തല കുലുക്കിയോ ആട്ടിയോ സംസാരിക്കാറുണ്ടോ? എങ്കിൽ അറിയണം ഈ കാര്യങ്ങൾ
Mail This Article
താൽപര്യമുള്ള എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ ഒരു വശത്തേക്ക് തലയൽപം ചെരിച്ചു പിടിക്കുന്നതു മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കാണുന്ന ഒരു സ്വഭാവവിശേഷമാണെന്നു ചാൾസ് ഡാർവിൻ പണ്ടേ പറഞ്ഞിട്ടുണ്ട്. തല ചെരിച്ചു പിടിക്കയെന്നതു താൽപര്യത്തിന്റെ ലക്ഷണമാണെന്ന നിഗമനത്തെ അല്ലൻ പീസിനെപ്പോലുള്ള ആധുനിക ഗവേഷകരും ശരിവയ്ക്കുന്നു. സ്ത്രീകളുട തല ചെരിച്ചുള്ള നോട്ടം ഇഷ്ട പുരുഷനോടുള്ള താൽപര്യത്തിന്റെ നിശ്ശബ്ദ സൂചനയായേക്കാം.
സെമിനാറുകളിലും മറ്റും പ്രഭാഷകരുടെ വാക്കുകൾ താൽപര്യപൂർവം കേട്ടുകൊണ്ടിരിക്കുന്ന ആളുകളിലധികവും തല അൽപമെങ്കിലും ഒരു വശത്തേക്കു ചെരിച്ചു പിടിച്ചിരിക്കുന്നതായി കാണാം.
ഗ്രൂപ്പുകളിൽ മാത്രമല്ല വ്യക്തികൾ തമ്മിലുള്ള മുഖാമുഖ സംഭാഷണവേളകളിലും ഈ പ്രത്യേകത കാണാവുന്നതാണ്.
മേൽ സൂചിപ്പിച്ച അവസ്ഥയ്ക്കു പുറമെ മറ്റു രണ്ടവസ്ഥകളെക്കുറിച്ചു കൂടി അല്ലൻ പീസ് വിശദീകരിക്കുന്നു. ഒരു വശത്തേക്കുള്ള ചെരിവിനോടൊപ്പം തന്നെ തല അൽപ്പം മുന്നോട്ടു കുനിഞ്ഞാണ് ഇരിപ്പെങ്കിൽ അത് പ്രതികൂല മനോഭാവത്തിന്റെയോ വിശകലനാത്മക മനോഭാവത്തിന്റെയോ സൂചനയായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
സമര്‍ഥരായ പ്രഭാഷകരും അധ്യാപകരും മറ്റും ശ്രോതാക്കളെ ഈ അവസ്ഥയിൽ കാണുന്ന പക്ഷം ചെറിയ ഫലിത പ്രയോഗങ്ങൾ പോലുള്ള പൊടിക്കൈകളിലൂടെ അവരെ ഒന്നാമത്തെ അവസ്ഥയിലേക്കു കൊണ്ടുവന്നതിനു ശേഷം മാത്രമേ പ്രഭാഷണം ആരംഭിക്കുകയോ തുടരുകയോ ചെയ്യൂ.
തല ഉയർത്തി ലംബമായി പിടിച്ചിരിക്കുന്നതാണ് മൂന്നാമത്തെ അവസ്ഥ. ഈ അവസ്ഥയിൽ വല്ലപ്പോഴും ചെറുതായി തലയാട്ടുകയോ തല കുലുക്കുകയോ ചെയ്തേക്കാം.
ഇതു മുകളിൽ പറഞ്ഞ രണ്ടവസ്ഥകൾക്കുമിടയിലുള്ള നിഷ്പക്ഷ (neutral) മനോഭാവത്തെ സൂചിപ്പിക്കുന്നു.
തലയാട്ടലിനെയും തലകുലുക്കലിനെയും സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ‘അതെ’, ‘അല്ല’ എന്നിങ്ങനെയുള്ള അടിസ്ഥാന അർഥകൽപനകൾക്കു പുറമേ കുറേക്കൂടി വിശാ ലമായ അർഥങ്ങൾ അവയ്ക്കുള്ളതായിക്കാണാം. ചെറിയ തോതിലുള്ള തലകുലുക്കൽ കേൾവിക്കാരുടെ ശ്രദ്ധയെ സൂചിപ്പിക്കുമ്പോൾ കുറേക്കൂടി ശക്തിയിൽ ആവർത്തിച്ചുള്ള തലയാട്ടൽ അഭിപ്രായ ഐക്യത്തെ സൂചിപ്പിക്കുന്നു.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നാം തല ചലിപ്പിച്ചു കൊണ്ടേയിരിക്കുമല്ലോ. പറയുന്ന വാക്കുകളേക്കാളുപരി അവയ്ക്കു പിന്നിലെ വൈകാരികാവസ്ഥകളാണു തലയുടെ ചലനങ്ങളിലൂടെ വെളിവാകുന്നത്.
പൊതു സദസ്സുകളിൽ ഏറെ നേരം പ്രഭാഷകന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരിക്കുന്ന ആളുകളെ നിരീക്ഷിക്കുന്ന പക്ഷം ചില സമയങ്ങളിൽ അവരുടെ ശാരീരിക ചേഷ്ടകളിൽ പെട്ടെന്നു മാറ്റം വരുന്നതായി കാണാം. ചെരിച്ചു പിടിച്ച തല നിവർത്തുകയും മുതുകു നിവർത്തി ഒന്നു ഞെളിഞ്ഞിരുന്നു ചുറ്റുമിരിക്കുന്നവരിലേക്കോ സീലിങ്ങിലേക്കോ വാച്ചിലേക്കോ പുറത്തേക്കുള്ള കവാടത്തിലേക്കോ അവർ ഇടയ്ക്കിടെ നോക്കുന്നുവെങ്കിൽ അതിനർഥം പ്രസംഗം അവർക്കു മതിയായി എന്നാണ്. പരിചയസമ്പന്നരായ പ്രസംഗകരാണെങ്കിൽ ഇത്തരം ചേഷ്ടകൾ കാണുമ്പോൾ അതിന്റെ പൊരുൾ ഉൾക്കൊണ്ടുകൊണ്ട് ഉടൻ പരിപാടി അവസാനിപ്പിക്കും. പൊതു സദസ്സുകളിൽ പ്രസംഗിക്കുമ്പോൾ ശ്രോതാക്കളിൽ ഇത്തരം ചേഷ്ടസങ്കലനങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നു തോന്നുന്നതിന്റെ തൊട്ടുമുൻപേ പ്രഭാഷണം അവസാനിപ്പിക്കുന്നതാണ് ബുദ്ധിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കടപ്പാട്
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്
Order Book>>