ശരീരഭാഷയിലെ അപാകതകൾ പരിഹരിക്കാം ഇന്റർവ്യൂകളിൽ തിളങ്ങാം
Mail This Article
Communication is the sum of all the things one person does,
When he wants to create understanding in the mind of another
- Allen Louis
തൊഴിലിനായി ശ്രമിക്കുന്ന ഏതൊരു ഉദ്യോഗാർഥിയോടു ചോദിച്ചാലും അവർ ഏറ്റവും ഭയപ്പെടുന്ന ഒരു കുറവായി ഉയർത്തിക്കാണിക്കപ്പെടുന്ന ഒന്നാണ് കമ്യൂണിക്കേഷൻ സ്കിൽസ് എന്നത്. വിദ്യാർഥികളുടെ പ്രധാന പേടിസ്വപ്നവും അതിനാൽ ഇതു തന്നെ. ഒട്ടേറെ തെറ്റിദ്ധാരണകളും ഈ വിഷയവുമായി ബന്ധപ്പെട്ടു നിൽക്കുന്നുണ്ട്..
കമ്യൂണിക്കേഷൻ സ്കിൽ എന്നാൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിനുള്ള കഴിവാണ് എന്നതാണ് തെറ്റിദ്ധാരണകളിൽ മുഖ്യം. ചിലരുടെ ചിന്തയാകട്ടെ സംസാരിക്കുന്നതാണ് മികച്ച കമ്യണിക്കേഷൻ സ്കിൽസ് എന്നാണ്. ഗ്ലോബൽ ബിസിനസ് ലാംഗേജ് എന്ന് ഇംഗ്ലീഷിനെ വിശേഷിപ്പിക്കാറുണ്ട്. ഏതെങ്കിലും സാേങ്കതിക മേഖലയിൽ തൊഴിൽ നോക്കുന്ന ഉദ്യോഗാർഥികളെ സംബന്ധിച്ച് ഇംഗ്ലീഷിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ കമ്യൂണിക്കേഷൻ സ്കിൽ എന്നാൽ ഇതിനുപരി ഒട്ടേറെ കാര്യങ്ങളുടെ ഒരാകെത്തുകയാണ്.
പ്രധാനമായും ആശയവിനിമയത്തെ (Communication) മൂന്നായി തരംതിരിക്കാം. വെർബൽ കമ്യൂണിക്കേഷൻ, വോക്കൽ കമ്യൂണിക്കേഷൻ, വിഷ്വൽ കമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളാണുള്ളത്.
വെർബൽ കമ്യൂണിക്കേഷൻ (Verbal Communication)
ആശയവിനിമയത്തിൽ ഏഴു ശതമാനം മാത്രമാണ് വാക്കുകൾ ഉപയോഗിച്ചുള്ള ആശയവിനിമയം നടത്തുന്നതത്രെ. അതിനാൽത്തന്നെ വാക്കുകളുടെ ഉപയോഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഏറ്റവും ഉചിതമായ വാക്കുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാനായാൽ മാത്രമേ ഉദ്ദേശിക്കുന്ന ആശയങ്ങൾ അതിന്റെ യഥാർഥ അർഥത്തിൽ സംവദിക്കാൻ സാധിക്കുകയുള്ളൂ. പ്രാദേശിക പദങ്ങൾ, പ്രാദേശിക പ്രയോഗങ്ങൾ എന്നിവ ഒഴിവാക്കണം. ലളിതമായ പദങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ സംവേദനക്ഷമത ഉറപ്പാക്കാം. മികച്ച സമ്പത്തുണ്ടാക്കുന്നതിലും (Vocabulary) പ്രത്യേകമായി ശ്രദ്ധിക്കണം.
ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളായ സ്റ്റീഫൻ ഹോക്കിങ് ഒരു പ്രഭാഷണം നടത്തുന്നതിനായി ഒരിക്കൽ ഡൽഹിയിലെത്തി ഉദ്ഘാടനത്തിനു ശേഷം അന്നത്തെ പ്രസിഡന്റായിരുന്ന കെ. ആർ. നാരായണൻ പ്രോട്ടോക്കോളുകൾ മാറ്റിവച്ച് സ്റ്റേജിൽ നിന്നിറങ്ങി സദസ്യരിലൊരാളായി ഇരുന്ന് പ്രഭാഷണം ആസ്വദിച്ചു. പിന്നീടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാരണം ഇതായിരുന്നു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രഭാഷണം അദ്ദേഹത്തിന് അഭിമുഖമായിത്തന്നെ ഇരുന്നു കേൾക്കേണ്ടതാണ്. ശരീരത്തിന്റെ തൊണ്ണൂറ്റിയഞ്ചു ശതമാനം തളർന്നു പോയ ആ മനുഷ്യന്റെ ശരീരഭാഷയുടെ മികവിനായോ Voice Synthesizer ഉപയോഗിച്ചു സംസാരിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം ആസ്വദിക്കുന്നതിനോ അല്ല, മറിച്ച് വാക്കുകളുടെ അർഥതലങ്ങൾക്കും പ്രാധാന്യമുണ്ട് എന്നതിനാലാണ് കെ. ആർ. നാരായണൻ അപ്രകാരം ചെയ്തത്.
