ഉയര്‍ന്ന തസ്തിക നിയമനം; യോഗ്യത അട്ടിമറിച്ച് തൊഴിൽവകുപ്പ്, എതിർപ്പുമായി ഉദ്യോഗാർഥികൾ
Mail This Article
നിശ്ചിത യോഗ്യതയില്ലാത്തവരെയും തസ്തികമാറ്റത്തിലൂടെ പ്രധാന തസ്തികകളിൽ നിയമിച്ചു തൊഴിൽവകുപ്പ്. എൽഎൽബിയോ എംഎസ്ഡബ്ല്യുവോ യോഗ്യതയായി നിശ്ചയിച്ച അസി.ലേബർ ഓഫിസർ (ഗ്രേഡ് 2) തസ്തികയിലേക്കാണു നിശ്ചിത യോഗ്യതയില്ലാത്ത യുഡി ക്ലാർക്കുമാർക്കും നിയമനം നൽകുന്നത്. എസ്എസ്എൽസി യോഗ്യത മാത്രമുള്ളവർ വരെ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് ആക്ഷേപം. തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്റെ യോഗ്യതയും അനുപാതവും പരിഷ്കരിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാർശയും അഡിഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശവും തൊഴിൽവകുപ്പ് ഇതുവരെ നടപ്പാക്കിയില്ല.
സാധാരണ എൻട്രി കേഡർ തസ്തികകളിലേക്കു പിഎസ്‌സി വഴി നേരിട്ടു നിയമിക്കുന്നതിനു പുറമേ, നിശ്ചിത എണ്ണം ഒഴിവുകളിൽ തസ്തികമാറ്റം വഴിയും നിയമനം നൽകാറുണ്ട്. നേരിട്ടുള്ള നിയമനത്തിനു നിശ്ചയിച്ച അതേ യോഗ്യതയുള്ളവരെയാണു തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും പരിഗണിക്കുക. ഇതിനായി പിഎസ്‌സി പരീക്ഷയും നടത്താറുണ്ട്. എന്നാൽ അസി.ലേബർ ഓഫിസർ തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു യോഗ്യത നിശ്ചയിച്ചിട്ടില്ലെന്നു മാത്രമല്ല, പിഎസ്‌സി പരീക്ഷയുമില്ല. വകുപ്പുതല പരീക്ഷ ജയിച്ചാൽ മാത്രം മതി. അസി.ലേബർ ഓഫിസർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയെഴുതിയവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തസ്തികമാറ്റം വഴി നിയമനം നേടിയവരിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ പഴയ തസ്തികയിലേക്കു മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. തൊഴിൽ വകുപ്പിലെ തസ്തികമാറ്റം വഴിയുള്ള നിയമനവും പിഎസ്‌സി വഴിയാക്കണമെന്നും സെക്രട്ടേറിയറ്റിലെ ലീഗൽ അസിസ്റ്റന്റ് നിയമനത്തിനു സമാനമായി കട്ട് ഓഫ് മാർക്ക് നിർബന്ധമാക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.
English Summary : Candidates against irregularities of labour department in higher level appointment