ആദ്യാക്ഷരം കുറിച്ചത് ഫ്രഞ്ചിൽ, എംബസി ജോലിയും എഴുത്തും ഒരുമിച്ചുകൊണ്ടുപോകാൻ ചെയ്തത് ഈ കാര്യങ്ങൾ : എം മുകുന്ദൻ
Mail This Article
അറുപതുകളുടെ ആദ്യം, ഇരുപതു വയസ്സുള്ളപ്പോഴാണു ഞാൻ ജോലി തേടി ഡൽഹിയിൽ പോയത്. അക്കാലത്തു നാട്ടിലൊരു ജോലി കിട്ടാൻ വളരെ പ്രയാസമായിരുന്നു. നാടുവിട്ടു പോവുക മാത്രമായിരുന്നു മുന്നിലെ വഴി. ഞാൻ മയ്യഴിക്കാരനാണല്ലോ. മയ്യഴി അഥവാ മാഹി ദീർഘകാലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. 1954 ലാണു ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോയത്. അതുവരെ അച്ഛനും അമ്മയും ഞാനും സഹോദരങ്ങളും ഞങ്ങളെല്ലാവരും ഫ്രഞ്ച് പൗരന്മാരായിരുന്നു. ഞാൻ ആദ്യാക്ഷരം പഠിച്ചത് മലയാളത്തിലല്ല, ഫ്രഞ്ചിലാണ്. മയ്യഴിപ്പള്ളിയോടു ചേർന്ന് ഒരു ചാർളി സായ്‌വ് കൊച്ചുകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ തന്നെയായിരുന്നു വിദ്യാലയം. അവിടെനിന്നാണു ഞാൻ ഫ്രഞ്ച് ആദ്യാക്ഷരങ്ങൾ പഠിച്ചത്.
ആ, ബേ, സേ, ദേ... അങ്ങനെ പോകുന്നു ഫ്രഞ്ച് അക്ഷരമാല. 1954 ൽ ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോയപ്പോൾ കുറേ ചെറുപ്പക്കാർ അവരുടെ കൂടെ കപ്പൽ കയറി ഫ്രാൻസിലേക്കു പോയി. അവർ അവിടെ ജോലി ചെയ്തു ജീവിക്കുന്നു. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള ഞാനും എന്റെ വീട്ടുകാരും അവരുടെ കൂടെ പോയില്ല. ഞങ്ങൾ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ‘ഇന്ത്യക്കാരായി’.ഡൽഹിയിൽ ഫ്രഞ്ച് ഔദ്യോഗിക ഭാഷയായുള്ള പല രാജ്യങ്ങളുടെയും എംബസികളുണ്ടായിരുന്നു. ഫ്രാൻസ്, അൾജീരിയ, മൊറോക്കോ, സെനഗൽ, കംബോഡിയ... അങ്ങനെ കുറേ രാജ്യങ്ങൾ. അതിനു പുറമേ എയർ ഫ്രാൻസ്, ഫ്രഞ്ച് ബേങ്ക് തുടങ്ങി ഒട്ടേറെ കമേഴ്സ്യൽ സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ഫ്രഞ്ച് വിദ്യാഭ്യാസം കഴിഞ്ഞ് ചന്ദ്രനാഗോറിൽനിന്നും പോണ്ടിച്ചേരിയിൽനിന്നും മയ്യഴിയിൽനിന്നും വരുന്ന ചെറുപ്പക്കാർക്ക് അവിടെയെല്ലാം ജോലിസാധ്യതയുണ്ടായിരുന്നു. എന്റെ ജ്യേഷ്ഠൻ നേരത്തേതന്നെ ഫ്രഞ്ച് എംബസിയിൽ ഉണ്ടായിരുന്നു. ഒരു ഒഴിവു വന്നപ്പോൾ ഞാൻ അവിടെ ചേർന്നു.
‘ന സെക്രത്തർ ദകത്തിലോ ബിലേൻഗ്’ എന്നായിരുന്നു എന്റെ ആദ്യ തസ്തിക. അതായത്, ഫ്രഞ്ച്–ഇംഗ്ലിഷ് ടൈപ്പിസ്റ്റ് സെക്രട്ടറി എന്ന്. എന്റെ മേലുദ്യോഗസ്ഥൻ സായ്‌വ് ഒരു പുസ്തകം എഴുതുന്നുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയായിരുന്നു വിഷയം. അദ്ദേഹത്തിന്റെ പുസ്തകരചനയ്ക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു കൊടുക്കുകയായിരുന്നു എന്റെ പ്രധാന ജോലി. പിന്നെ അദ്ദേഹം ഫ്രഞ്ചിൽ എഴുതുന്നതെല്ലാം ഫ്രഞ്ചിൽ തന്നെ ടൈപ്പ് ചെയ്തുകൊടുക്കുകയും വേണം. ഒരു ദിവസം വിവരശേഖരണത്തിനായി ഞാൻ പാർലമെന്റ് ലൈബ്രറിയിൽ പോയപ്പോൾ എതിരെ വരുന്നു സാക്ഷാൽ ഇന്ദിരാഗാന്ധി! മറ്റൊരിക്കൽ പാർലമെന്റ് ഹൗസിലെ കഫറ്റീരിയയിൽ എകെജി ഇരിക്കുന്നതു കണ്ടു. അന്നദ്ദേഹം പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു. ഡിപ്ലോമാറ്റിക് ബാഡ്ജ് കഴുത്തിലണിഞ്ഞതുകൊണ്ട് എനിക്കു പാർലമെന്റിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്നു.
