ഒരുക്കിയ വിഡിയോ കോൺഫറൻസിലൂടെ ! 29–ാം റാങ്ക് നേടിയ ആർ.ശ്രീലക്ഷ്മി, 49–ാം റാങ്ക് നേടിയ രഞ്ജിന മേരി വർഗീസ്, 66–ാം റാങ്ക് നേടിയ അർജുൻ മോഹനൻ എന്നിവരാണു പഠനാനുഭവങ്ങളും പ്രതീക്ഷകളും പങ്കുവച്ചത്. ശ്രീലക്ഷ്മിക്കും അർജുനും കേരള കേഡർ തന്നെയാണ് ആഗ്രഹം, രഞ്ജിനയ്ക്കു ഫോറിൻ സർവീസാണു താൽപര്യം. 

സിവിൽ സർവീസ് ആഗ്രഹിക്കുന്നtവരോട് മൂന്നുപേർക്കും ഒരേ സ്വരത്തിൽ പറയാനുള്ളത് ഒന്നു മാത്രം – പല തവണ തോറ്റാലും മുന്നോട്ടു കുതിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം ഈ രംഗത്തേക്ക് സ്വാഗതം !

എല്ലാവർക്കും അറിയേണ്ടത്  തയാറെടുപ്പിന്റെ വിശദാംശങ്ങളാണ്?

ശ്രീലക്ഷ്മി: തുടക്കത്തിൽ ഒരു മാസം സിവിൽ സർവീസ് അക്കാദമിയിൽ പോയി. പിന്നെ തനിയെ പഠിക്കാമെന്നു തോന്നി. പരീക്ഷ എഴുതിത്തീർക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് ടെസ്റ്റ് സീരിസ് ചെയ്തു. നേരത്തേ പഠിച്ച ഇക്കണോമിക്സ് തന്നെയാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. പുലർച്ചെ നാലിന് എണീക്കും. ദിവസവും 7 മണിക്കൂർ വരെ പഠിക്കും. രാത്രി ഉറക്കമിളയ്ക്കില്ല. 

രഞ്ജിന: പഠിച്ച കെമിക്കൽ എൻജിനീയറിങ് തന്നെഓപ്ഷനലായി എടുക്കാനായിരുന്നു ആഗ്രഹം, അതില്ലാത്തതിനാൽ എടുത്ത സോഷ്യോളജി വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ അവസരത്തിൽ പ്രിലിമിനറി പാസായി. പക്ഷേ 18 മാർക്കിനു മെയിനിൽ പരാജയപ്പെട്ടു. 

ഓയിൽ കമ്പനിയിലായിരുന്നു ജോലി. ആ സമയത്ത് പുലർച്ചെ 5 മുതൽ 7 വരെ പഠിക്കും. 7.30ന്  ഓഫിസിലെത്തിയായിരുന്നു പത്രംവായന. പോകുമ്പോൾ റേഡിയോ വാർത്ത കേൾക്കും. വൈകിട്ട് കറന്റ് അഫയേഴ്സ് പരിശീലനം. മെയിൻ പരീക്ഷ കിട്ടാതെ വന്നപ്പോഴാണു ജോലി രാജിവച്ചത്. രണ്ടാം ഊഴത്തിൽ ഓർഡ്നൻസ് ഫാക്ടറി സർവീസ് കിട്ടി. പഠനത്തിനു ദിവസവുമുള്ള ഷെഡ്യൂളില്ല. മൂഡില്ലെങ്കിൽ പഠിക്കില്ല. ഒരാഴ്ച നിശ്ചിതഭാഗം തീർക്കും.

അർജുൻ: 2017 നവംബറിൽ പരിശീലനം തുടങ്ങി. തിരുവനന്തപുരത്ത് പരിശീലനത്തിനു ചേർന്നു. റൈറ്റിങ് പ്രാക്ടീസ് ചെയ്തു. ദിവസവും ഇത്ര മണിക്കൂർ എന്നൊരു ഷെഡ്യൂളില്ല. ഒരാഴ്ചകൊണ്ട് എന്തുചെയ്യണമെന്ന് നിശ്ചയിട്ടുണ്ട്. ഒരാഴ്ച മിസ് ആയാൽ അത്രയും ഭാഗം പഠിക്കാൻ സമയം കിട്ടില്ല. ആദ്യതവണ സ്വന്തം വിഷയമായ മെക്കാനിക്കൽ എൻജിനീയറിങ് എടുത്തെങ്കിലും വലിയ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ മലയാളമെടുത്തു. കൂടുതൽ സ്കോർ ലഭിക്കാൻ എളുപ്പമായി.

പഠിക്കുന്ന സ്കൂളും കോളജും പ്രധാനമാണോ?‍
ശ്രീലക്ഷ്മി: പഠിച്ച ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അക്കാദമിക് റൈറ്റിങ്ങിനു പ്രാധാന്യമുണ്ടായിരുന്നതിനാൽ എഴുത്ത് വശമായി. പക്ഷേ എവിടെ പഠിച്ചാലും സിവിൽ സർവീസ് നേടാമെന്നാണ് എന്റെ പക്ഷം. പ്രഫഷനൽ ഡിഗ്രി എപ്പോഴും ഒരു ധൈര്യം തരും. ഇതല്ലെങ്കിൽ മറ്റൊരു ഓപ്ഷനുണ്ടല്ലോ. സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ ഇക്കണോമിക്സിൽ ഗവേഷണമെന്നായിരുന്നു പ്ലാൻ ബി.

