ജോലി പോകാതിരിക്കാൻ 4 മാസം ജയിലിൽ, എന്നിട്ടും അത് പാർട്ടിക്കുവേണ്ടി ഉപേക്ഷിച്ചു-മന്ത്രി എം.വി.ഗോവിന്ദന്റെ ഓർമകൾ
Mail This Article
കായികമേഖലയോടും അധ്യാപന മേഖലയോടുമായിരുന്നു ചെറുപ്പത്തിലേ എനിക്കിഷ്ടം. കായികാധ്യാപകനായി ജോലി ലഭിച്ചപ്പോൾ രണ്ട് ആഗ്രഹങ്ങളും ഒത്തുവരികയായിരുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം മിടുക്കനായിരുന്നു ഞാൻ. ലോങ് ജംപും ഹൈജംപുമായിരുന്നു ഇഷ്ട ഇനങ്ങൾ. പക്ഷേ, അന്നത്തെ പരിമിതമായ സ്കൂൾ സാഹചര്യങ്ങളിൽ കായികരംഗത്തു വലിയ മുന്നേറ്റമുണ്ടാക്കാനായില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾത്തന്നെ സിപിഎമ്മിന്റെ ബാലസംഘടനയായ ‘ബാലസംഘ’ത്തിലും ഒപ്പം പാർട്ടിയുടെ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.
പാർട്ടി പ്രവർത്തനം എന്നും ആവേശമായിരുന്നു. അതിനു മുന്നിലാണു കുടുംബസാഹചര്യത്തിൽ തൊഴിലും വരുമാനവും ഒരു ആവശ്യമായി മുന്നിൽ വന്നുനിന്നത്. ഇഷ്ടമുള്ള മേഖലയിൽനിന്നുതന്നെ തൊഴിൽ തിരഞ്ഞെടുക്കാവുന്നവിധം പഠനം തുടരാൻ മുതിർന്നവർ ഉപദേശിച്ചു. കോഴിക്കോട്ടെ ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ഡിപ്ലോമ കോഴ്സിനു ചേർന്നു. അവിടെ പഠിക്കുന്ന കാലത്തു സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ് ജംപിൽ മൂന്നാം സ്ഥാനക്കാരനായിട്ടുണ്ട്.
പഠനം കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തുമ്പോൾ 18 വയസ്സ് തികയുന്നതേയുള്ളൂ. 1971 ൽ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി ജോലി ലഭിച്ചു. എയ്ഡ്ഡ് സ്കൂളാണ്. ആദ്യനാളുകളിൽ വിദ്യാർഥികളെ നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നു. ഇതിനിടയിലാണു ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കെഎസ്‍വൈഎഫിൽ പ്രവർത്തനം തുടങ്ങിയത്.
അങ്ങനെയിരിക്കെ 1975 ൽ അടിയന്തരാവസ്ഥ വന്നു. കണ്ണൂരിലെ കുടിയാൻമലയിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിനു പൊലീസ് പിടികൂടി. ക്രൂരമർദനമേറ്റു. അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ നാലു പേരും കുറ്റം സമ്മതിച്ച് രണ്ടു മാസത്തെ തടവുശിക്ഷ സ്വീകരിച്ചു.
എന്നെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞയുടൻ സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ശിക്ഷിക്കുകകൂടി ചെയ്താൽ ജോലി പോകുമെന്നുറപ്പ്. ആഗ്രഹിച്ചു വാങ്ങിയ ജോലിയാണ്. നഷ്ടപ്പെടുത്തേണ്ടെന്നു പാർട്ടിയും പറഞ്ഞു. ജയിലിൽ കിടന്നുതന്നെ കേസ് നടത്തി. നാലു മാസം റിമാൻഡ് തടവുകാരനായി തലശ്ശേരി സബ് ജയിലിൽ കിടന്നെങ്കിലും കേസ് ജയിച്ചു. കോടതി വിട്ടയയ്ക്കുകയും ചെയ്തു. ശിക്ഷ സ്വീകരിച്ചവർക്കു രണ്ടു മാസത്തെ ജയിൽവാസമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ കുറ്റം ചെയ്തില്ലെന്നു തെളിയിക്കാൻ നാലു മാസം ഞാൻ ജയിലിൽ കിടന്നതു ജോലി പോകാതിരിക്കാനാണ്. എന്നിട്ടും, നാലോ, അഞ്ചോ വർഷം കൂടിയേ ജോലിയിൽ തുടരാനായുള്ളൂ.