എംബസിയിൽ നന്നായി ജോലി ചെയ്താൽ മുകളിലോട്ട് കയറിപ്പോകാം–അതായിരുന്നു പ്രമോഷനുള്ള ഏക മാനദണ്ഡം. ഞാൻ രാപകലില്ലാതെ പണിയെടുത്തു. ഞായറാഴ്ചകളിൽപോലും കാലത്ത് ഏഴു മണിക്ക് ഓഫിസിൽ പോകുമായിരുന്നു. എന്നെ രണ്ടു തവണ പാരിസിൽ കൾചറൽ മാനേജ്മെന്റ് പരിശീലനത്തിനായി അയച്ചു. അങ്ങനെ രാവും പകലും ജോലി ചെയ്ത് കുറേശ്ശെയായി മുകളിലെത്തി. കൾച്ചറൽ അറ്റാഷയായുടെ ചുമതല വരെ വഹിച്ചു. ആ തസ്തിക ഫ്രഞ്ചുകാർക്കു മാത്രമുള്ളതായിരുന്നു. കൾച്ചറൽ അറ്റാഷേയുടെ ജോലി ചെയ്തെങ്കിലും, സാങ്കേതിക കാരണത്താൽ ഡപ്യൂട്ടി കൾച്ചറൽ അറ്റാഷെ എന്നായിരുന്നു എന്റെ ഔദ്യോഗിക പദവി.
അപ്പോൾ ഒരു ചോദ്യം. ഈ ജോലിത്തിരക്കിനിടയിലും എങ്ങനെയാണ് ഈ നോവലുകളും കഥകളുമെല്ലാം എഴുതിയത്? കൊടുംശൈത്യത്തിൽ എല്ലാവരും കമ്പിളിക്കുള്ളിൽ കിടന്നുറങ്ങുമ്പോൾ ഞാൻ പുലർച്ചെ നാലു മണിക്കെഴുന്നേറ്റു വായിക്കുകയും എഴുതുകയും ചെയ്യും. ആ ശീലം എത്രയോ കാലം ഞാൻ തുടർന്നു. അങ്ങനെയാണു ഞാൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിലും’ മറ്റു പുസ്തകങ്ങളുമെല്ലാം എഴുതിയത്. എംബസിയിൽ കൃത്യനിഷ്ഠയും അച്ചടക്കവും നിർബന്ധമാണ്. നന്നായി വേഷം ധരിക്കണം. ഷൂസിടണം. ടൈ കെട്ടണം. പക്ഷേ, എന്റെ ഉള്ളിലെ എഴുത്തുകാരൻ ഒട്ടും ഇഷ്ടപ്പെടാത്തതായിരുന്നു അതെല്ലാം. എഴുത്തുകാരന്റെ ലോകവും എംബസിയുടെ ലോകവും ഒന്നിച്ചു കൊണ്ടുപോകാൻ ഞാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോൾ, ഈ എഴുപത്തെട്ടാം വയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അദ്ഭുതപ്പെടുന്നു. ഈ ഞാൻ തന്നെയാണോ അങ്ങനെ ജോലി ചെയ്തും എഴുതിയും ഡൽഹിയിൽ ദീർഘകാലം ജീവിച്ചത്? എങ്ങനെ എനിക്കതു സാധിച്ചു? ആ ചോദ്യത്തിന് ഉത്തരം, കഠിനാധ്വാനത്തിലൂടെ എന്നാണ്.
തൊഴിൽ എന്നെ പഠിപ്പിച്ചത്
ഉത്തരം കിട്ടാത്ത പലതും ജീവിതത്തിൽ സംഭവിക്കും. എല്ലാത്തിനും ഉത്തരം തേടിപ്പോകരുത്. ഇഷ്ടപ്പെടാത്ത എത്രയോ കാര്യങ്ങൾ നമുക്കു ചെയ്യേണ്ടിവരും. പക്ഷേ, കഴിവതും മറ്റുള്ളവരെ കഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കണം. ജോലിയിലെ ഉത്തരവാദിത്തം എത്ര ചെറുതായാലും വലുതായാലും, അതു മാറ്റിവച്ചല്ല നമ്മുടെ ഇഷ്ടങ്ങൾ നടപ്പാക്കേണ്ടത്. ജോലിയോടു സമർപ്പണമില്ലാത്തവർ മറ്റേതു രംഗത്തു ശോഭിച്ചാലും ആരും ബഹുമാനിക്കണമെന്നില്ല. നമ്മുടെ ഉള്ളിൽ നമ്മൾ മറ്റൊരാളായിരിക്കാം. അയാളെ തൃപ്തിപ്പെടുത്താൻ നമ്മൾ സമയം വേറെ കണ്ടെത്തണം.
Content Summary : Ente Adya Joli Column - Writer M.Mukundan's first job experience