ഹിറ്റായി നോർക്കയുടെ എക്സ്പ്രസ് റിക്രൂട്മെന്റ് സർവീസ്
Mail This Article
മാസത്തിൽ രണ്ടു തവണ കൃത്യമായി തിരഞ്ഞെടുപ്പ്; ഇടനിലക്കാരില്ല – വിദേശ നിയമനങ്ങൾക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ നോർക്ക റൂട്സ് ആരംഭിച്ച എക്സ്പ്രസ് റിക്രൂട്മെന്റ് സർവീസ് ഹിറ്റാകുന്നു. നഴ്സുമാർക്കു ലഭിക്കുന്നതു വമ്പൻ അവസരങ്ങൾ. സൗദി അറേബ്യയിലെ അൽ–മൗസാറ്റ് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ് നിയമനം ലഭിച്ച 50 പേരിൽ 29 പേർ ഉടൻ ജോലിയിൽ പ്രവേശിക്കും. അടുത്ത റിക്രൂട്മെന്റ് ഈ മാസം അവസാനം.
എന്താണീ എക്സ്പ്രസ് ?
വിദേശ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ സാധാരണഗതിയിൽ ആറു മാസമെങ്കിലും വേണം. പകരം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനുള്ള നോർക്ക റൂട്സിന്റെ ഉദ്യമമാണ് എക്സ്പ്രസ് റിക്രൂട്മെന്റ് സർവീസ്. വിഡിയോ കോൺഫറൻസിങ്, സ്കൈപ് ഇന്റർവ്യൂ എന്നിവയിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാൽ കാലതാമസം പരമാവധി ഒഴിവാകും. ബിഎസ്‌സി, ജിഎൻഎം നഴ്സുമാർക്ക് അവസരമുണ്ട്. ബിഎസ്‌സി നഴ്സുമാർക്ക് ഒരു വർഷത്തെയും ജിഎൻഎം നഴ്സുമാർക്കു രണ്ടു വർഷത്തെയും പ്രവൃത്തിപരിചയം വേണം. സൗദിയിലെ അൽ–മൗസാറ്റ് ആശുപത്രിയിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. കുവൈത്ത് ഉൾപ്പെടെ മറ്റു വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് നിയമനവും ഉടൻ എക്സ്പ്രസ് റിക്രൂട്മെന്റിലേക്കു മാറ്റും.
അപേക്ഷ ഇ–മെയിലിൽ
എക്സ്പ്രസ് റിക്രൂട്മെന്റ് അറിയിപ്പ് പ്രധാന ദിനപത്രങ്ങളിലും നോർക്ക റൂട്സ് വെബ്സൈറ്റിലും (www.norkaroots.org) പ്രസിദ്ധീകരിക്കും. ഈ സമയം ഉദ്യോഗാർഥികൾ സ്വന്തം ബയോഡേറ്റ ഇ–മെയിൽ ചെയ്യണം. വിലാസം: rmt4.norka@kerala.gov.in
റിക്രൂട്മെന്റ് അറിയിപ്പ് വരാത്ത സമയത്തും ഈ ഐഡിയിലേക്കു ബയോഡേറ്റ അയയ്ക്കാം. യോഗ്യതയുള്ളവരെ ഇന്റർവ്യൂവിന് ക്ഷണിക്കും; ഒരു ദിവസം 25 പേർ. അപേക്ഷാ ഫീസില്ല. തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജായ 30,000 രൂപയും ജിഎസ്ടിയും ഈടാക്കും..
ഇതുവരെ 1283 നിയമനം
വിദേശ റിക്രൂട്മെന്റ് ലൈസൻസ് ലഭിച്ച 2015 മുതൽ ഇതുവരെ നോർക്ക 1283 പേർക്കു വിദേശ ജോലി നേടിക്കൊടുത്തു. സ്റ്റാഫ് നഴ്സ്– 1037, ടെക്നീഷ്യൻ– 41, ഡോക്ടർ– 10, ഗാർഹിക തൊഴിലാളികൾ– 195. സൗദി, യുഎഇ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ നഴ്സ്, ഡോക്ടർ, മെഡിക്കൽ ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഇപ്പോൾ റിക്രൂട്മെന്റ് നടത്തുന്നത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിലേക്കുള്ള നഴ്സ് റിക്രൂട്മെന്റ് തുടങ്ങിയിട്ടുണ്ട്.
വിലാസം
നോർക്ക റൂട്സ്
നോർക്ക സെന്റർ, തൈക്കാട്
തിരുവനന്തപുരം– 695014
ഫോൺ: 0471 2770500, 2332416,
2332452. ഫാക്സ്– 0471 2326263
ടോൾഫ്രീ: 18004253939 (ഇന്ത്യ),
00918802012345 (വിദേശം)
ഇ–മെയിൽ: mail@norkaroots.org
വെബ്സൈറ്റ്: www.norkaroots.org