ADVERTISEMENT

പണം എവിടെ നിക്ഷേപിക്കണം എന്നതിനെ കുറിച്ചു ചിന്തിച്ചാണു നമ്മളില്‍ പലരും ഇന്നു തല പുകയ്ക്കുന്നത്. അതു മ്യൂച്ചല്‍ ഫണ്ടില്‍ വേണോ, സ്വര്‍ണ്ണത്തില്‍ വേണോ, നേരിട്ട് ഓഹരിയില്‍ വേണോ എന്നതൊക്കെയാണു ചോദ്യങ്ങള്‍. എന്നാല്‍ നിക്ഷേപം പണത്തിലോ സ്വര്‍ണ്ണത്തിലോ മാത്രം മതിയോ?

ഈ സ്വര്‍ണ്ണവും പണവുമെല്ലാം സമ്പാദിക്കാന്‍ കാരണമായ നിങ്ങള്‍ എന്ന വ്യക്തിയിലും ആവശ്യമല്ലേ കുറച്ചു നിക്ഷേപം? കരിയറിലെയും ജീവിതത്തിലെയും വിജയത്തിന് അല്‍പസ്വല്‍പം അവനവനിലും നിക്ഷേപിക്കാന്‍ തുടങ്ങണമെന്നതാണു പുതുകാലത്തിന്റെ ഫോര്‍മുല. ഇനി ഇതെങ്ങനെ സാധിക്കുമെന്നു നോക്കാം. ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ക്കായാണ് അവനവനില്‍ നിക്ഷേപിച്ചു തുടങ്ങുമ്പോള്‍ സമയവും പണവും വിനിയോഗിക്കേണ്ടത്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:

1. ഒരു വികസന മനോഭാവം വളര്‍ത്തുക
രണ്ടു തരം മനോഭാവക്കാരുണ്ട്. ചില കാര്യങ്ങള്‍ ചെയ്യാന്‍ ചിലയാളുകള്‍ക്കു മാത്രമേ സാധിക്കൂ എന്നും മറ്റുള്ളവര്‍ക്കു തങ്ങളുടെ ബുദ്ധിക്ക് അനുസരിച്ച് മാത്രമൊക്കെയുള്ള കഴിവുകളേ ഉണ്ടാകൂ എന്നും വിചാരിക്കുന്നവരാണ് ആദ്യത്തെ വിഭാഗം. ഇവരെ സ്ഥിര മനോഭാവക്കാരെന്നു വിളിക്കാം. എന്നാല്‍ രണ്ടാമത്തെ മനോഭാവക്കാര്‍ കരുതുന്നത് കഠിനാധ്വാനത്തിലൂടെയും നല്ല നയങ്ങളിലൂടെയും മറ്റുള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടും നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാം എന്നാണ്. ഇങ്ങനെയുള്ള വികസനോന്മുഖ മനോഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. പരാജയങ്ങളെ ഭയക്കാതെ വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നതാണ് ഇത്തരം മനോഭാവം വളര്‍ത്തിയെടുക്കാന്‍ ചെയ്യേണ്ടത്. ഈ പ്രക്രിയയുടെ ഫലമെന്തായാലും നിങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ പഠിക്കാന്‍ സാധിക്കും. ആത്മാര്‍ത്ഥവും സൃഷ്ടിപരവുമായ പ്രതികരണങ്ങള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഈ മനോഭാവത്തിനായി ചെയ്യേണ്ട മറ്റൊരു കാര്യം.

2. ചെയ്ത കാര്യങ്ങള്‍, കുറിക്കേണ്ട ലക്ഷ്യങ്ങള്‍
നിങ്ങള്‍ ഇതു വരെ ജീവിതത്തിലും കരിയറിലും ചെയ്തതും നേടിയതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് അവലോകനം ചെയ്യുക. ഈ ബോധ്യത്തില്‍ ചവിട്ടി നിന്നു കൊണ്ട് എന്തായി തീരണം എന്ന ചില ലക്ഷ്യങ്ങളുണ്ടാക്കുക. അതിനായി ഒരു കര്‍മ്മ പദ്ധതിയും തയ്യാറാക്കുക. എന്തായി തീരണമെന്ന ലക്ഷ്യം കുറിക്കുന്നത് അത്ര എളുപ്പമല്ല. ഓരോ ദിവസവും ജോലികളുടെ സ്വഭാവം തന്നെ മാറുന്നു, പുതിയ സാങ്കേതിക വിദ്യകളെത്തുന്നു. അങ്ങനെ നാം ഒരിക്കല്‍ ആഗ്രഹിച്ച തൊഴില്‍ പോലും ഇപ്പോള്‍ മറ്റെന്തോ സ്വഭാവത്തിലുള്ളതായി തീര്‍ന്നതായി നമുക്ക് തോന്നാം. 

