പ്രലോഭനങ്ങൾ ധാരാളമുണ്ടായി, സുപ്രീം കോടതിയിൽ വരെ കേസു നടത്തി; സ്വയം അടിയറവയ്ക്കരുത്: ടി.പത്മനാഭന്റെ അനുഭവം
Mail This Article
എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് മൂത്ത സഹോദരന്റെ ആ ചോദ്യമാണ്: ‘പത്മനാഭാ, നിനക്കു ചെറിയ ഹൈസ്കൂളിൽനിന്നു വലിയ ഹൈസ്കൂളിൽ ചേർന്നാൽ മതിയോ?’
വീട്ടിലെ പ്രയാസങ്ങൾ കാരണം അദ്ദേഹത്തിനു പഠിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, എന്നെ നല്ല നിലയിൽ പഠിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കണ്ണൂർ ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെ പഠനശേഷം നാട്ടിലെതന്നെ കോളജിൽ ചേർക്കാനല്ല അദ്ദേഹം ഇഷ്ടപ്പെട്ടത്. അതുകൊണ്ടായിരുന്നു ആ ചോദ്യം.
മംഗളൂരുവിലെ ഗവ. കോളജിലാണ് എന്നെ ചേർത്തത്. അവിടെ വായനയുടെ വലിയ ലോകം എനിക്കു മുന്നിൽ തുറന്നു. ലക്ഷ്മണ പൈ എന്ന ലൈബ്രേറിയൻ മാർഗദർശിയായി. ടോൾസ്റ്റോയിയെ ആദ്യം വായിക്കുന്നത് അവിടെവച്ചാണ്. 1952 ൽ എന്നെ മദിരാശി (ചെന്നൈ) ലോ കോളജിൽ ചേർത്തതും സഹോദരനാണ്. വ്യത്യസ്ത അനുഭവങ്ങളുടെ മഹാസാഗരമായിരുന്നു മദിരാശി. എം.ഗോവിന്ദനും മാഹി കലാഗ്രാമം തുടങ്ങിയ കുഞ്ഞിക്കണ്ണനുമൊക്കെയായുള്ള സൗഹൃദം. ആദ്യകാലത്തെ എന്റെ പല പ്രശസ്ത കഥകളും എഴുതിയത് അവിടെവച്ചാണ്.
നിയമപഠനത്തിനുശേഷം കണ്ണൂരിൽ തിരിച്ചെത്തി. നേരേ ചെന്നത് തലശ്ശേരിയിലെ പ്രശസ്ത അഭിഭാഷകൻ രാമയ്യരുടെ അടുത്തേക്കാണ്. ആദ്യമായി കോടതിയിൽ കയറുന്നതൊക്കെ അദ്ദേഹത്തിന്റെ കൂടെയാണ്. ഒരു വർഷം കഴിഞ്ഞു സ്വതന്ത്ര വക്കീലായി. കണ്ണൂരിലും തലശ്ശേരിയിലുമായി പത്തു വർഷം വക്കീൽ വേഷമണിഞ്ഞു. ഈ പത്തു വർഷത്തിനിടെ, ഓർക്കാവുന്ന പല കേസുകളും ഞാൻ വാദിച്ചു.
ഇഎംഎസ് മന്ത്രിസഭയുടെ കാലം. എന്റെ വീടിനടുത്തുള്ള പാവപ്പെട്ട വിധവയുടെ സ്ഥലം കമ്യൂണിസ്റ്റുകാർ കയ്യേറി ചെങ്കൊടി നാട്ടിയെന്ന പരാതി കേസായി. കണ്ണീരോടെ അവർ എന്നെ കാണാൻ വന്നു. വക്കീൽ ഫീസൊന്നും തരാൻ അവർക്കു കഴിവില്ലായിരുന്നു. സാമാന്യം നല്ല രീതിയിൽ കേസുള്ളതിനാൽ ഫീസില്ലാതെ വാദിക്കാൻ ഞാൻ തീരുമാനിച്ചു. തഹസിൽദാർ മുൻപാകെ ഞാൻ ഹർജി ഫയൽ ചെയ്തു. അന്വേഷണത്തിൽ സ്ഥലം ഈ സ്ത്രീയുടെതാണെന്നു കണ്ടെത്തി.
പക്ഷേ, കയ്യേറ്റക്കാരെ ഒഴിപ്പിക്കാമെന്ന വാക്ക് തഹസിൽദാർ പാലിച്ചില്ല. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ വച്ച് തഹസിൽദാർ രാഷ്ട്രീയം കളിച്ചു. ഇക്കാര്യമെല്ലാം വിശദീകരിച്ചു ഞാൻ മലയാള മനോരമയിൽ ലേഖനമെഴുതി. ആഭ്യന്തരമന്ത്രി വി.ആർ.കൃഷ്ണയ്യരെ ഇതു പ്രകോപിപ്പിച്ചു. മദ്രാസ് ഡിസ്ട്രിക്ട് പൊലീസ് ആക്ട് സെക്‌ഷൻ 96 പ്രകാരം എനിക്കെതിരെ കേസെടുക്കാൻ അദ്ദേഹം ഉത്തരവിട്ടു. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ എനിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. 1959 ൽ എനിക്ക് അനുകൂലമായി വിധി വന്നു. പൗരൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും ടി.പത്മനാഭൻ കർത്തവ്യം നിർവഹിക്കുക മാത്രമാണു ചെയ്തതെന്നു കോടതി അഭിപ്രായപ്പെട്ടു.
1966 ലാണ് എഫ്എസിടിയിൽ പ്രൊജക്ട് അഡ്മിനിസ്ട്രേറ്ററുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റായി ജോലി ലഭിക്കുന്നത്. അതോടെ അഭിഭാഷകന്റെ കുപ്പായം അഴിച്ചുവച്ചു. ഫാക്ടിൽ ജോലി ചെയ്യുമ്പോൾ പ്രലോഭനങ്ങൾ ധാരാളമുണ്ടായിരുന്നു. കിമ്പളം വാങ്ങി കീശയിലിടുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക–ഈ രീതികൾ എനിക്ക് അനുകൂലിക്കാൻ കഴിഞ്ഞില്ല. മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും അനക്കമുണ്ടായില്ല. നിയമം പഠിച്ചതിന്റെ ബലത്തിൽ മുൻസിഫ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി... എല്ലായിടത്തും ഞാൻ കേസ് കൊടുത്തു. സുപ്രീം കോടതിയിലും വിജയിച്ചു. 1989 ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ അനീതിക്കെതിരെ ഞാൻ പോരാടി. വിരമിച്ചശേഷവും എനിക്കു മനസ്സമാധാനം ഉള്ളത് അതുകൊണ്ടാണ്.
തൊഴിൽ എന്നെ പഠിപ്പിച്ചത്
നമ്മൾ നമ്മോടുതന്നെ സത്യസന്ധത കാണിക്കുക–ഇതാണു പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് എനിക്കു പറയാനുള്ളത്. ജോലിയോടു പൂർണമായി നീതി പുലർത്തുക. നമ്മെ പ്രലോഭിപ്പിക്കാൻ പലതും പലരും മുന്നിൽ വരും. ഒരിക്കൽ അതിനു മുന്നിൽ സ്വയം അടിയറ വച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ നമ്മൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും.
English Summary: First Job and Career Experience Of T Padmanabhan