ADVERTISEMENT

സായുധസേനാ വിഭാഗമായ നേവിയുടെ പ്രവർത്തനത്തിൽനിന്നു തീർത്തും ഭിന്നമാണു രാഷ്ട്രാന്തര വാണിജ്യത്തിന്റെ ഭാഗമായ മെർച്ചന്റ് നേവിയുടേത്. ചരക്കുകളും, ചുരുക്കം ചിലപ്പോൾ യാത്രക്കാരെയും അന്യനാടുകളിൽ എത്തിക്കുന്നതാണു മെർച്ചന്റ് നേവിയുടെ മുഖ്യലക്ഷ്യം. 

ഇടയ്ക്കിടെ ജോലി മാറാം 

വളരെ ഉയർന്ന വേതനം ലഭിക്കുന്ന മേഖലയാണെങ്കിലും എല്ലാവർക്കും ഇതിൽ പ്രവർത്തിക്കാൻ കഴിയില്ല. ശാരീരികവും മാനസികവുമായ വിശേഷശേഷികൾ വേണം. വീട്ടിൽനിന്നും നാട്ടിൽനിന്നും എന്നല്ല, കരയിൽനിന്നുതന്നെ വിട്ടകന്ന് മാസങ്ങളോളം കപ്പലിൽ കഴിയേണ്ടിവരും.

 

ഇരുപതോ മുപ്പതോ വർഷം ഒരേ സ്ഥാപനത്തിൽ തുടർച്ചയായി ഉദ്യോഗം നോക്കുന്ന ശൈലി മെർച്ചന്റ് നേവിയിൽ‌ പതിവില്ല. ഇടയ്ക്കിടെ കരയിൽ വന്നു പാർക്കുക, ഏതാനും മാസങ്ങൾക്കുശേഷം പുതിയ കരാറിൽ ഏർപ്പെടുക എന്ന ശൈലി സാധാരണം. വനിതകൾക്കു പ്രാതിനിധ്യമില്ലാത്ത മേഖലയാണ്.

കപ്പലുകൾ പലതരമുണ്ടെങ്കിലും ജോലികൾ അടിസ്ഥാനപരമായ മുന്നിനം: ഡെക്ക്, എൻജിൻ, സർവീസ്. മുഖ്യ ചുമതലക്കാരൻ ക്യാപ്റ്റൻ അഥവാ മാസ്റ്റർ. നാവിഗേഷന്റെ ചുമതലയും നിർവഹിക്കും. രണ്ടാമത്തെ വിഭാഗം എൻജിനീയർമാരുടേത്. എൻജിന്റെ മുതൽ സമസ്ത സാങ്കേതികപ്രവർത്തങ്ങളുടെയും ചുമതല വഹിക്കും. ഭക്ഷണം, താമസം മുതലായവ കൈകാര്യം ചെയ്യുന്നതു സർവീസ്. ക്യാപ്റ്റനോ മുഖ്യ എൻജിനീയറോ ആകാനുള്ള പരിശീലനം ഏറെ പ്രധാനം. 

 

വാണിജ്യക്കപ്പലുകളുടെ പ്രവർത്തനത്തിന്റെയും മെർച്ചന്റ് നേവി മേഖലയിലെ പരിശീലനത്തിന്റെയും ചുക്കാൻ പിടിക്കുന്നതു കേന്ദ്ര സർക്കാരിലെ ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിങ് (വെബ്: www.dgshipping.gov.in) ആണ്. അംഗീകാരം നൽകുന്നതുൾപ്പെടെ എല്ലാ കാര്യങ്ങള‌ും ഇവർ ചെയ്തുവരുന്നു. 

 

പരിശീലനസ്ഥാപനങ്ങൾ 

∙ഏറ്റവും പ്രധാന പരിശീലന സ്ഥാപനം കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിറ്റൈം യൂണിവേഴ്സിറ്റി: Indian Maritime University, East Coast Road, Semmencherry, Chennaiവെബ്: www.imu.ac.in.

∙അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ:
∙4 വർഷ ബിടെക് (മറൈൻ എൻജിനീയറിങ്–കൊൽക്കത്ത, മൂംബൈ, ചെന്നൈ കേന്ദ്രങ്ങളിൽ/നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ്–വിശാഖപട്ടണത്ത്
∙ 3 വർഷ ബിബിഎ (ലോജിസ്റ്റിക്സ്, റീട്ടെയിലിങ്, & ഇ–കൊമേഴ്സ്)–ചെന്നൈ, കൊച്ചി
∙3 വർഷ ബിഎസ്‌സി നോട്ടിക്കൽ സയൻസ്–മൂംബൈ, ചെന്നൈ, കൊച്ചി
∙ 3 വർഷ ബിഎസ്‌സി ഷിപ് ബിൽഡിങ് & റിപ്പയർ (സ്പോൺസേഡ് മാത്രം)
∙ ഒരു വർഷ നോട്ടിക്കൽ സയൻസ് ഡിപ്ലോമ–ചെന്നൈ. 

∙പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ:
∙ 2 വർഷ എംടെക് (നേവൽ ആർക്കിടെക്ചർ & ഓഷൻ എൻജിനീയറിങ്/ഡ്രജിങ് & ഹാർബർ എൻജിനീയറിങ്), വിശാഖപട്ടണം
∙ 2 വർഷ എംടെക് മറൈൻ എൻജിനീയറിങ് & മാനേജ്മെന്റ്–കൊൽക്കത്ത
∙ 2 വർഷ എംഎസ്‌സി (കമേഴ്സ്യൽ ഷിപ്പിങ് & ലോജിസ്റ്റിക്സ്)–മുംബൈ, ചെന്നൈ
∙ 2 വർഷ എംബിഎ (പോർട്ട് & ഷിപ്പിങ് മാനേജ്മെന്റ്)–ചെന്നൈ, കൊച്ചി
∙2 വർഷ എംബിഎ (ഇന്റർനാഷനൽ ട്രാൻസ്പൊർട്ടേഷൻ & ലോജിസ്റ്റിക്സ് മാനേജ്മെന്റ്)–ചെന്നൈ, കൊച്ചി, കൊൽക്കത്ത, വിശാഖപട്ടണം ∙ഒരു വർഷ പിജി ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ്
∙പിഎച്ച്ഡി & എംഎസ് ബൈ റിസർച്ച് 

ഇവയ്ക്കു പുറമെ പാലക്കാടും കൊച്ചിയുമുൾപ്പെടെയുള്ള േകന്ദ്രങ്ങളിലെ അഫിലിയേറ്റു ചെയ്ത 18 സ്ഥാപനങ്ങളിലുമുണ്ട് ഐഎയു പ്രോഗ്രാമുകൾ. ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ച നൂറ്റിത്തൊണ്ണൂറിലേറെ സ്ഥാപനങ്ങൾ വിവിധ കോഴ്സുകളിൽ പരിശീലനം നടത്തുന്നു. ഏതിലെങ്കിലും ചേരുംമുൻപ് www.dgshipping.gov.in എന്ന സൈറ്റിലെ MARITIME TRAINING–Approved Training Institues ലിങ്കുകൾ വഴി പോയി, സ്ഥാപനത്തിനു മാത്രമല്ല, നിങ്ങൾ ചേരാനാഗ്രഹിക്കുന്ന കോഴ്സിനും അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്ത‌ുന്നതു വളരെ പ്രധാനം. 

English Summary: Career In Merchant Navy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com