ADVERTISEMENT

യോഗ്യത: പത്താം ക്ലാസ് ജയം. ശമ്പളം: പ്രതിമാസം ഒരു ലക്ഷം രൂപ വരെ. ജോലി: കാർഷിക അനുബന്ധ ജോലികൾ. കൃഷിക്ക് ഇത്രയും ശമ്പളമോ എന്ന അതിശയം വേണ്ട. നമ്മുടെ നാട്ടിലല്ല, ജോലി ദക്ഷിണ കൊറിയയിലാണ്! വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം ഒരുക്കുന്നത്. തുടക്കത്തിൽ 100 പേർക്കാണു നിയമനം. 1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കു നിയമനം നൽകാനാണു ഒഡെപെക് തീരുമാനം

 

ഹൈടെക് കൊറിയൻ കൃഷി

ദക്ഷിണ കൊറിയ സർക്കാരിന്റെ കീഴിലുള്ള കാർഷിക പദ്ധതിയിലേക്കാണു തൊഴിലാളികളെ തേടുന്നത്. സവാള കൃഷിയാണു പ്രധാനം. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ കൃഷി രീതിയാണു നടപ്പാക്കുന്നത്. അതേസമയം, മനുഷ്യ അധ്വാനവും വേണ്ടിവരും. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന. 25 – 40 പ്രായപരിധിയിൽ ഉള്ളവർക്കാണു യോഗ്യത. ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന അറിവുണ്ടാകണം. 2 ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. 

 

കൊറിയയെപ്പറ്റി പഠിച്ച ശേഷം ജോലി

തൊഴിൽ ദാതാവിനെക്കുറിച്ച് എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ശേഷമാണു ജീവനക്കാരെ ലഭ്യമാക്കുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. ‘‘കൊറിയയിലെ ജീവിത സാഹചര്യം, കൃഷി രീതികൾ, ജീവിതച്ചെലവ്, താമസ സൗകര്യം, കറൻസി, സംസ്കാരം, തൊഴിൽ സമയം, തൊഴിൽ നിയമങ്ങൾ തുടങ്ങി അവിടെ ജോലി ചെയ്യാൻ ആവശ്യമായ കാര്യങ്ങളെല്ലാം അപേക്ഷകർക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകൾ. വിഡിയോ ദൃശ്യങ്ങളും മറ്റും പ്രദർശിപ്പിച്ചാണു ബോധവൽക്കരണം.’’ കൊറിയൻ സാഹചര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരിൽ നിന്നാണു തിരഞ്ഞെടുപ്പ്. അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ: recruit@odepc.in വെബ്സൈറ്റ്: www.odepc.kerala.gov.in.

 

English Summary: South Korea is recruiting Labours for Onion cultivation through ODEPC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com