തുടങ്ങാം ജൂട്ട് ബാഗ് നിർമാണ സംരംഭം; മാസം ഒന്നരലക്ഷം രൂപ വരുമാനം നേടാം !
Mail This Article
പ്രകൃതിസൗഹൃദ ബാഗുകളുടെ നിർമാണം വലിയ സംരംഭസാധ്യതായി വളരുന്ന കാലമാണ്. ചണം (ജൂട്ട്) കൊണ്ടുള്ള ബാഗുകൾക്ക് അക്കൂട്ടത്തിൽ വളരെയേറെ സ്വീകാര്യതയുണ്ട്. ലളിതമായും കുറഞ്ഞ ചെലവിലും ചെയ്യാവുന്ന സംരംഭവുമാണിത്. ലേഡീസ് ബാഗുകൾ, ബിഗ് ഷോപ്പർ ബാഗുകൾ, ജ്വല്ലറി ബാഗുകൾ, കോൺഫറൻസ് ബാഗുകൾ എന്നിവയെല്ലാം ജൂട്ട് കൊണ്ടു നിർമിക്കുന്നുണ്ട്. ഭാരമുള്ള വസ്തുക്കൾ കൂടി കൊണ്ടുപോകാം എന്നതും അനുകൂല ഘടകമാണ്.
നിർമാണ രീതി
ജൂട്ട് ഷീറ്റുകൾ റോളുകളായി പൊതുവിപണിയിൽനിന്നു വാങ്ങണം. ബാഗിന് ഉദ്ദേശിക്കുന്ന വലിപ്പം കണക്കാക്കി കട്ട് ചെയ്ത്, സ്റ്റിച്ച് ചെയ്ത് എടുക്കുകയാണ് അടിസ്ഥാന നിർമാണരീതി. സ്ക്രീൻ പ്രിന്റ് ചെയ്ത് ആകർഷണീയമാക്കുകയും ചെയ്യാം. തയ്യൽ അറിയാവുന്നവർക്കു സ്വയം ചെയ്യാവുന്ന സംരംഭമാണിത്. സ്ക്രീൻ പ്രിന്റിങ് മാത്രമേ പുറത്തു ചെയ്യേണ്ടതുള്ളൂ.
വിപണി
വളരെ നല്ലൊരു വിപണിസാധ്യത ജൂട്ട് ബാഗുകൾക്കുണ്ട്. സൂപ്പർ മാർക്കറ്റുകളിലൂടെയും ടെക്സ്റ്റൈൽ ഷോപ്പുകളിലൂടെയും മറ്റും നല്ല വിൽപനസാധ്യതയുമുണ്ട്. സെമിനാറുകൾ, വലിയ കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവയ്ക്കു ഗിഫ്റ്റുകളായി ഇത്തരം ബാഗുകൾ നൽകാറുണ്ട്. നല്ല ഓർഡർ ലഭിക്കാനുള്ള സാധ്യതയാണിവ. ഫോൾഡിങ് ഫയലുകളുടെ വിപണിയിലും ജൂട്ട് ബാഗുകൾക്കു നല്ല സ്വീകാര്യതയാണ്.
ആവശ്യമായ സ്ഥിരനിക്ഷേപം
∙കെട്ടിടം: 300 ചതുരശ്ര അടിയുള്ളത്
∙മെഷിനറികൾ:
കട്ടിങ് മെഷിൻ: 26,000.00
സ്റ്റിച്ചിങ് മെഷിൻ (3 എണ്ണം): 75,000.00
സ്ക്രീൻ പ്രിന്റിങ് സാമഗ്രികൾ: 19,000.00
ഫർണിച്ചർ, മറ്റുള്ളവ: 20,000.00
ആകെ: 1,40,000.00
ആവർത്തന നിക്ഷേപം
∙ജൂട്ട് ഷീറ്റുകൾ (ശരാശരി 150 മീറ്റർ നിരക്കിൽ 2,500 മീറ്റർ): 3,75,000.00
∙പ്രിന്റിങ് സാമഗ്രികൾ: 15,000.00
∙കൂടി (3 പേർക്കു 400 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 30,000.00
∙മറ്റു ചെലവുകൾ, തേയ്മാനം: 20,000.00
ആകെ: 4,40,000.00
ആകെ നിക്ഷേപം: 1,40,000+4,40,000=5,80,000.00
ഒരു മാസത്തെ വിറ്റുവരവ്: 7,625 ബാഗുകൾ (ദിവസം 300 ബാഗ് കണക്കിൽ; മാസം 80 രൂപ നിരക്കിൽ വിറ്റാൽ): 6,00,000.00
പ്രതിമാസ അറ്റാദായം: 6,00,000–4,40,000=1,60,000.00