ജോലിയും പഠനവും ഒരുമിച്ചു പറ്റുമോ?
രഞ്ജിന: കൊണ്ടുപോകുന്നവർ ഏറെയുണ്ട്. വ്യക്തികളെ ആശ്രയിച്ചിരിക്കും. 10 മണിക്കൂർ ജോലിക്കൊപ്പമുള്ള പഠനം ബുദ്ധിമുട്ടായതോടെയാണു രാജിവച്ചത്. ജോലിയോടും നീതി പുലർത്തണമല്ലോ.  സിവിൽ സർവീസ് പരിശീലനത്തിൽ വലിയ അനിശ്ചിതത്വമുണ്ട്. ഒരു ജോലിയുണ്ടെങ്കിൽ വലിയ ആത്മവിശ്വാസമുണ്ടാകും. തിരിച്ചുപോകാൻ ഇടമുണ്ടല്ലോ.

അഞ്ചാം റാങ്കുകാരി സോഷ്യൽ മീഡിയ ഒഴിവാക്കി. നിങ്ങളോ ?
രഞ്ജിന: പരീക്ഷയ്ക്കു തൊട്ടുമുൻപുള്ള ആഴ്ച മാത്രം വാട്സാപ്പും ഫെയ്സ്ബുക്കും പൂർണമായും ഒഴിവാക്കി. വാട്സാപ്പിൽ ഡിസ്കഷൻ, ആൻസർ റൈറ്റിങ് ഗ്രൂപ്പുകൾ ഒരുപാടുണ്ട്. ടെലിഗ്രാമിലാണ് ഏറ്റവും കൂടുതൽ സിവിൽ സർവീസ് മെറ്റീരിയലുകൾ ലഭിക്കുന്നത്. ഫോൺ എപ്പോഴും കയ്യിലെടുക്കുന്ന സ്വഭാവമില്ല. ഇതെല്ലാം കെട്ടിപ്പൂട്ടിവച്ചതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണമില്ല. നോട്ടിഫിക്കേഷനുകൾ ശല്യമായിത്തുടങ്ങിയാൽ ഉപേക്ഷിക്കണം.

ശ്രീലക്ഷ്മി: വാട്സാപ്പിൽ സജീവമായിരുന്നു. സുഹൃത്തുക്കളാണ് എന്റെ പ്രാണവായു. തിരുവനന്തപുരത്ത് മെയിൻസിനു പഠിക്കുന്നവരുടെ ഗ്രൂപ്പുണ്ടായിരുന്നു. മെയിൻസ് കഴിഞ്ഞ് ഫെയ്സ്ബുക്കിൽ സജീവമായി, അഭിമുഖത്തിനു പോകുമ്പോൾ ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഐഡിയ കിട്ടിയതിങ്ങനെയാണ്.

അർജുൻ: വാട്സാപ് മാസത്തിൽ ഒരിക്കൽ നോക്കും. ഇന്റർവ്യൂ ഘട്ടത്തിൽ ടെലിഗ്രാം ഉപകാരപ്പെട്ടു. പഴയ അഭിമുഖങ്ങളുടെ ട്രാൻസ്ക്രിപ്റ്റും അതിലുണ്ട്.

ഇടയ്ക്ക് മനസ്സ് മടുത്തു പോയിട്ടുണ്ടാകില്ലേ ?
രഞ്ജിന: രണ്ടാം തവണ ഇന്റർവ്യൂ വരെയെത്തി; പക്ഷേ കിട്ടിയില്ല. ജോലിയും കളഞ്ഞിരുന്നല്ലോ. വല്ലാത്ത വിഷമമായി. കുടുംബമാണ് ഒപ്പം ചേർത്തുപിടിച്ചത്. കരകയറിയേ പറ്റൂ എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. മൂന്നാമതെ ശ്രമമായിരുന്നു ഇത്.

ശ്രീലക്ഷ്മി: പല പ്രാവശ്യം മനസ്സു മടുത്തു. എന്റെ അഞ്ചാമതെ ശ്രമമായിരുന്നു ഇത്. എത്ര പിന്നോട്ടു പോയാലും തീവ്രമായ ആഗ്രഹം നിലനിർത്താൻ കഴിയാതെ വന്നിരുന്നെങ്കിൽ വീണുപോകുമായിരുന്നു. പല തവണ ചെറിയ വ്യത്യാസത്തിലാണ് നഷ്ടമായത്. ഇപ്രാവശ്യം കിട്ടിയില്ലായിരുന്നെങ്കിൽ ഒരു വർഷം ബ്രേക്ക് എടുത്തിട്ട് ഒന്നുകൂടി എഴുതുമായിരുന്നു.

അഭിമുഖത്തിൽ ഞെട്ടിച്ച ചോദ്യം?
ശ്രീലക്ഷ്മി: മുൻപു ലണ്ടനിലായിരുന്നതിനാൽ ബ്രെക്സിറ്റായിരുന്നു വിഷയം. ഇനി ബ്രിട്ടൻ എന്തു ചെയ്യുമെന്നായി ചോദ്യം. എനിക്ക് സത്യമായും അറിയില്ലായിരുന്നു. അറിയില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനും അറിയില്ലെന്നായി മറുപടി! ഞാൻ പറഞ്ഞു, 'സർ, ബ്രിട്ടീഷുകാർക്കു പോലും ഇക്കാര്യത്തിൽ ഉറപ്പുണ്ടാകില്ല'. 

രഞ്ജിന: ഞെട്ടിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നില്ല. ഈസ്റ്റർ എഗ്ഗിന്റെ ചരിത്രം വരെയുണ്ടായിരുന്നു.

അർജുൻ: മഹാഭാരതം നിങ്ങൾ സിനിമയാക്കിയാൽ അതിൽ ആരെ പ്രധാന കഥാപാത്രമാക്കുമെന്നു ചോദിച്ചു. കേരളത്തിൽ നിന്നായതുകൊണ്ട് ഭീമനെന്നു മറുപടി പറയാൻ അധികം സമയം വേണ്ടിവന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com