ADVERTISEMENT

വ്യക്തിജീവിതത്തിലെ സമ്മർദ്ദത്തിനും അധികഭാരത്തിനുമെല്ലാം പലപ്പോഴും കാരണമാകുന്നതു തൊഴിലിടങ്ങളാണ്. എടുത്താല്‍ പൊങ്ങാത്ത ഭാരം ജോലി സ്ഥലത്തു ചുമലിലേറ്റിയാല്‍ പതിയെ കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയുമെല്ലാം അതു പ്രതികൂലമായി ബാധിക്കും. മനസ്സിന് സമാധാനമുണ്ടാകാനും തൊഴില്‍-വ്യക്തി ജീവിതത്തില്‍ ഒരു സമതുലനമുണ്ടാക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ സഹായിക്കും

സമയം മുഖ്യം ബിഗിലേ
ഫലപ്രദമായി സമയം കൈകാര്യം ചെയ്യലാണ് മാനസിക ആരോഗ്യത്തിലേക്കുള്ള ആദ്യ പടി. അവധി ദിവസങ്ങളില്‍ ജോലിയില്‍ നിന്നു പൂര്‍ണ്ണമായും അവധിയെടുക്കുക. അതു വ്യക്തിജീവിതത്തിനും കുടുംബത്തിനുമായി മാത്രം മാറ്റി വയ്ക്കുക. കൃത്യമായി സമയം കൈകാര്യം ചെയ്താല്‍ ഒന്നും സമയം തികയുന്നില്ല എന്ന പരാതി ഉണ്ടാകില്ല. 

ആരോഗ്യകരമായ ജീവിതശൈലി
ശരിയായ ഉറക്കം, നല്ല ആഹാരം, സ്ഥിരം വ്യായാമം തുടങ്ങിയവ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ച അരുത്. 

ഏകതാനത ഒഴിവാക്കുക
എന്നും ഒരേ ജോലി ചെയ്യുന്നതും ഒരേ രീതിയില്‍ ഓഫീസിലെ ഇരിപ്പടം സൂക്ഷിക്കുന്നതും ജീവിതം വിരസമാക്കും. ജോലിയില്‍ വൈവിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇരിക്കുന്ന ഡെസ്‌ക്കും മുറിയുമെങ്കിലും ഇടയ്ക്കിടെ ഒന്ന് പുനക്രമീകരിക്കുക. 

ഇടയ്ക്കിടെ ബ്രേക്ക് എടുക്കുക
ഇടയ്ക്ക് അവനവനു വേണ്ടി മാത്രം അല്‍പം സമയം മാറ്റി വയ്ക്കുക. ജോലിക്കും കുടുംബത്തിനും ഒന്നുമല്ലാതെ അവനവനു വേണ്ടി മാത്രമുള്ള കുറച്ചു സമയം നീക്കിവയ്ക്കുക. ഈ സമയം മനസ്സിന് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുക. 

കാര്യങ്ങള്‍ സിംപിളാകട്ടെ
ഒരു സമയത്ത് ഒരു കാര്യത്തില്‍ ശ്രദ്ധയൂന്നുക. വ്യക്തമായ അതിരുകള്‍ നിര്‍ണ്ണയിച്ചു ഹ്രസ്വകാല നേട്ടങ്ങള്‍ കൂടി ലക്ഷ്യം വച്ചു മുന്നോട്ടു കുതിക്കുക. ജോലി സ്ഥലം വാരിവലിച്ചിടാതെ എല്ലാം വൃത്തിയായി അടുക്കി സൂക്ഷിക്കുക. ഒരേ സമയത്തു നിരവധി കാര്യങ്ങള്‍ എടുത്തു തലയില്‍ വയ്ക്കരുത്. ജോലിസ്ഥലത്തു കാര്യങ്ങള്‍ സിംപിളാക്കി വയ്ക്കുന്നതു ശ്രദ്ധ മാറാതെ കാര്യങ്ങള്‍ പെട്ടെന്നു ചെയ്തു തീര്‍ക്കാന്‍ സഹായിക്കും. 

ഊന്നല്‍ നിങ്ങളില്‍ തന്നെയാകട്ടെ
പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ സ്വയം വിലയിരുത്തല്‍ നടത്തുക. മറ്റുള്ളവരെ തോല്‍പ്പിക്കലല്ല, സ്വയം ജയിക്കുകയാണു മുഖ്യം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് അതിലേക്ക് കുതിക്കുക. 

മുന്‍ഗണനകള്‍ നല്‍കുക
ചിലപ്പോള്‍ ചെയ്യാന്‍ പല കാര്യങ്ങള്‍ മിച്ചമുള്ളതായി തോന്നും. ഇതെല്ലാം കൂടി എങ്ങനെ ചെയ്യുമെന്ന് ആലോചിച്ച് തല പുകയ്ക്കാതെ കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പട്ടികയാക്കി തിരിക്കുക. എന്നിട്ട് ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന ക്രമത്തില്‍ ഓരോന്ന് ഓരോന്നായി ചെയ്തു തീര്‍ക്കുക.

പ്രതീക്ഷകള്‍ യാഥാർഥ്യവുമായി ബന്ധമുള്ളത്
അവനവനില്‍ നിന്ന് ഒരു പരിധിയില്‍ അധികം പ്രതീക്ഷിക്കുന്നതും സമ്മർദ്ദമേറ്റും. സ്വയം വിലയിരുത്തല്‍ നടത്തി യാഥാർഥ്യവുമായി ബന്ധമുള്ള പ്രതീക്ഷകള്‍ പുലര്‍ത്തുക. നിങ്ങളുടെ നിയന്ത്രണത്തില്‍പ്പെടാത്ത കാര്യങ്ങള്‍ കൂടിയുണ്ട് എന്നു പരിഗണിച്ചു വേണം പ്രതീക്ഷകള്‍ സൂക്ഷിക്കാന്‍. 

പരിധി നിയന്ത്രിക്കുക
തൊഴില്‍ജീവിതവും വ്യക്തിജീവിതവുമായി കൃത്യമായ പരിധികള്‍ നിര്‍ണ്ണയിക്കുക. തൊഴില്‍ജീവിതം വ്യക്തിജീവിതത്തിലേക്ക് അതിക്രമിച്ച് കടക്കരുത്. അതേ പോലെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തൊഴിലിനെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം.

അല്‍പം തമാശ
ചിരിക്കാനുള്ള അവസരങ്ങള്‍ പാഴാക്കരുത്. ഇതു നിങ്ങള്‍ക്കു മാത്രമല്ല ചുറ്റുമിരുന്നു ജോലി ചെയ്യുന്നവര്‍ക്കു കൂടി പോസിറ്റീവ് ഫലം നല്‍കും. സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും. ജോലി സ്ഥലത്താണ് എന്നുള്ളത് കൊണ്ട് എപ്പോഴും ഗൗരവത്തോടെ മസില്‍പിടിച്ച് ഇരിക്കേണ്ടതില്ലെന്ന് ചുരുക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com