ADVERTISEMENT

വധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹ് ഒരു ആണവ പോർമുന ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിക്കുന്നതിന്റെ വക്കിലായിരുന്നുവോ? അങ്ങനെ സംശയിക്കണമെന്നാണു ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി (International Atomic Energy Agency) പറയുന്നത്. മിസൈലുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആണവ പോർമുനകളുണ്ടാക്കാൻ അങ്ങേയറ്റം (90 ശതമാനത്തിലേറെ) ശുദ്ധീകരിക്കപ്പെട്ട യുറേനിയം ആവശ്യമുണ്ട്. ആയുധമുണ്ടാക്കാൻ തക്ക ശുദ്ധിയുള്ള യുറേനിയം (Weapon Grade Uranium) എന്നു പറയും. ഐഎഇഎയ്ക്ക് അങ്ങനെയൊരു സംശയമുണ്ടെങ്കിൽ ഇറാന്റെ എതിർചേരിയിലുള്ള ഇസ്രയേലിനും അമേരിക്കയ്ക്കും അതിലേറെ സംശയമുണ്ടായിരുന്നിരിക്കണം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടെ ഇറാൻ ആണവപദ്ധതിയിലെ ഒട്ടേറെ ശാസ്ത്രജ്ഞരാണ് അജ്ഞാത അക്രമികളാൽ കൊല ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റൊരു പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന മജീദ് ഷഹ്രിയായി വധിക്കപ്പെട്ടതു കൃത്യം പത്തു വർഷം മുൻപാണ്. ഇസ്രയേലും അമേരിക്കയുമാണ് ഈ കൊലപാതകങ്ങൾക്കു പിന്നിലെന്നാണ് ഇറാൻ ആരോപിക്കുന്നത്.

ആണവകരാർ

യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അപകടകരമായ തലത്തിലേക്ക് ഇറാൻ എത്താതിരിക്കാനാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളും ചേർന്ന് 2015ൽ അവരുമായി ആണവകരാറുണ്ടാക്കിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2018ൽ അതിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയതോടെ കരാറിന്റെ നിലനിൽപു തന്നെ സംശയത്തിലായി.

ഫക്രിസാദെഹ്

ഐഎഇഎയുടെ 2015ലെ ലോക ആണവോർജ യോഗത്തിൽ പേരെടുത്തു പരാമർശിക്കപ്പെട്ട ഏക ഇറാനിയനാണ് ഫക്രിസാദെഹ്. ഇറാന്റെ ആണവപരിപാടിയുടെ കുന്തമുനയെന്ന് 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചതും അദ്ദേഹത്തെ തന്നെ. ഇറാന്റെ റോബർട്ട് ഓപ്പൺഹൈമർ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ഫക്രിസാദെഹിനെ വിശേഷിപ്പിക്കുന്നത്. 1945ൽ അമേരിക്കയുടെ ആദ്യ ആണവ ബോംബ് നിർമാണത്തിൽ (മാൻഹറ്റൻ പ്രോജക്ട്) നിർണായക പങ്കുവഹിച്ചയാളാണ് ഓപ്പൺഹൈമർ. അണുബോംബെന്ന ഇറാന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ രഹസ്യപ്രവർത്തനത്തിലായിരുന്നു ഫക്രിസാദെഹെന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾ കരുതുന്നു.

പുലിമടയിൽ ചെന്ന്

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള അബ്സാഡ് എന്ന നഗരത്തിൽ വച്ചാണ് ഫക്രിസാദെഹ് ആക്രമിക്കപ്പെട്ടത്. അക്രമികൾ അദ്ദേഹം സഞ്ചരിച്ച കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ലോറി കാറിനു സമീപം കൊണ്ടുചെന്നു തകർക്കുകയും ചെയ്തു. മാരകമായി പരുക്കേറ്റ അദ്ദേഹത്തെ ഉടനടി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ നിർദേശത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് ഇറാൻ അധികൃതർ ആരോപിക്കുന്നത്.

