സോഡ നിർമാണം സംരംഭമാക്കാം; പ്രതിമാസ ലാഭം 3,26,500 രൂപ
Mail This Article
വേനൽക്കാലമാണ്. നല്ല സോഡയ്ക്കു നല്ല ഡിമാൻഡുള്ള കാലം. മഴക്കാലത്തും സോഡയോടു പ്രിയമുള്ളവരാണു നല്ലത്. അൽപം നാരങ്ങ പിഴിഞ്ഞു ചേർത്ത് മധുരമിട്ടോ ഉപ്പിട്ടോ കുടിച്ചാൽ ഒരുണർവു കിട്ടും. അസംസ്കൃത വസ്തുക്കൾക്കു വലിയ ചെലവില്ലാതെ നടത്താവുന്നൊരു സംരംഭമാണു സോഡ നിർമാണം. വലിയ സാങ്കേതികവിദ്യയുടെ പിൻബലവും വേണ്ട. വീട്ടിൽ സൗകര്യമുണ്ടെങ്കിൽ വീട്ടുമുറ്റത്തുതന്നെ തുടങ്ങുകയും ചെയ്യാം. 60% വരെ ആദായം മാസം തോറും ലഭിക്കാൻ സാധ്യതയുള്ള സംരംഭമാണിത്.
നിർമാണരീതി
സുലഭമായി വെള്ളം കിട്ടണമെന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും പ്രധാന കാര്യം. വെള്ളം ഫിൽറ്റർ ചെയ്തു പരിശോധിക്കുക. തുടർന്നു മെഷിനിന്റെ സഹായത്തോടെ കാർബണൈസ് ചെയ്യുക. ശേഷം ബോട്ടിലിൽ നിറച്ചു സീൽ ചെയ്ത് ലേബൽ പതിച്ച് ഉള്ളടക്കം, വില, കാലാവധി തുടങ്ങിയ നിയമപരമായ വിവരങ്ങൾ രേഖപ്പെടുത്തി വിപണിയിലേക്ക് എത്തിക്കുക.
വിപണനം
മിക്കയിടങ്ങളിലും വിൽപനസാധ്യതയുള്ള ഉൽപന്നമാണു ബോട്ടിൽഡ് സോഡകൾ. ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, പെട്ടിക്കടകൾ എന്നിവിടങ്ങളിലെല്ലാം സോഡയ്ക്ക് ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ മാസങ്ങൾക്കകം മികച്ച വിതരണ ശൃംഖല ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ആവശ്യമായ സ്ഥിരനിക്ഷേപം
∙കെട്ടിടം: (500 ചതുരശ്ര അടി)
∙മെഷിനറികൾ
വാട്ടർ ഫിൽറ്ററിങ് മെഷിൻ: 1,20,000
സോഡ മേക്കിങ് & ഫില്ലിങ് യൂണിറ്റ്: 2,10,000
ക്യാപ്പ് സീലിങ് മെഷിൻ: 40,000
ഫർണിച്ചർ തുടങ്ങിയവ: 20,000
ആകെ: 3,90,000
ആവർത്തന നിക്ഷേപം
∙വെള്ളം കാർബണൈസേഷൻ: 6,000
∙ബോട്ടിൽ (ദിവസം 1,000 എണ്ണത്തിന് 6.50 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 1,62,500
∙പ്രിന്റിങ്, ലേബലിങ് തുടങ്ങിയവ: 20,000
∙കൂലി (4 പേർക്കു ദിവസം 400 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 40,000
∙കറന്റ്, തേയ്മാനം, പലിശ, മറ്റു ചെലവുകൾ: 20,000
ആകെ: 2,48,500
ആകെ നിക്ഷേപം: 3,90,000+2,48,500=6,38,500
ഒരു മാസത്തെ വിറ്റുവരവ് (23 രൂപ നിരക്കിൽ 25,000 ബോട്ടിൽ വിൽക്കുമ്പോൾ): 5,75,000
പ്രതിമാസ അറ്റാദായം: 5,75,500–2,48,500=3,26,500
(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)