ദേശീയതലത്തിൽ ഡിവൈഎഫ്ഐ രൂപീകരിക്കാനുള്ള ശ്രമം നടന്ന കാലമായിരുന്നു. അതിന്റെ ഭാഗമായുള്ള യാത്രകളും യോഗങ്ങളുമൊക്കെയായി സ്കൂളിൽനിന്നു മിക്കപ്പോഴും അവധിയെടുത്തു. വിദ്യാർഥികളെ വേണ്ടപോലെ പരിശീലിപ്പിക്കാൻ കഴിയാതായി. ഇഷ്ടപ്പെട്ട ജോലിയും ഇഷ്ടപ്പെട്ട പ്രസ്ഥാനവും തമ്മിൽ മനസ്സിലെ വടംവലി മുറുകിവന്നു. ഒടുവിൽ, എന്റെ രാഷ്ട്രീയ പ്രവർത്തനംകൊണ്ടു വിദ്യാർഥികളുടെ ഭാവിക്കു കോട്ടമുണ്ടാകരുതെന്നു തീരുമാനിച്ചു. അങ്ങനെ, ഏറെ ഇഷ്ടത്തോടെ സ്വീകരിച്ച ജോലി സ്വയം ഉപേക്ഷിച്ചു; പത്തു വർഷം പോലും തികച്ച് അധ്യാപകവേഷം അണിയാതെ.
ഡിവൈഎഫ്ഐ ഭാരവാഹി കൂടിയായിരുന്ന പി.കെ.ശ്യാമളയുമായുള്ള വിവാഹം 1985 ഓഗസ്റ്റിൽ പാർട്ടി പ്രവർത്തകർ മുൻകൈ എടുത്താണു നടത്തിയത്. അപ്പോൾ രണ്ടാൾക്കും ജോലിയില്ല. കുടുംബജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ അതൊരു വലിയ ആശങ്കയായി മുൻപിലുണ്ടായിരുന്നു. ശ്യാമള ബിഎഡ് പൂർത്തിയാക്കിയിരുന്നു. വീടിനു തൊട്ടടുത്തു മോറാഴ സ്കൂളിൽ അധ്യാപികയുടെ ഒഴിവു വന്നപ്പോൾ അവിടെ ജോലിക്കു കയറി. അങ്ങനെ, ഒരാൾ അധ്യാപക ജോലി ഉപേക്ഷിച്ചെങ്കിലും മറ്റെയാൾ അതേ ജോലിയിലേക്കു പ്രവേശിച്ചതിന്റെ ഇരട്ടിസന്തോഷവും വീട്ടിൽ വന്നുകയറി.
തൊഴിൽ എന്നെ പഠിപ്പിച്ചത്
എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ജോലിയെ സ്നേഹിച്ചു കൊണ്ടുനടക്കണം. അതിനോടു നീതി പുലർത്താൻ എല്ലായ്പോഴും ശ്രമിക്കുകയും വേണം. ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിലും, അതിനോടു നീതി പുലർത്താൻ കഴിയാതിരുന്നാൽ പിന്നെ അതു വേണ്ടെന്നുവയ്ക്കുകയാണു നല്ലത്. രാഷ്ട്രീയത്തോടും അധ്യാപനജോലിയോടും ഒരേപോലെ നീതി പുലർത്താൻ കഴിയാതിരുന്നതുകൊണ്ടു മാത്രമാണ് എനിക്കു പ്രിയപ്പെട്ട കായികാധ്യാപകജോലി വേണ്ടെന്നു വയ്ക്കേണ്ടിവന്നത്.
English Summary: Minister M V Govindan Share His First Job Experience