സ്വസ്ഥമായി മരിക്കണോ? ഫുൾ സപ്പോർട്ട് കിട്ടും; കാശ് മുടക്കണം എന്നുമാത്രം!
Mail This Article
‘സോൾട്ട് ആൻഡ് പെപ്പർ’ സിനിമയിലെ ഉപദേശകൻ കെ.ടി.മിറാഷിനെ ഓർമയില്ലേ? ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ഉപദേശിക്കാനും മോട്ടിവേഷൻ തരാനുമൊക്കെ എത്തുന്ന കഥാപാത്രം. യഥാർഥ ജീവിതത്തിൽ അത്തരക്കാർക്കു കെ.ടി.മിറാഷ് എന്നൊരു പേരുതന്നെ അങ്ങനെ വീണു.
ആ കഥാപാത്രത്തെ നമുക്കു തമാശക്കാരനായി കാണാമെങ്കിലും, പഠനത്തിലും കരിയറിലും മാത്രമല്ല മരണക്കിടക്കയിൽപ്പോലും മോട്ടിവേഷനു വലിയ സ്ഥാനമുണ്ട്. ലൈഫ് സ്കില്ലിനുള്ള ആ പ്രസക്തിയാണ് ‘എൻഡ് ഓഫ് ലൈഫ് കോച്ച്’ എന്ന ജോലി പുതിയൊരു കരിയറായി വികസിക്കുന്നതിനു പിന്നിൽ. കഴിഞ്ഞ ഒന്നോ രണ്ടോ വർഷത്തിനിടെ വികസിച്ചുവന്ന മേഖലയാണിത്.
ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയവർക്കു മാനസികമായ കരുത്തു പകരുക എന്നതാണ് എൻഡ് ഓഫ് ലൈഫ് കോച്ചുമാരുടെ ജോലി. വികസിത രാജ്യങ്ങളിൽ ഇത്തരം ആളുകളുണ്ട്. ‘അർഥപൂർണമായി മരിക്കാൻ സഹായിക്കും’ എന്നതാണ് എൻഡ് ഓഫ് ലൈഫ് കോച്ചുമാരുടെ വാഗ്ദാനം. പ്രായാധിക്യത്താൽ മരിക്കുന്നവർക്കാണ് ഇവരുടെ സേവനം കൂടുതൽ വേണ്ടിവരിക.
വാർധക്യത്തിന്റെ അവശതയിൽ കഴിയുന്നവരുടെ അടുത്തു ചെല്ലുക, മുൻവിധികളില്ലാതെ അവരോടു സംസാരിക്കുക, കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ചു കുറ്റബോധം വച്ചുപുലർത്താതിരിക്കാൻ അവരെ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് എൻഡ് ഓഫ് ലൈഫ് കോച്ചുമാർ ചെയ്യുന്നത്. മരണത്തെക്കുറിച്ചുള്ള ഭയവും ആശങ്കകളും ഇവർ അകറ്റും. മരുന്നുകൾ നൽകുന്നതുൾപ്പെടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും കോച്ചുമാർ നടത്തും.
മരിക്കാൻ കിടക്കുന്നയാളുടെ ബന്ധുക്കളെയും കോച്ചുമാർ ആശ്വസിപ്പിക്കും. മരണം സ്വഭാവിക പ്രക്രിയയാക്കി, കുടുംബാംഗങ്ങൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ അവരെ സഹായിക്കുക ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തമാണ്. മരണാനന്തരച്ചടങ്ങുകളുടെ ക്രമീകരണങ്ങളും കോച്ചുമാർ തന്നെ നോക്കിക്കൊള്ളും! സ്വസ്ഥമായി മരിക്കാൻ സഹായിക്കുക മാത്രമല്ല, രോഗികളുടെ നില മെച്ചപ്പെടുത്താനും എൻഡ് ഓഫ് ലൈഫ് കോച്ചുമാരുടെ പ്രവർത്തനം സഹായിച്ചെന്നു വരാം.
നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തിയ ഫ്യൂനറൽ ഇവന്റ് മാനേജ്മെന്റ് കമ്പനികൾ ചിലപ്പോൾ ഇത്തരം സേവനങ്ങളും വൈകാതെ ആരംഭിച്ചുകൂടെന്നില്ല.