അച്ഛനമ്മമ്മാരുടെ ഷോകെയ്സിലെ ട്രോഫികളാവരുത്; വഴി കുട്ടികൾ കണ്ടുപിടിക്കട്ടെ
Mail This Article
എന്റെ ഒരു സുഹൃത്തുണ്ട്, അഹ്സൻ. പത്തിൽ നല്ല മാർക്ക് വാങ്ങി അന്നത്തെ ട്രെൻഡ് അനുസരിച്ച് സയൻസ് എടുത്തു. തുടർന്ന് ഫിസിക്സിൽ ഡിഗ്രി. അതിനു ശേഷമാണ് തന്റെ കർമമേഖല ഇതല്ലെന്നും സാമൂഹിക സേവനമാണെന്നും തിരിച്ചറിയുന്നത്.
പിന്നീട് സ്വന്തം താൽപര്യപ്രകാരം ന്യൂഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എംഎ ചൈൽഡ് ഡവലപ്മെന്റ് ആൻഡ് സോഷ്യൽ വർക്കിനു ചേർന്നു. സാമൂഹികസേവന രംഗത്തു രാജ്യത്തു പ്രശസ്തമായ ‘പ്രദാൻ’ എന്ന സന്നദ്ധസംഘടനയിലാണ് അഹ്സൻ ഇന്നു ജോലി ചെയ്യുന്നത്. സാധാരണ ജോലിയിൽ ഒതുങ്ങിക്കൂടേണ്ടിയിരുന്ന ഒരാൾക്ക് ഇങ്ങനെയൊരു മാറ്റമുണ്ടായത് വൈകിയെങ്കിലും സ്വന്തം അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുത്തതു കൊണ്ടാണ്.
അഭിരുചി, തൊഴിൽസാധ്യത
പത്താം ക്ലാസ് കഴിഞ്ഞ് എന്തു പഠിക്കണം? വിദ്യാർഥിയുടെ അഭിരുചിയും താൽപര്യവും തന്നെയാകണം പ്രധാന മാനദണ്ഡങ്ങൾ. അഭിരുചിക്കനുസരിച്ചു പഠിക്കാനാകുന്നതു കൊണ്ടാണു ജർമനി, ഫിൻലൻഡ് പോലെയുള്ള രാജ്യങ്ങൾ മനുഷ്യവിഭവ ശേഷിയുടെ ഉപയോഗത്തിലും സമഗ്ര വികസനത്തിനും മുന്നിൽ നിൽക്കുന്നത്. ഇക്കാര്യത്തിൽ ഇവിടെയും ശാസ്ത്രീയ സമീപനം അത്യാവശ്യമാണ്. കേരള ഹയർ സെക്കൻഡറി ഡിപ്പാർട്മെന്റിന്റെ കെ–ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), എൽ– ക്യാറ്റ് (ലീഡ് കരിയർ അസെസ്മെന്റ് ടെസ്റ്റ്) തുടങ്ങി വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന അഭിരുചിപരീക്ഷകൾ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ തൊഴിൽ സാധ്യത, സീറ്റ് ലഭ്യത എന്നിവ കൂടി പരിഗണിക്കണം.
അറിയൂ, പുതിയ മേഖലകൾ
ലോകത്തെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങളും പഠിക്കണം. നാട്ടുനടപ്പനുസരിച്ച് കോഴ്സ് തിരഞ്ഞെടുക്കുന്ന പരമ്പരാഗത കാഴ്ചപ്പാട് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.
എൻജിനീയറിങ്, മെഡിസിൻ, അധ്യാപനം, ചാർട്ടേഡ് അക്കൗണ്ടൻസി തുടങ്ങിയ പരമ്പരാഗത തൊഴിൽമേഖലകൾക്കപ്പുറത്ത് ധാരാളം അവസരങ്ങൾ ഇന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ, മെഷീൻ ലേണിങ്, എത്തിക്കൽ ഹാക്കിങ്, സൈബർ സെക്യൂരിറ്റി തുടങ്ങി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടു നൂതന മേഖലകൾ പലതുണ്ട്. ക്രിയേറ്റീവ് റൈറ്റിങ്, കണ്ടന്റ് ഡവലപ്മെന്റ്, ജേണലിസം, ക്ലിനിക്കൽ സൈക്കോളജി, ഡവലപ്മെന്റ് ഇക്കണോമിക്സ്, സോഷ്യൽ വർക്ക് തുടങ്ങി ഹ്യൂമാനിറ്റീസ്, ലിറ്ററേച്ചർ മേഖലകളിൽ നിന്നുള്ളവർക്കു തിളങ്ങാൻ പറ്റിയ മേഖലകളും ഏറെയാണ്. സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് മെഡിസിൻ, കോച്ചിങ് എന്നിങ്ങനെയാണു കായിക മേഖലയിലെ തൊഴിലവസരങ്ങൾ.