വോക്കൽ കമ്യൂണിക്കേഷൻ (Vocal Communication)
ശബ്ദങ്ങളുടെ ശരിയായ ഉപയോഗം ആശയവിനിമയത്തിൽ മുപ്പത്തെട്ടു ശതമാനം പ്രാധാന്യമുള്ളതാണ് എന്നു പറയപ്പെടുന്നു. പറയുന്ന രീതി ഈട് (Stress) നൽകുന്ന ഇടങ്ങൾ, നിർത്തുകൾ എവിടെ എല്ലാം ആകാം. സംസാരത്തിലെ ഉയർച്ചകളും താഴ്ചകളും എന്നിവയെല്ലാം വോക്കൽ കമ്യൂണിക്കേഷനിൽ പ്രാധാന്യമർഹിക്കുന്നു. വോക്കൽ കമ്യൂണിക്കേഷനിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് നിർത്തേണ്ടിടത്ത് നിർത്തി സംസാരിക്കുക എന്നത്. Hang him not, let him go എന്ന വാക്യത്തില്‍ കോമയുടെ സ്ഥാനം not എന്ന വാക്കിനു ശേഷമായതിനാൽ അവിടെ ഒരു നിർത്തുണ്ട്. കൊല്ലരുത് അവനെ. വെറുതെ വിട്ടേക്കു എന്നാണ് അതിനർഥം. ജഡ്ജി എഴുതിയ ഈ വിധിന്യായത്തെ വായിച്ച രീതി ഒന്നു മാറിപ്പോയി എന്നാണു കഥ. Hang him, not let him go അവനെ കൊല്ലു, വെറുതെ വിടരുത് എന്നായി അതിന്റെ അർഥം മാറിയത്രേ, ഒരു നിർത്തിന്റെ ഫലമായി അർഥം കീഴ്മേൽ മറിയുന്ന കാഴ്ചയാണിവിടെ കാണുന്നത്.
ഉപയോഗിക്കുന്ന ശബ്ദത്തിന്റെ തോത് (Volume) ഏറെ പ്രാധാന്യമുള്ളതാണ് പല ഇന്റർവ്യൂകളിലും ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികൾ നൽകുന്ന മറുപടിയില്‍ ശബ്ദക്കുറവു മൂലം കേൾക്കാൻ സാധിക്കാറില്ല. പെൺകുട്ടികളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. ഉയർന്ന മാര്‍ക്കുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയുമ്പോൾ ഊന്നൽ നല്‍കി സംസാരിക്കുക. മാതൃഭാഷാസ്വാധീനം (Mother tongue Influence) പരമാവധി കുറച്ച് ന്യൂട്രൽ ഇംഗ്ലീഷ് പറഞ്ഞു ശീലിക്കുക. ബ്രിട്ടീഷ് ആക്സെന്റ് സ്വന്തമായിട്ടുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റാനാകും. നിർത്തി നിർത്തി സംസാരിക്കുക എന്നുള്ളതും പ്രധാനപ്പെട്ടതാണ്. വളരെ വേഗം സംസാരിക്കുന്നവരും വളരെ പതുക്കെ സംസാരിക്കുന്നവരും (Slow and fast pace) സംസാരരീതി മെച്ചപ്പെടുത്താൻ ശ്രമിക്കുക.
