ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്, വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട് പക്ഷേ; നടനായ കഥ പറഞ്ഞ് നെടുമുടിവേണു
Mail This Article
അധ്യാപകരായ പി.കെ.കേശവപിള്ളയുടെയും പി.കുഞ്ഞിക്കുട്ടിയമ്മയുടെയും മകൻ കെ.വേണുഗോപാൽ– അന്നും ഇന്നും എന്റെ ഏറ്റവും വിലപ്പെട്ട വിലാസം അതാണ്. ഞാനിന്നൊരു കലാകാരനായി ജീവിക്കുന്നെങ്കിൽ, അതു വീടും നാടും തന്ന വേരിൽനിന്നു വളർന്നു പച്ചപിടിച്ചതാണ്. അച്ഛൻ പഠിപ്പിച്ചിരുന്ന നെടുമുടി എൻഎസ്എസ് സ്കൂളിലാണു ഞാനും ചേട്ടൻമാരും പഠിച്ചത്. സ്കൂളു വിട്ടുവന്നാൽ പഠിത്തത്തേക്കാളേറെ വീട്ടിൽ കേൾക്കുക കലയുടെ ആരവമാണ്. സംഗീതവും വാദ്യങ്ങളുമൊക്കെ പഠിപ്പിക്കാൻ ഗുരുക്കൻമാരെ വീട്ടിൽ താമസിപ്പിക്കുമായിരുന്നു, അച്ഛൻ. ഞാൻ വളർന്നപ്പോഴേക്ക് അച്ഛൻ ജോലിയിൽനിന്നു പിരിഞ്ഞു. വരുമാനം കുറഞ്ഞു. അതുകൊണ്ട് എന്നെ മാത്രമായി ഒന്നും പഠിപ്പിക്കാൻ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല.
ഹൈസ്കൂളെത്തിയപ്പോൾ ചമ്പക്കുളം സെന്റ് മേരീസിൽ ചേർന്നു. അക്കാലത്ത് അവിടെനിന്നു യുവജനോത്സവത്തിൽ പങ്കെടുക്കുന്ന ഏക വിദ്യാർഥി ഞാനായിരുന്നു. മൃദംഗത്തിലും ഘടത്തിലുമൊക്കെ സമ്മാനങ്ങൾ കിട്ടി. പ്രീഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളജിൽ തേഡ് ഗ്രൂപ്പായിരുന്നു. അതു കഴിഞ്ഞു ബിഎ മലയാളത്തിനു ചേർന്നു.
ഇക്കണോമിക്സിൽ ആലപ്പുഴക്കാരൻ ഫാസിലെന്നൊരു പയ്യനുണ്ട്. ആളു കൊള്ളാം, നല്ല കലാരസികൻ. കാലടി ഗോപിയുടെ ‘ഏഴു രാത്രികൾ’ എന്ന നാടകത്തിൽ പാഷാണം വർക്കിയായി ഞാൻ കോളജിൽ വേഷമിട്ടിരുന്നു. അഭിനയവേദികൾ എന്നെയും ഫാസിലിനെയും കൂടുതൽ അടുപ്പിച്ചു. കോളജ് വിട്ടാലും വഴിയിൽ കാണുന്നവരെയും സഹപാഠികളെയുമൊക്കെ അനുകരിച്ചു ഞങ്ങൾ ചുറ്റിപ്പറ്റി നടന്നു. അതു പിന്നീടു കല്യാണവീടുകളിലും വേദികളിലുമൊക്കെ ഒരു കലാപരിപാടിയായി വളർന്നു. പിൽക്കാലത്തു മിമിക്രി എന്ന പേരിൽ പ്രശസ്തമായ കലാവിരുന്നിന്റെ ആദ്യവഴി.