സംരംഭകരും ഗവേഷകരും
തൊഴിലന്വേഷകർ തൊഴിൽദാതാക്കൾ കൂടിയാകുന്ന പുതിയ കാല ഇന്ത്യയാണ് നാം യാഥാർഥ്യമാക്കേണ്ടത്. സർക്കാർ / ബഹുരാഷ്ട്ര കമ്പനി ജോലികളിലുള്ള അമിതാശ്രയത്വം അവസാനിപ്പിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കണമെങ്കിൽ യുവ സംരംഭകരെ സ്കൂളുകളിൽ നിന്നേ വളർത്തിക്കൊണ്ടു വരണം. പ്ലസ്ടു കൊമേഴ്സ് അത്തരം താൽപര്യമുള്ള വിദ്യാർഥികൾക്ക് നല്ല അവസരമാണ്.
അക്കാദമിക, അധ്യാപന, ഗവേഷണ താൽപര്യമുള്ളവർക്കു ധാരാളം അവസരങ്ങളും സ്കോളർഷിപ്പുകളും നൽകുന്ന വിദേശ സർവകലാശാലകളും കേന്ദ്ര സർവകലാശാലകളുമുണ്ട്. ഇന്നും മലയാളിയുടെ ശ്രദ്ധ വേണ്ടത്ര പതിയാത്ത മേഖലയാണിത്. ഇത്തരം താൽപര്യമുള്ളവർക്കു പ്ലസ്ടുവിന് ഈ ലക്ഷ്യങ്ങൾ വച്ച് കോഴ്സ് തിരഞ്ഞെടുക്കാം.
തൊഴിലധിഷ്ഠിത പഠനം
പത്താം ക്ലാസ് കഴിഞ്ഞ് പെട്ടെന്നു ജോലി വേണ്ടവർക്കു തിരഞ്ഞെടുക്കാവുന്ന ഐടിഐ, പോളിടെക്നിക്, ഫുഡ് ക്രാഫ്റ്റ് മാനേജ്മെന്റ് തുടങ്ങി തൊഴിലധിഷ്ഠിത, നൈപുണ്യ വികസന കോഴ്സുകളും ലഭ്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ല പിന്തുണ നൽകിവരുന്ന മേഖലയാണു നൈപുണ്യ വികസനം. പ്ലസ്ടുവിനു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ കേരള സർക്കാരിന്റെ ‘അസാപ്’ പദ്ധതിയുടെ (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) സേവനം ഉപയോഗപ്പെടുത്താൻ സൗകര്യമുള്ള സ്കൂളുകളും കോഴ്സുകളും പ്രത്യേകം പരിഗണിക്കാം.
കുട്ടിയുടേതാകണം തീരുമാനം
കുട്ടികളുടെ അഭിരുചി, തൊഴിൽ സാധ്യത തുടങ്ങിയ ഘടകങ്ങൾ കൃത്യമായി പരിഗണിച്ച് ഉപരിപഠനം നടത്തിയാൽ മികച്ച കരിയർ ഉറപ്പാണ്. പക്ഷേ അന്തിമ തീരുമാനം കുട്ടിയുടേതു തന്നെയാകണം.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടുവിനെക്കുറിച്ചും അതുകഴിഞ്ഞ് ഡിഗ്രിയെക്കുറിച്ചും അതിനുശേഷം മാത്രം ജോലിയെക്കുറിച്ചും ആലോചിക്കുന്ന രീതി മാറണം. ആദ്യം കരിയർ എന്താകണമെന്ന് തീരുമാനിച്ച് അതിനനുസരിച്ച് പ്ലസ്ടുവും ഡിഗ്രിയും തിരഞ്ഞെടുക്കുന്ന മിടുക്കരാകണം വരും തലമുറ.
അവർ അച്ഛനമ്മമ്മാരുടെ ഷോകെയ്സിലെ ട്രോഫികളാകരുത്. കുളത്തിലെ തവളകളും ഒഴുക്കിൽപ്പെട്ടു പോകുന്ന മീനുകളുമാകരുത്. പകരം ആകാശത്തിന്റെ അനന്ത സാധ്യതകൾ ലക്ഷ്യം വച്ചു പറക്കുന്ന പക്ഷികളും ഭൂമിയിൽ പുതുവഴികൾ തേടുന്ന ദേശാടനക്കിളികളുമാകണം. അതിനവർക്കു മാർഗനിർദേശവും അവസരവും നൽകുക എന്നതാണു മുതിർന്നവരുടെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തങ്ങളിലൊന്ന്.
(മലപ്പുറം ജവാഹർ നവോദയയിൽ പഠിച്ച മുഹമ്മദ് സജ്ജാദിനു പത്താം ക്ലാസിൽ ലഭിച്ചത് 74% മാർക്ക്. തുടർന്ന് ഹ്യുമാനിറ്റീസ്. കോഴിക്കോട് ഫറോക്ക് കോളജിൽ ബിഎ സോഷ്യോളജി പൂർത്തിയാക്കിയ ശേഷം ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ എംഎ. ഒടുവിൽ സിവിൽ സർവീസ് നേട്ടവും)