രണ്ടാമത്തെ പ്രഹരം

ഫക്രിസാദെഹിന്റെ വധം കഴിഞ്ഞ ജനുവരിയിൽ ഇറാഖിൽ വച്ച് അമേരിക്ക കൊലപ്പെടുത്തിയ ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയോളം തന്നെ പ്രാധാന്യമർഹിക്കുന്നു. ഇറാനിലെ പ്രമുഖ സേനാവിഭാഗമായ റവല്യൂഷണറി ഗാർഡ്സിൽ ബ്രിഗേഡിയർ ജനറൽ പദവിയിലിരുന്ന ഒരു ശാസ്ത്രജ്ഞനെ തലസ്ഥാനനഗരമായ ടെഹ്റാന്റെ പ്രാന്തപ്രദേശത്തുവച്ച് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയെന്നതും സംഭവത്തിന്റെ പ്രത്യാഘാതം വർധിപ്പിക്കുന്ന ഘടകമാണ്. പ്രമുഖനായൊരു ആണവ ശാസ്ത്രജ്ഞനെ തങ്ങളുടെ മൂക്കിനു കീഴെ വച്ചു കൊലപ്പെടുത്തിയതിനു പകരം ചോദിച്ചില്ലെങ്കിൽ നിലനിൽപ് തന്നെ ആശങ്കയിലാകുമെന്ന ഭയം ഇറാൻ ഭരണകൂടത്തിനുമുണ്ടാകും. അതിനാൽ പശ്ചിമേഷ്യ വരുംനാളുകളിൽ സംഘർഷഭരിതമാകാൻ സാധ്യതയേറെ.

ആണവ സമ്പുഷ്ടീകരണം

നതാൻസ് എന്ന സ്ഥലത്ത് ഭൗമാന്തർഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള പ്ലാന്റിലാണ് ഇറാന്റെ പ്രധാന ആണവോർജ നിലയം പ്രവർത്തിക്കുന്നത്. ശത്രുക്കളിൽ നിന്നുള്ള ബോംബാക്രമണം പ്രതിരോധിക്കത്തക്ക സുരക്ഷയോടെയാണു നിലയത്തിന്റെ രൂപകൽപന. 2015ലെ ആണവകരാറിനു ശേഷം ഇവിടുത്തെ പ്രവർത്തനങ്ങൾ ഇറാൻ നാമമാത്രമായി കുറച്ചിരുന്നതായി കരുതപ്പെടുന്നു. എന്നാൽ ട്രംപ് കരാറിൽ നിന്നു പിൻമാറിയ ശേഷം കൂടുതൽ ഉപകരണങ്ങളും ശാസ്ത്രജ്ഞരും എത്തിച്ച് വീണ്ടും യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചതായാണു റിപ്പോർട്ടുകൾ. താഴ്ന്ന നിലവാരത്തിലുള്ള 2400 കിലോഗ്രാം യുറേനിയം നിലവിൽ ഇറാന്റെ കൈവശമുണ്ടെന്ന് ഐഎഇഎ കണക്കുകൂട്ടുന്നു. 202 കിലോഗ്രാമാണ് ആണവകരാർ പ്രകാരം അനുവദനീയമായ അളവ്.

USA-ELECTION/TRUMP

ട്രംപിന്റെ നീക്കം

പ്രസിഡന്റ് സ്ഥാനമൊഴിയും മുൻപ് ഇറാനെ ആക്രമിക്കാൻ ട്രംപ് ഉത്തരവിടുമോ? അങ്ങനെ പ്രവചിക്കുന്നവരേറെയുണ്ട്. ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനു പ്രതികാരം ചെയ്യാൻ ഇറാൻ തുനിഞ്ഞാൽ അതു കാരണമാക്കി ഇറാന്റെ ആണവകേന്ദ്രങ്ങൾക്കു നേരെ ആക്രമണമുണ്ടായേക്കാമെന്ന സാധ്യത തള്ളിക്കളയാനാകില്ല. എങ്കിലതു ട്രംപ് പ്രസിഡന്റ് പദമൊഴിയുന്ന 2021 ജനുവരി 20നു മുൻപായിരിക്കും താനും. നിലവിലെ സംഭവങ്ങൾ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുള്ള മുന്നറിയിപ്പു കൂടിയായി വ്യാഖ്യാനിക്കപ്പെടുന്നു. ഇറാനുമായി സന്ധി സംഭാഷണത്തിലേർപ്പെടാനോ ആണവകരാർ പുനഃരുജ്ജീവിപ്പിക്കാനോ ശ്രമിച്ചാൽ വലിയ പ്രതിരോധം നേരിടേണ്ടി വരുമെന്ന സന്ദേശം കൂടി ഈ കൊലപാതകം നൽകുന്നു.

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam - Mohsen Fakhrizadeh: Iran scientist 'killed by remote-controlled weapon'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com