ഫാസിൽ എംഎയ്ക്കു ചേർന്നു. എനിക്കു ചമ്പക്കുളം ശ്രീവിദ്യ കോളജ് എന്ന പാരലൽ കോളജിൽ അധ്യാപകനായി ഒരു ജോലി കിട്ടി. അതായിരുന്നു എന്റെ ആദ്യ തൊഴിൽ. അക്കാലത്തു ഞങ്ങൾ പല നാടകങ്ങളും എഴുതി അവതരിപ്പിക്കുമായിരുന്നു. അങ്ങനെയൊരു നാടകത്തിന്റെ വിധികർത്താവായി കാവാലം നാരായണപ്പണിക്കർ സാറുമുണ്ടായിരുന്നു. ഞങ്ങളെ ഇഷ്ടപ്പെട്ട് അദ്ദേഹം നേരിട്ടു കാണാൻ വിളിപ്പിച്ചു. താളവും ചുവടും വായ്ത്താരിയുമൊക്കെ ചേർന്ന കാവാലം കളരി എന്റെ പ്രകൃതത്തിനു നല്ല ചേർച്ചയായിരുന്നു. പക്ഷേ, അന്നേ അൽപം കമേഴ്സ്യൽ ശൈലി ഇഷ്ടപ്പെട്ടിരുന്ന ഫാസിൽ വൈകാതെ ആലപ്പുഴയ്ക്കു മടങ്ങി. പിന്നീടു മലയാളത്തിലെ ഏറ്റവും ഹിറ്റ് സംവിധായകരിലൊരാളായി ഫാസിൽ വളർന്നതു മറ്റൊരു ചരിത്രം.
കാവാലം കളരിയിൽ ഞാൻ ചെയ്ത ആദ്യ നാടകം ‘എനിക്കു ശേഷം’ ആയിരുന്നു. അതു കഴിഞ്ഞാണു ‘ദൈവത്താർ’. അതിനിടയ്ക്ക് എനിക്കു മറ്റൊരു ജോലികൂടി കിട്ടി–ആലപ്പുഴ ജവാഹർ ബാലഭവനിൽ കുട്ടികളെ നാടകം പഠിപ്പിക്കൽ. ‘അവനവൻ കടമ്പ’ നാടകം ചെയ്യുമ്പോഴേക്കു കാവാലത്തിന്റെ ‘സോപാനം’ നാടക അരങ്ങ് ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തേക്കു മാറ്റി. നാടകപരിചയമുള്ളയാൾ എന്ന നിലയിൽ അദ്ദേഹം എന്നെയും കൂടെക്കൂട്ടി. ആലപ്പുഴയിൽനിന്ന് എന്റെ തട്ടകം പറിച്ചുനടുന്നതിന്റെ തുടക്കം അതായിരുന്നു.
നടൻമാർ ഗോപി, കൃഷ്ണൻകുട്ടി നായർ, ജഗന്നാഥൻ, സംവിധായകൻ അരവിന്ദൻ, അന്നു സിനിമയിൽ വന്നിട്ടില്ലാത്ത കൈതപ്രം ദാമോദരൻ നമ്പൂതിരി, ഭരതൻ, പത്മരാജൻ... കലയെ സ്നേഹിച്ചവരെല്ലാം ‘സോപാന’ത്തിൽ കൂട്ടുകൂടാനെത്തുമായിരുന്നു. മിക്കവർക്കും എന്തെങ്കിലും വരുമാനമുണ്ട്. എനിക്കു മാത്രം തൊഴിലൊന്നുമില്ല. അങ്ങനെയാണു കാവാലം സാറും അരവിന്ദൻ ചേട്ടനും കൂടി എന്നെ ‘കലാകൗമുദി’യിൽ പത്രപ്രവർത്തകനാക്കാൻ കൊണ്ടുപോകുന്നത്.
നാടകം വല്ലപ്പോഴുമല്ലേയുള്ളൂ? ബാക്കി കാലത്തൊക്കെ ‘കലാകൗമുദി’യിലേക്കും ‘ഫിലിം മാഗസിനി’ലേക്കും ഫീച്ചറുകൾ തേടി അലയാൻ തുടങ്ങി. പരമ്പരാഗത കലാകാരൻമാർ, നാടകകൃത്തുക്കൾ, സിനിമാപ്രവർത്തകർ, പിന്നണിക്കാർ, ജൂനിയർ ആർട്ടിസ്റ്റുകൾ, കട്ടൗട്ട് വരയ്ക്കുന്നവർ എന്നുതുടങ്ങി പാമ്പിനെയും തത്തയെയും വാടകയ്ക്കു കൊടുക്കുന്നവരെക്കുറിച്ചുവരെ ഞാൻ എഴുതി.
