രസതന്ത്രത്തിൽ വിദേശത്ത് ഗവേഷണം നടത്താൻ ആഗ്രഹമുണ്ടോ?; മികച്ച അവസരങ്ങളെക്കുറിച്ചറിയാം
Mail This Article
ചോദ്യം: ഞാൻ രണ്ടാം വർഷ എംഎസ്‌സി കെമിസ്ട്രി ഫലം കാത്തിരിക്കുകയാണ്. വിദേശത്തെ മികച്ച ഗവേഷണാവസരങ്ങളെക്കുറിച്ചു പറയാമോ?
സി.എസ്. ഷർമിനാസ്
ഉത്തരം: നമ്മുടെ വിഷയത്തിൽ ഗവേഷണാവസരമുള്ള മികച്ച സർവകലാശാലകളുടെ പട്ടിക തയാറാക്കുകയാണ് ആദ്യഘട്ടം. ക്യുഎസ് (QS), ടൈംസ് ഹയർ എജ്യുക്കേഷൻ (THE) തുടങ്ങിയവയുടെ റാങ്കിങ് ഇതിനു പ്രയോജനപ്പെടുത്താം. ഡിപ്പാർട്മെന്റിലെ അധ്യാപകരുടെ പ്രൊഫൈലും ഗവേഷണ താൽപര്യവും ഈ സ്ക്രീനിങ്ങിൽ പ്രധാനം. നമ്മുടെ ഇഷ്ട മേഖലകളിൽ ഗവേഷണത്തിനുള്ള സാധ്യത പരിശോധിക്കണം. ആ സർവകലാശാലകളിലെ അധ്യാപകരോട് ഇമെയിലിലൂടെ അവിടത്തെ ഗവേഷണരീതി, സാമ്പത്തിക സഹായം, ടീച്ചിങ് അസിസ്റ്റന്റ്ഷിപ് തുടങ്ങിയവയെക്കുറിച്ചു ചോദിച്ചുമനസ്സിലാക്കാം.
നമ്മുടെ പ്രൊഫൈലിന് ഇണങ്ങുന്ന ഒരു ഡസൻ സർവകലാശാലകളുമായെങ്കിലും ആശയവിനിമയം നടത്തണം. അവയിൽനിന്ന് ഏറ്റവും അനുയോജ്യമായ ആറോ എട്ടോ സർവകലാശാലകളിലേക്ക് അപേക്ഷിക്കുക. സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർക്ക് അപേക്ഷാഫീസ് ഒഴിവാക്കിക്കിട്ടും.
ഭൂരിഭാഗം സർവകലാശാലകളിലും ഗവേഷണ പഠനത്തിനു സ്കോളർഷിപ്പുകളും സ്റ്റൈപ്പൻഡും കിട്ടും. അപേക്ഷകളുടെ കൂടെ വിശദമായ ബയോഡേറ്റ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (SoP), ശുപാർശക്കത്ത് (LoR) എന്നിവയും സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാൻ അവസാന തീയതി വരെ കാത്തുനിൽക്കാതിരിക്കുക. First come first serve അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സർവകലാശാലകളുണ്ട്.
പല സർവകലാശാലകളിലും GRE അഭിരുചി പരീക്ഷയുടെയും TOEFL/ IELTS/Duolingo / CAE തുടങ്ങിയ ഇംഗ്ലിഷ് നൈപുണ്യ പരീക്ഷകളിലൊന്നിന്റെയും സ്കോറും ഹാജരാക്കേണ്ടി വരും. ഇവയ്ക്കുള്ള തയാറെടുപ്പും നേരത്തേ തുടങ്ങാം.
Content Summary : Chemistry Research Abroad