വര്‍ക്ക് ഫ്രം ഹോം വെക്കേഷനല്ല; പാലിക്കാം ഈ മര്യാദകള്‍
Mail This Article
കൊറോണ വൈറസിനെ ചെറുക്കാന്‍ കൂടുതല്‍ കൂടുതല്‍ പേര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആരംഭിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. രാജ്യം ലോക് ഡൗണിലേക്ക് നീങ്ങിയതോടെ പല കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍ വര്‍ക്ക് ഫ്രം ഹോം അല്ലാതെ വേറെ വഴിയില്ലെന്നായി.
ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണെങ്കിലും അല്‍പം അച്ചടക്കവും ഉത്തരവാദിത്തവും ജീവനക്കാരനില്‍ നിന്ന് ആവശ്യപ്പെടുന്നതാണ് ഈ വര്‍ക്ക് ഫ്രം ഹോം പരിപാടി. കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ജീവനക്കാരനെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ഇക്കാലയളവില്‍ കമ്പനി. അശ്രദ്ധയോടെ അതു കൈകാര്യം ചെയ്യുന്നതു നിങ്ങള്‍ക്കും കമ്പനിക്കും ദോഷം ചെയ്യും. വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒന്‍പതു സാങ്കേതിക കാര്യങ്ങള്‍ ഏതൊക്കെയെന്നു പരിശോധിക്കാം.
1. ഓഫീസ് ജോലികള്‍ പേഴ്‌സണല്‍ ഇമെയിലിലും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യരുത്
ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തിഗത ഇമെയിലിലും ഗൂഗിള്‍ ഡ്രൈവിലും സേവ് ചെയ്യുന്നത് അബദ്ധത്തില്‍ ഡേറ്റ ചോരാന്‍ ഇടയാക്കാം. നിങ്ങള്‍ക്കും കമ്പനിക്കും അപകടരമായ പ്രത്യാഘാതങ്ങള്‍ ഇതുണ്ടാക്കും.
2. ഹോം ഇന്റര്‍നെറ്റ് കണക്ഷനില്‍ വിപിഎന്‍ സേവനം
കൂടുതല്‍ പേര്‍ വീട്ടിലിരുന്ന ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഹാക്കര്‍മാര്‍ റാന്‍സംവെയര്‍ ഉപയോഗിച്ച് ഓഫീസ് സിസ്റ്റങ്ങളെ ലോക്ക്ഡൗണ്‍ ചെയ്യാന്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഹോം നെറ്റ് വര്‍ക്കുകളെയാണ്. ഇവയെ ഹാക്കര്‍മാരില്‍ നിന്നു സംരക്ഷിക്കാന്‍ ഒരു വിപിഎന്‍ സര്‍വീസ് ഉപയോഗിക്കുന്നത് നന്നായിരിക്കും.
3. ഓഫീസ് ലാപ്‌ടോപ് ലോക്ക് ചെയ്ത് സൂക്ഷിക്കണം
നിങ്ങള്‍ ഉപയോഗിക്കാത്തപ്പോള്‍ ഓഫീസ് ലാപ്‌ടോപ്പ് നിര്‍ബന്ധമായും ലോക്ക് ചെയ്യാന്‍ ഓര്‍മ്മിക്കണം. ഇല്ലെങ്കില്‍ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ സഹപ്രവര്‍ത്തകര്‍ക്കു വിഡിയോ കോള്‍ ചെയ്യുകയോ ബോസിന് ഇമെയില്‍ അയക്കുകയോ ഒക്കെ ചെയ്‌തെന്നിരിക്കും.
4. ഓഫീസ് ജോലിക്കും വ്യക്തിഗത ഇന്റര്‍നെറ്റ് പരതലിനും ഒരു ബ്രൗസര്‍ അരുത്
ഓഫീസ് ജോലിക്കും വ്യക്തിഗത ഇന്റര്‍നെറ്റ് പരതലിനും ഒരു ബ്രൗസര്‍ തന്നെ ഉപയോഗിക്കരുത്. നിങ്ങളുടെ സേര്‍ച്ച് റിസല്‍ട്ടുകള്‍ ഓഫീസ് മെയിലുകളില്‍ പരസ്യ ശുപാര്‍ശകളായി അവതരിക്കുന്നത് ചിലപ്പോല്‍ ചമ്മല്‍ ഉളവാക്കാം.
5. വീട്ടിലെ ജോലിസ്ഥലം സാമൂഹിക മാധ്യമത്തില്‍ വേണ്ട
വീട്ടിലെ നിങ്ങളുടെ ജോലിസ്ഥലത്തിന്റെ ഫോട്ടോയെടുത്തു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓഫീസ് ജോലിയുടെയും സിസ്റ്റങ്ങളുടെയും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ പല കമ്പനികള്‍ക്കും കര്‍ശനമായ നയങ്ങള്‍ ഉണ്ടായെന്നു വരാം. ഇത്തരം ചിത്രങ്ങളിലെ ലാപ്‌ടോപ്പ് സ്‌ക്രീനിലൂടെ ചിലപ്പോള്‍ നിങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരമായിരിക്കും നിങ്ങള്‍ അറിയാതെ വെളിപ്പെടുത്തുക.
6. വര്‍ക്കു ഫ്രം ഹോം വിശദീകരണം വേണ്ട
നിങ്ങളുടെ വീട്ടിലിരുന്നുള്ള ജോലിയുടെ വിശദാംശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തരുത്. സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റു ചെയ്യുമ്പോഴും കമന്റിടുമ്പോഴും ജോലിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ഒഴിവാക്കണം.
7. പങ്കാളിക്കു ലാപ്‌ടോപ്പ് കൈമാറരുത്
നിങ്ങളുടെ ലാപ്‌ടോപ്പ് ജോലിക്കായി മാത്രം ഉപയോഗിക്കുക. നിങ്ങളുടെ പങ്കാളിയെയോ കുട്ടികളെയോ അത് ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക.
8. വ്യക്തിഗത ഫയലുകളും ജോലി ഫയലുകളും ഒരുമിച്ച് വേണ്ട
ജോലിയുമായി ബന്ധപ്പെട്ട ഫോള്‍ഡറും വ്യക്തിഗത ഫോള്‍ഡറുകളും വേര്‍തിരിച്ചു മാറ്റിയിടുക. നിങ്ങളുടെ ഓഫീസ് സിസ്റ്റത്തില്‍ വ്യക്തിപരമായ ഫയലുകള്‍ സൂക്ഷിക്കരുത്. കമ്പനിയുടെ ഐടി വകുപ്പിന് അവയെല്ലാം നോക്കാന്‍ ചിലപ്പോള്‍ അനുമതി ഉണ്ടായേക്കാം.
9. ഒരേ ബ്രൗസറില്‍ വ്യക്തിഗത സാമൂഹിക മാധ്യമം വേണ്ട
ജോലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഒരിക്കലും വ്യക്തിഗത സാമൂഹിക മാധ്യമ അക്കൗണ്ടുകളും വര്‍ക്ക് അക്കൗണ്ടുകളും ഒരേ ബ്രൗസറില്‍ എടുക്കാതിരിക്കുക. നിങ്ങളുടെ വ്യക്തിഗത താത്പര്യങ്ങളും കമ്പനി താത്പര്യങ്ങളും വ്യത്യസ്തമായിരിക്കാം. സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങള്‍ നല്‍കുന്ന ലൈക്കും കമന്റും അബദ്ധത്തില്‍ ഓഫീഷ്യല്‍ ഹാന്‍ഡിലില്‍ നിന്നായാല്‍ അതു ചിലപ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാക്കാം.