ഹരിയാനയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ടെക്‌നോളജി പഠിക്കാം
Mail This Article
കേന്ദ്ര ഭക്ഷ്യസംസ്കരണ - വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ ഹരിയാനയിലെ കുന്ദ്‌ലിയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ബിടെക്, എംടെക്, പിഎച്ച്ഡി, എംബിഎ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
ഫുഡ് അനലിസ്റ്റ്, ഫുഡ് പ്രോസസ് എൻജിനീയർ, ക്വാളിറ്റി കൺട്രോൾ മാനേജർ, പ്രോഡക്ട് ഡവലപ്മെന്റ് സയന്റിസ്റ്റ് തുടങ്ങി മികച്ച ജോലികൾക്കു സഹായകരമായ പ്രോഗ്രാമുകൾ. ഒന്നാന്തരം പ്ലേസ്‌മെന്റ് ചരിത്രം. എംടെക് പ്രവേശനത്തിന് മേയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.niftem.ac.in. ബിടെക്കിന് ജെഇഇ മെയിൻ വഴിയാണു പ്രവേശനം.
എ) ബിടെക് ഫുഡ് ടെക്‌നോളജി & മാനേജ്‌മെന്റ്: നാലു വർഷം. 199 സീറ്റ്. 2019ലെ ജെഇഇ മെയിൻ റാങ്ക് നോക്കി സിലക്‌ഷൻ. സീറ്റ് അലോട്മെന്റ് JoSAA / CSAB വഴി. (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി / സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്)
ബി) എംടെക്: രണ്ടു വർഷം, 21 സീറ്റു വീതം അഞ്ചു ശാഖകൾ. ഫുഡ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് , ഫുഡ് പ്രോസസ് എൻജിനീയറിങ് & മാനേജ്‌മെന്റ് , ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഫുഡ് സേഫ്‌റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്
60% മാർക്കോടെ ബന്ധപ്പെട്ട നാലുവർഷ ബാച്‌ലർ ബിരുദവും ഗേറ്റ് സ്കോറും വേണം. ഗേറ്റ് സ്കോർ നോക്കിയാണ് റാങ്കിങ്. വേണ്ടത്ര ഗേറ്റുകാരില്ലെങ്കിൽ മറ്റുള്ള അപേക്ഷകരെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷ വഴി തിരഞ്ഞെടുക്കും. 90 മിനിറ്റ്, 100 ചോദ്യം, തെറ്റിനു മാർക് കുറയ്ക്കും, ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രം കേന്ദ്രം.
സീറ്റ് സംവരണമുണ്ട്
പിന്നാക്ക / പട്ടികജാതി / പട്ടികവർഗ / ഭിന്നശേഷി / സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം എന്നിവ യഥാക്രമം 27 / 15 / 7.5 / 3 / 5 %. പിഎച്ച്ഡിക്കു മാത്രം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 5% സംവരണമില്ല. ബിടെക്കിന് ഹോസ്റ്റൽ ഭക്ഷണമടക്കം ആദ്യ സെമസ്റ്ററിന് 1,62,500 രൂപയും, തുടർന്നുള്ള സെമസ്റ്ററുകൾക്ക് 1,35,600 രൂപയും ഫീസ് നൽകണം. എംടെക്കിന് ഇത് യഥാക്രമം 1,03,800 / 85,150 രൂപ.
ബ്രോഷറും ഓൺലൈൻ അപേക്ഷയും വെബ്‌സൈറ്റിൽ. അപേക്ഷാ ഫീസ് 1000 രൂപ; പട്ടികവിഭാഗക്കാർക്ക് 500 രൂപ. അപേക്ഷ സമർപ്പിക്കാനുള്ള നിർദ്ദേശങ്ങളും എംബിഎ / പിഎച്ച്ഡി വിവരങ്ങളും സൈറ്റിലുണ്ട്. മികച്ച വിദ്യാർഥികൾക്ക് ഫീസിളവും പ്രതിമാസ സ്റ്റൈപെൻഡും കിട്ടാം.