ഗോൾഫ് ബോളുകൾ തപ്പിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ! അങ്ങനെയുമുണ്ട് ഒരു ജോലി
Mail This Article
കണ്ണെത്താത്ത ദൂരത്തോളം പന്തടിച്ചകറ്റുന്ന ഗോൾഫ് കാണുന്നവർ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ, ഗോൾഫിലേക്കു കണ്ണുനട്ടിരുന്നു പണമുണ്ടാക്കുന്നൊരു വിഭാഗം വിദേശത്തൊക്കെയുണ്ട്. പേര് ‘ഗോൾഫ് ബോൾ ഡൈവർ’. പേരു സൂചിപ്പിക്കുംപോലെ തന്നെ കുളങ്ങളിൽനിന്നും മറ്റും ഗോൾഫ് പന്തുകൾ മുങ്ങിത്തപ്പി എടുക്കുകയാണ് ഈ ജോലി. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇതു വലിയ ബിസിനസാണ്.
വെള്ളത്തിൽ കളയല്ലേ...
70 മുതൽ 150 ഏക്കർ വരെയാണ് ഗോൾഫ് കോഴ്സിന്റെ വിസ്തൃതി. ഇതിൽ പച്ചപ്പു നിറഞ്ഞ സ്ഥലങ്ങൾ, മണൽത്തിട്ടകൾ, കുളങ്ങൾ തുടങ്ങിയവ നിർബന്ധമാണ്. ദൂരേക്ക് അടിച്ചകറ്റുന്ന പന്തുകൾ കുളങ്ങളിൽ വീഴുക പതിവാണ്. പന്തിനു നല്ല ഭാരമുള്ളതിനാൽ കുളങ്ങളുടെ അടിത്തട്ടിലേക്കു പോവുകയും ചെയ്യും. സാമാന്യം നല്ല നിലവാരമുള്ള ഗോൾഫ് പന്തുകൾക്കു 3,000 രൂപയ്ക്കു മുകളിലാണു വില. അതുകൊണ്ടുതന്നെ പന്തുകൾ നഷ്ടപ്പെടുന്നത് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഓരോ വർഷവും ലോകത്തു നിർമിക്കുന്നതിൽ 10% ബോളുകൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നതായാണു കണക്ക്. ഈ സാധ്യതയാണു ഗോൾഫ് ബോൾ ഡൈവർമാർ മുതലെടുക്കുന്നത്.
മുങ്ങിത്തപ്പിയാൽ കാശ്
ഒറ്റയ്ക്കും സംഘമായും പ്രവർത്തിക്കുന്ന ബോൾ ഡൈവർമാരുണ്ട്. ഗോൾഫ് കോഴ്സിലെ കുളങ്ങളിൽനിന്നു ബോളുകളെടുക്കുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. കെട്ടിക്കിടക്കുന്ന ജലത്തിലെ വിഷാംശം, പതിയിരിക്കുന്ന പാമ്പുകൾ തുടങ്ങിയവയെ അതിജീവിക്കേണ്ടതുണ്ട്. അമേരിക്കയിലെ ഗോൾഫ് കോഴ്സുകളിലെ കുളങ്ങളിൽ മുതലകൾ വരെയുണ്ടെന്നു പറയപ്പെടുന്നു!
മുങ്ങിയെടുക്കുന്ന പന്തുകളുടെ എണ്ണമനുസരിച്ചാണു പ്രതിഫലം. വർഷം 50,000 മുതൽ ഒരു ലക്ഷം വരെ ഡോളർ (35 മുതൽ 70 വരെ ലക്ഷം) ഡൈവർമാർ ശരാശരി സമ്പാദിക്കാറുണ്ട്. നമ്മുടെ നാട്ടിലും ഗോൾഫ് കോഴ്സുകൾക്കു കുറവൊന്നുമില്ല. മുങ്ങാംകുഴിയിട്ടു പണം നേടാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ?!