വിഷ്വൽ കമ്യൂണിക്കേഷൻ (Visual Communication)
Let people see what you say. വിഷ്വൽ കമ്യൂണിക്കേഷൻ എന്താണെന്നു വ്യക്തമാക്കുന്ന വാക്കുകളാണിത്. ആശയവിനിമയം നടക്കുന്നത് വാക്കുകളിൽകൂടി മാത്രമല്ല. ഒരാശയത്തെ അത് എത്തിച്ചേരേണ്ടുന്ന ആളിലേക്ക് എത്തിക്കുന്നതിനായി ആശയവിനിമയം ചെയ്യുന്ന വ്യക്തി ചെയ്യുന്ന എല്ലാ പ്രക്രിയകളുടെയും ആകെത്തുകയാണ് കമ്യൂണിക്കേഷൻ എന്നത്. ശരീരഭാഷ (ബോഡി ലാംഗേജ്) എന്ന വാക്ക് ഈ അവസരത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ആശയവിനിമയത്തിന്റെ അൻപത്തഞ്ചു ശതമാനവും വിഷ്വൽ കമ്യൂണിക്കേഷനിലൂടെയാണ് സാധ്യമാക്കുന്നത്. നമുക്കു ചുറ്റും കാണുന്ന വ്യക്തികളെ ഒന്നു ശ്രദ്ധിക്കുക. അവരുടെ നിൽപ്പിലും നോട്ടത്തിലും ചേഷ്ടകളിലും നിന്നും മറ്റും അവരുടെ മനസ്സിൽ മിന്നിമായുന്ന ചിന്തകളെക്കുറിച്ച് നമുക്കൊരു ധാരണ കിട്ടും ആംഗ്യങ്ങള്‍ (Gestures), ഭാവങ്ങൾ (Postures), നോട്ടം (Eye Contact) എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുന്നു. നമ്മൾ ഒന്നും സംസാരിക്കാതെയിരിക്കുമ്പോഴും നമ്മെക്കുറിച്ചും നമ്മുടെ മനോഭാവത്തെക്കുറിച്ചും ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ശരീരഭാഷ. ചില ഉദാഹരണങ്ങൾ സൂചിപ്പിക്കാം. രണ്ടു വ്യക്തികൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാൾ കൈകൾ നെഞ്ചിനു താഴെയായി കെട്ടി നിൽക്കുകയാണെങ്കിൽ അയാള്‍ക്ക് ആ സംഭാഷണത്തിൽ താൽപര്യമില്ല എന്നൊരു സൂചനയാണുള്ളത്, കൈകൾ നീട്ടി പിൻഭാഗത്തായി കൂട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അതൊരു അധികാരഭാവമായി മാറുന്നു. ഉയർത്തിപ്പിടിച്ച പുരികങ്ങൾ താൽപര്യമില്ലായ്മയുടെയും ഇഷ്ടക്കുറവിന്റെയും വ്യക്തമായ സൂചനയാണ്. കൈകൾകൊണ്ടു താടിയിൽ ഇടയ്ക്കിടയ്ക്കു തടവുന്നത് ആഴത്തിലുള്ള ചിന്തയെയും സംശത്തെയും മറ്റും സൂചിപ്പിക്കുന്നു. വസ്ത്രധാരണരീതി (Dressing) എന്നിവയ്ക്കും ഇന്റർവ്യൂവിൽ പ്രാധാന്യമുണ്ട്.
ക്യാംപസ് റിക്രൂട്മെന്റിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന ഒരു ഉദ്യോഗാർഥി സ്വന്തം ശരീരഭാഷയിൽ ഏതെങ്കിലും വിധത്തിലുള്ള അപാകതകളുണ്ടോ എന്നു സ്വയം പരിശോധിച്ചു വിലയിരുത്തണം മറ്റൊരാൾ പറയുന്ന ആശയത്തെ അനുകൂലിച്ചു കൊണ്ടുള്ള തലയാട്ടലിനെ acceptance nod എന്നു വിശേഷിപ്പിക്കാറുണ്ട്. ഇന്റർവ്യൂവിലും ജിഡിയിലും മറ്റും മറ്റുള്ളവർ പറയുന്ന ആശയത്തോട് താൻ യോജിക്കുന്നു എന്നു സൂചിപ്പിക്കുന്ന തലയാട്ടൽരീതിയാണ് ഇത്. Yes എന്ന് അർഥം വരുന്ന രീതിയിൽ തലയുടെ മുകളിലേക്കും താഴേക്കുമുള്ള ലഘുചലനം കൊണ്ടാണ് ഇതു സാധ്യമാകുന്നത്. ഇതിനു വിപരീതമായി തലയുടെ ചലനം ഇടത്തേക്കും വലത്തേക്കുമായാൽ നേർവിപരീത അർഥമായ No എന്നാകും. ആശയ വിനിമയത്തിനിടയ്ക്കു പിഞ്ചിരിച്ച മുഖത്തോടുകൂടിയ Acceptance not നിങ്ങൾക്കു കൂടുതൽ സ്വീകാര്യത നൽകും.
