ADVERTISEMENT

കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനും രാജ്യത്തെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫെ കോഫി ഡെയുടെ സ്ഥാപകനുമായ വി.ജി സിദ്ധാർഥ ജീവനൊടുക്കിയത് അടുത്തിടെയാണ്. 140 വർഷമായി കാപ്പിക്കുരു വ്യവസായം ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിന്റെ ഉടമ, ഓഹരി ഇടപാട്, ഹോസിപിറ്റാലിറ്റി വ്യവസായം എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള താരപരിവേഷമുള്ള വ്യവസായിയായിരുന്നു സിദ്ധാർഥ. പക്ഷേ, 8000 കോടി രൂപയുടെ കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കുകയായിരുന്നു.  രാമായണത്തിൽ ലക്ഷമണോപദേശത്തിലെ ചില വരികൾ ഈ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്.  

ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യർക്ക്

നിൽക്കുമോ യൗവനവും പുനരധ്രുവം?

സ്വപ്നസമാനം കളത്രം സുഖം നൃണാം

അൽപമായുസ്സും നിരൂപിക്ക ലക്ഷ്മണാ. 

സമ്പത്ത് ആർക്കും സ്ഥിരമായി നിൽക്കില്ല. യൗവനവും അതുപോലെതന്നെ. സുഖഭോഗങ്ങൾ സ്വപ്നം പോലെയാണ്. ആയുസ്സാണെങ്കിൽ വളരെ കുറച്ചും. ഇതാണു സാരാംശം. എത്ര അർഥവത്തായ വരികൾ!  

ഒരാൾ ഒരു സംരംഭം തുടങ്ങുമ്പോൾ വിമർശനവുമായി ഒരുപാടു പേർ വന്നേക്കും. അതിനെയെല്ലാം അതിജീവിച്ചു നാം വിജയം കൈവരിച്ചാൽ,  ആ വിജയത്തിന്റെ മഹത്വത്തിലേക്ക് ഇവരെല്ലാം എത്തിച്ചേരുകയും ചെയ്യും. അപ്പോൾ ശരിയും തെറ്റും വിജയത്തിന് അനുസരിച്ചിരിക്കുന്നു എന്നല്ലേ അർഥം?  

മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. ‘മാജിക് പ്ലാനറ്റ്’ എന്ന എന്റെ എക്കാലത്തെയും വലിയ സ്വപ്നത്തെക്കുറിച്ചു പറഞ്ഞപ്പോൾ അതിനെ പിന്തുണച്ചവരേക്കാൾ എതിർത്തവരായിരുന്നു കൂടുതൽ. ഏറെ കഠിനവഴികൾ താണ്ടി ആ സ്വപ്നം സഫലമായപ്പോൾ മാജിക് പ്ലാനറ്റ് പല ജില്ലകളിലും ആരംഭിക്കാമെന്ന രീതിയിൽ ഉപദേശം വന്നുതുടങ്ങി. ധനസമാഹരണത്തിനുവരെ പല വഴികളുമായി പലരും മുന്നോട്ടുവന്നു. പക്ഷേ, ഈ നിർദേശങ്ങളിലും ഉപദേശങ്ങളിലും ഏതു സ്വീകരിക്കണം, എങ്ങനെ സ്വീകരിക്കണം എന്ന കാര്യങ്ങൾ നമ്മുടെ ഉറച്ച തീരുമാനത്തെ ആസ്പദമാക്കിയിരിക്കുന്നു. 

ഇത്തരം വാക്കുകളിൽ ഭ്രമിച്ച് കടമെടുത്തു വ്യവസായം തുടങ്ങി നിൽക്കക്കള്ളിയില്ലാതെ ജീവിതം അവസാനിപ്പിക്കുന്ന എത്രയോ പേരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. കടക്കെണിമൂലം ഒരു കുടുംബം മുഴുവൻ ഇല്ലാതാവുന്ന എത്രയോ സംഭവങ്ങൾ. കണക്കുകൊണ്ടു കെട്ടിപ്പടുക്കുന്ന ജീവിതമാണ് ഇവരുടേയൊക്കെ. മരണം കൊണ്ടു തീർക്കാവുന്ന ബാധ്യതകൾ മാത്രമാണോ ഇതെല്ലാം? 

മിനിമലിസം എന്നു കേട്ടിട്ടുണ്ടോ? നമുക്കത്ര പരിചയമുള്ള വാക്കല്ലെങ്കിലും യൂറോപ്പിലുൾപ്പെടെ പ്രചാരത്തിലുള്ള വാക്കാണിത്. അതൊരു ജീവിതരീതി കൂടിയാണ്. എല്ലാം വാരിവലിച്ചു സ്വന്തമാക്കാനും കയ്യടക്കാനും ശ്രമിക്കുന്നതിനു പകരം തികച്ചും വ്യത്യസ്തമായ ജീവിതരീതി. എന്നാൽ, നമ്മുടെ രീതിയോ? എത്രത്തോളം സ്വന്തമാക്കാമോ അത്രത്തോളം–അതാണു നമ്മുടെ രീതി. താരതമ്യമാണ് നമ്മുടെ ഏറ്റവും വലിയ മനോരോഗം. മൂന്നു പേരടങ്ങുന്ന കുടുംബത്തിനുവേണ്ടി കോടിക്കണക്കിനു രൂപയുടെ വീടു വയ്ക്കുന്നവർ. മറ്റുള്ളവരെക്കാണിക്കാൻ ധാരാളിത്തത്തിനായി കടമെടുത്തും ചെലവിടുന്നവർ. വസ്ത്രധാരണത്തിന്, ആഭരണങ്ങൾക്ക്... ഇതിനൊക്കെ എത്രമാത്രമാണു നാം ചെലവഴിക്കുന്നത്? കടമെന്ന വാൾ തലയ്ക്കുമീതെ തൂങ്ങിക്കിടക്കുമ്പോൾ ഒരു ദിവസം പോലും സമാധാനത്തോടെ നമുക്കുറങ്ങാൻ സാധിക്കില്ല.  

എല്ലാവരും ആഗ്രഹിക്കുന്നതു മനസ്സമാധാനമാണ്. ഓരോ ദിവസവും അവസാനിക്കുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ ധന്യതയിൽ സന്തോഷത്തോടെ, സമാധാനത്തോടെ ഉറങ്ങാൻ സാധിക്കണം. അതിന് ഒറ്റ വഴിയേ ഉള്ളൂ. നമുക്കു കഴിയുന്നതുമാത്രം ആഗ്രഹിക്കുക. നമ്മളക്കൊണ്ടു സാധിക്കുന്നതു മാത്രം ചെയ്യുക. ഒരിക്കൽ മാത്രം ജീവിതം ലഭിച്ച ഈ ഭൂമിയിൽ സ്‌നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു തീർക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com