പ്രേംനസീർ മുതൽ പ്രശസ്തരായ പലരുമായും അടുക്കാൻ പത്രപ്രവർത്തനം തുണച്ചു. ഭരതനുമായി വലിയ കൂട്ടാവുന്നതും അങ്ങനെയാണ്. ‘പ്രയാണം’ എന്ന ആദ്യ സിനിമ മാത്രമേ അന്നു ഭരതൻ സംവിധാനം ചെയ്തിട്ടുള്ളൂ. ഞാനൊരു നടനാണെന്നൊന്നും അദ്ദേഹത്തിന് അറിയില്ല. പിന്നീടു പത്മരാജനാണ് എന്റെ അഭിനയതാൽപര്യം ഭരതനോടു പറഞ്ഞത്.
ജോലി കഴിഞ്ഞാൽ പല ദിവസങ്ങളിലും ഭരതന്റെ മുറിയിൽ ചെന്നു സംസാരിച്ചിരിക്കും. അതിനിടയിലൊരിക്കൽ, ‘ആരവം’ എന്നൊരു സിനിമയെടുക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു. കമൽ ഹാസനെയാണു പ്രധാന റോളിനു കണ്ടുവച്ചിരുന്നത്. പിന്നെ കുറേക്കാലം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘ആ വേഷം വേണുവിനു ചെയ്യാമോ?’
എനിക്കു വലിയ ആവേശമൊന്നും തോന്നിയില്ല. സിനിമാഭിനയം എനിക്കന്ന് ഭ്രമമുള്ള കാര്യമേ ആയിരുന്നില്ല. ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്. വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട്. പക്ഷേ, ‘തമ്പി’ലെ പ്രധാന കഥാപാത്രത്തിനുവേണ്ടി അരവിന്ദൻ എന്നെ പിടികൂടി. അതും കഴിഞ്ഞാണ് ‘ആരവം’ വരുന്നത്.
എന്നിട്ടും സിനിമയാണെന്റെ ലോകമെന്നു ഞാൻ ചിന്തിച്ചതേയില്ല. അങ്ങനെ തോന്നാൻ പത്തുപതിനഞ്ചു സിനിമ കഴിയേണ്ടിവന്നു. ‘തകര’ കഴിഞ്ഞും ഞാൻ പത്രപ്രവർത്തനം തുടർന്നിരുന്നു. സിനിമയിലെ തിരക്കു കൂടിയപ്പോൾ ആറു വർഷത്തിനുശേഷം ആ ഇഷ്ടജോലി ഉപേക്ഷിച്ചു. പിന്നെ 43 കൊല്ലമായി സിനിമ എന്നെ കൈവിടാതെ കൂടെക്കൊണ്ടുനടക്കുന്നു.
തൊഴിൽ എന്നെ പഠിപ്പിച്ചത്
ഏതു തൊഴിലിലും പുതിയ കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ട്. പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ടുതന്നെ അതിലെ അനാവശ്യങ്ങളെ വേണ്ടെന്നുവയ്ക്കാൻ കഴിയണം. ഇതാണു നടൻ എന്ന തൊഴിലിലും ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാൻ കഴിയില്ല. പക്ഷേ, ചെയ്യുന്ന ജോലിയിൽ ഇഷ്ടം കണ്ടെത്താൻ കഴിഞ്ഞാൽ സംതൃപ്തി കൂടെ വന്നോളും. ഒരുപക്ഷേ, ആദ്യ ജോലിയിൽ ആ ഇഷ്ടം കണ്ടെത്താൻ കഴിയണമെന്നില്ല. പക്ഷേ, അങ്ങനെ തിരിച്ചറിയുന്ന ഒരു സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടാകാതിരിക്കില്ല.
(മലയാള മനോരമ തൊഴിൽവീഥി 2 ഒക്ടോബർ 2021 ലക്കത്തിൽ, ‘എന്റെ ആദ്യ ജോലി’ പംക്തിയിൽ പ്രസിദ്ധീകരിച്ചത്)
Content Summary : Ente Adya Joli Column - Nedumudi Venu's first job experience