ഭാഷാശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുള്ളവർക്ക് ശോഭിക്കാം; കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്...
Mail This Article
കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സുമായി ബന്ധപ്പെട്ട പഠന സാധ്യതകൾ വിശദീകരിക്കാമോ?–വിമൽ, കോട്ടയം
ഉത്തരം: ഭാഷയുടെ ഘടനാപരമായ സവിശേഷതകൾ മനസ്സിലാക്കി കംപ്യൂട്ടറിന് ഉപയോഗിക്കാനാകുംവിധം അപഗ്രഥിക്കുന്ന ബഹുവിഷയ പഠനമേഖലയാണ് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്. കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുത്തുഭാഷയോ സംസാരഭാഷയോ കൈകാര്യം ചെയ്യുന്ന നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, സംഭാഷണങ്ങളെ എഴുത്തുരൂപത്തിലേക്കു മാറ്റുന്ന സ്പീച്ച് റെക്കഗ്‌നിഷൻ, എഴുത്തുരൂപത്തെ കൃത്രിമമായി ശബ്ദരൂപത്തിലേക്കു മാറ്റുന്ന ലാംഗ്വേജ് സിന്തസിസ്, മെഷീൻ ട്രാൻസ്‌ലേഷൻ, ലാംഗ്വേജ് എനേബ്ൾഡ് റോബട്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ് കടന്നുവരുന്നു.
ഭാഷാശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാം. മെഷീൻ ലേണിങ്, ലാംഗ്വേജ് പ്രോസസിങ്, റൊബോട്ടിക്സ് പോലെയുള്ള മേഖലകളിൽ കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റുകൾക്ക് ഏറെ അവസരങ്ങളുണ്ട്.ഐഐഐടി ഹൈദരാബാദിൽ എംഎസ്, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളും ഹൈദരാബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്റു സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിൽ എംഎ, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.
മറ്റു പ്രോഗ്രാമുകൾ:
∙ അലിഗഡ് മുസ്‌ലിം സർവകലാശാല: എംഎ, ബിഎ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്
∙ സെന്റർ ഫോർ ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ്, ഡോ. ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി, ആഗ്ര: എംഎസ്‌സി
∙ ഇഫ്ളു, ഹൈദരാബാദ്: എംഎ, പിഎച്ച്ഡി
∙ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി, ബെംഗളൂരു: എംഎ (സ്പെഷലൈസേഷനായി കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്)
∙ ഗവ.എൻജിനീയറിങ് കോളജ്, ശ്രീകൃഷ്ണപുരം: എംടെക് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ് എൻജിനീയറിങ്
∙ ഹിന്ദി യൂണിവേഴ്സിറ്റി, വാർധ: എംടെക്, മാസ്റ്റർ ഓഫ് ഇൻഫർമാറ്റിക്സ് & ലാംഗ്വേജ് എൻജിനീയറിങ്
Content Summary: Career Scope Of Computational Linguist