നിങ്ങള്‍ കരിയറിനെ കുറിച്ചു ചിന്തിച്ചിരുന്ന രീതി ഒന്നു മാറ്റിപിടിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വന്നു ചേരും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ ആസ്വദിച്ച് ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു, ഇഷ്ടമില്ലാതെ ചെയ്ത കാര്യങ്ങള്‍ എന്തായിരുന്നു എന്നെല്ലാം ആലോചിക്കുക. ഇത്തരത്തിലൊരു മനനത്തിലൂടെ വൈവിധ്യമാര്‍ന്ന കരിയര്‍ ഓപ്ഷനുകളിലേക്കു മനസ്സിനെ കൊണ്ട് ചെന്നെത്തിക്കാന്‍ സാധിക്കും. ഒരു മെന്ററോ, പരിശീലകനോ ഉണ്ടെങ്കില്‍ നിങ്ങള്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതിയില്‍ തുടരാനും അതില്‍ പുരോഗതി ഉണ്ടാക്കാനും സാധിക്കും. 

3. നിങ്ങളുടെ മേഖലയെ സസൂക്ഷ്മം പിന്തുടരുക, നെറ്റ്‌വര്‍ക്കിങ് ചെയ്യുക
നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ മാത്രം തല പൂഴ്ത്തിവയ്ക്കാതെ നിങ്ങളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ അറിയുകയും അവയ്ക്ക് അനുസൃതമായി സ്വയം മാറാന്‍ ശ്രമിക്കുകയും ചെയ്യുക. ഓരോ ദിവസവും പുതിയ തരം ജോലികള്‍ പ്രത്യക്ഷപ്പെടുന്ന ഈ ലോകത്തു നിങ്ങളുടെ കഴിവുകള്‍ക്കും അനുഭവപരിചയത്തിനും ചേരുന്ന ഇതിനു മുന്‍പു നിങ്ങള്‍ കേട്ടിട്ടില്ലാത പ്രൊഫൈലുകള്‍ പൊന്തിവന്നെന്നിരിക്കും. ഇവയ്ക്ക് അനുസൃതമായി നമ്മുടെ കഴിവുകളെ ഉപയോഗപ്രദമാക്കുന്ന തരം ഫ്ലെക്‌സിബിലിറ്റി കൈവരിക്കുക. 

അല്‍പ സമയം നെറ്റ് വര്‍ക്കിങ്ങിനു വേണ്ടിയും മാറ്റി വയിക്കുക. നേരിട്ടു മനുഷ്യരെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്ന ഇവന്റുകള്‍, ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്താം. നിങ്ങളുടെ പരിചയക്കാരുമായി നിലവിലുള്ള ബന്ധം ഇടയ്‌ക്കൊക്കെ വിളിച്ചും കാര്യങ്ങള്‍ തിരക്കിയും തുടരണം. നിങ്ങളറിയാത്ത പല ജോലി സാധ്യതകളും ഇത്തരം നെറ്റ്‌വര്‍ക്കിങ്ങിലൂടെയാണ് അറിയാന്‍ സാധിക്കുക. 

4. പഠനത്തിനു മുന്‍ഗണന നല്‍കുക
ഒരു ജോലി കിട്ടിയതു കൊണ്ടു പഠനം അവസാനിക്കുന്നില്ല. അതൊരു തുടര്‍ പ്രക്രിയയാക്കണം. മാറുന്ന കാലഘട്ടത്തിനു അനുസരിച്ച് പുതിയ നൈപുണ്യശേഷികള്‍ കൈവരിക്കാന്‍ തുടര്‍പഠനം അനിവാര്യമാണ്. ഓണ്‍ലൈന്‍ കോഴ്‌സുകളടക്കം നിരവധി സാധ്യതകള്‍ ഇന്നു പഠനത്തിനായിട്ടുണ്ട്. അവയെല്ലാം പരമാവധി ഉപയോഗപ്പെടുത്തുക. പഠനം രസകരമാക്കാന്‍ കുറച്ചു സുഹൃത്തുക്കളെ ഒപ്പം കൂട്ടിയുള്ള കമ്മ്യൂണിറ്റി ലേണിങ് രീതികളും സ്വീകരിക്കാവുന്നതാണ്. 

ഇത്തരത്തില്‍ സ്വന്തം വ്യക്തിത്വത്തിനും നൈപുണ്യങ്ങള്‍ക്കും വേണ്ടി അല്‍പം നിക്ഷേപിച്ചാല്‍ ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ അതിലൂടെ സാധിക്കും. ഒരു പക്ഷേ, നിങ്ങളുടെ പണം കൊണ്ടു നേടിയെടുക്കാന്‍ കഴിയുന്നതിലും വലിയ നേട്ടം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com