Eye Contact എന്നതാണ് മറ്റൊരു പ്രധാന ഘടകം. ആശയവിനിമയം ചെയ്യുന്ന വ്യക്തികളിൽ പരമാവധി എല്ലാവരുമായി കണ്ണുകളില്‍ നോക്കി സംസാരിക്കുവാൻ ശ്രദ്ധിക്കുക. ഇന്റർവ്യൂ പാലനിലുള്ള എല്ലാവരുമായി Eye Contact ഉണ്ടാകുവാൻ മറക്കരുത്. അലക്ഷ്യമായി ദൃഷ്ടി പതിപ്പിക്കുന്നതു നിങ്ങളുടെ ആത്മവിശ്വാസമില്ലായ്മ, താൽപര്യക്കുറവ് എന്നിവ സൂചിപ്പിക്കുന്നു. Gestures, Postures എന്നിവയ്ക്കു ശരീരഭാഷയിൽ ഏറെ പ്രാധാന്യമുണ്ട്. Posture എന്നാൽ ഇരിപ്പ്, നിൽപ്പ്, നടപ്പ് എന്നിവയുടെ രീതികളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ കയ്യിലിരിക്കുന്ന ഫയൽ പിടിക്കുന്ന രീതിപോലും നിങ്ങളെക്കുറിച്ചു തെറ്റായ സന്ദേശം നൽകിയേക്കാം. പഴയകാല കല്യാണ ദല്ലാൾമാരുടെ ശൈലിയിൽ ഫയൽ കക്ഷത്തിൽവച്ച് ഇന്റർവ്യൂ മുറിയിലേക്കു കയറിവരുന്ന ഉദ്യോഗാർഥി പരിഹാസ്യനായി മാറുമെന്നുറപ്പ്. മുറിയിൽ പ്രവേശിച്ച ശേഷം അനുവാദം കിട്ടിയ ശേഷം മാത്രം കസേരയിലിരിക്കുക. ഇരിക്കുമ്പോൾ കസേര പൂര്‍ണമായും ഉപയോഗിച്ച് നടു നിവർത്തിയിരിക്കുക. കസേരയുടെ തുമ്പത്തിരിക്കുന്ന വിദ്യാർഥിയിൽ ആത്മവിശ്വാസക്കുറവ് വ്യക്തമായി ദൃശ്യമാകും എന്നാൽ കസേരയിൽ അലസമായി പിന്നോട്ടേക്കാഞ്ഞിരിക്കുന്ന ഉദ്യോഗാർഥി അമിത ആത്മവിശ്വാസം ഉള്ളയാളാണെന്ന ചിന്ത ഉണ്ടാക്കും.
തമിഴകത്തിന്റെ മെഗാസ്റ്റാറായ രജനീകാന്തിനെക്കുറിച്ചോർത്തു നോക്കൂ. ഒരു നായക നടനു വേണ്ടുന്ന പ്രായമോ, സൗന്ദര്യമോ മറ്റു മികവുകളോ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്റ്റൈലൻ ശരീരഭാഷയിലൂടെ അദ്ദേഹം വിദേശരാജ്യങ്ങളിൽ പോലും ആരോധകരെ സൃഷ്ടിച്ചെടുത്തു. കമ്പനികളിൽ വച്ചു നടക്കുന്ന റിക്രൂട്മെന്റുകളിൽ Reception Desk ൽ എത്തുമ്പോൾ മുതൽ നിങ്ങളുടെ പെരുമാറ്റ രീതികളും മറ്റും സിസി ക്യാമറയിലൂടെ എച്ച്ആർ മാനേജർ ശ്രദ്ധിക്കുന്നുണ്ടാകും എന്നു മനസ്സിലാക്കുക. ഇന്റർവ്യൂവിൽ ഇരിക്കുമ്പോൾ നിങ്ങൾ അണിഞ്ഞിരിക്കുന്ന ‘മാന്യത’യുടെ മുഖംമൂടിയില്ലാതെ നിങ്ങളെ മനസ്സിലാക്കുന്നതിനുള്ള അവസരം കൂടിയാണു ശരീരഭാഷ. Good look is not in your hands, but looking good is in your hands.
ദിവസേന ആയിരക്കണക്കിനു മുട്ടകളിട്ട്. എന്നാൽ അതാരെയും അറിയിക്കാതെ മൗനമായിരിക്കുന്ന മീനുകളെപ്പോലെയുള്ള പ്രതിഭകളെയല്ല ആധുനിക തൊഴിൽമേഖലയ്ക്കാവശ്യം. മറിച്ച് ഒരു മുട്ടയിട്ട് പരിസരം മുഴുവൻ കൂകി അറിയിക്കുന്ന മിടുക്കിക്കോഴികളെപ്പോലെ മികവുറ്റ ആശയവിനിമയം നടത്തുന്ന സാധാരണക്കാരെയാണ്.