ADVERTISEMENT

ആയുഷ് (ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോപ്പതി) യുജി 2021–22 കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതല ഓൺലൈൻ കൗൺസലിങ്ങിനുള്ള റജിസ്ട്രേഷൻ ഇന്നു തുടങ്ങും. നീറ്റ് യുജി 21ൽ യോഗ്യത നേടിയവർക്ക്  www.aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്ത്, നാളെ മുതൽ ചോയ്സ് ഫില്ലിങ് നടത്താം. അപേക്ഷാസമയത്തു നൽകുന്ന വിവരങ്ങൾ തിരുത്താൻ അവസരം കിട്ടില്ല. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും.

 

1, 2, 3 (മോപ്–അപ്), സ്ട്രേ വേക്കൻസി എന്നിങ്ങനെ 4 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളിലും നിശ്ചിത തീയതികളിൽ റജിസ്റ്റർ ചെയ്യാം. പക്ഷേ രണ്ടാം റൗണ്ട് മുതൽ സീറ്റുകൾ കുറവായിരിക്കും. അലോട്മെന്റ് കിട്ടിയതുകൊണ്ടു മാത്രം പ്രവേശനത്തിന് അർഹതയില്ല. നിർദിഷ്ട യോഗ്യതകളെല്ലാം ഉണ്ടായിരിക്കുകയും വേണം. ഓരോ സ്ഥാപനത്തിലെയും വിശേഷവ്യവസ്ഥകളും ഫീസ് നിരക്കുകളും മനസ്സിലാക്കണം.

 

സീറ്റുകൾ ഏതെല്ലാം?

 

∙ ജമ്മു കശ്മീരിലെ ഒഴികെ, സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിലെ – 15% സീറ്റുകൾ, അഖിലേന്ത്യാ ക്വോട്ട

 

∙ ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം), ഡൽഹി സർവകലാശാല (ആയുർവേദം, യൂനാനി, ഹോമിയോ), കൽപിത സർവകലാശാലകൾ (4 ശാഖകളും) – 100%

 

∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ജാംനഗർ (ആയുർവേദം), എൻഐഎ ജയ്പുർ (ആയുർവേദം), എൻഐഎച്ച് കൊൽക്കത്ത (ഹോമിയോ) – നോമിനേറ്റഡ് ഒഴികെ – 100%

 

∙ അലിഗഡ് മുസ്‌ലിം സർവകലാശാല (യൂനാനി), നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഷില്ലോങ് (ആയുർവേദം, ഹോമിയോ) – 50%

 

കൽപിത സർവകലാശാലകളല്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലെ 15% ഓൾ ഇന്ത്യ ക്വോട്ടയിലെ സീറ്റ് അലോട്മെന്റ് സംസ്ഥാനങ്ങളാകും നിർവഹിക്കുക. (കേരളത്തിലും ഈ വിഭാഗത്തിൽ സ്ഥാപനങ്ങളുണ്ട്). ജൈന / മുസ്‌ലിം / ഹിന്ദി ലിംഗ്വിസ്റ്റിക് തുടങ്ങിയ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റും ആ കാറ്റഗറിക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

 

സംവരണം

 

15% ഓൾ ഇന്ത്യ ക്വോട്ടയിലും കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിലും കേന്ദ്ര മാനദണ്ഡമനുസരിച്ചു സംവരണമുണ്ട്: പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, സാമ്പത്തിക പിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന 15 അംഗീകൃത സ്ഥാപനങ്ങളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജും ഉൾപ്പെടും.‌

 

എത്ര പണമടയ്ക്കണം?

 

എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റി തുക 50,000 രൂപ. ആകെ 55,000 രൂപ. ആർക്കും ഇളവില്ല.

 

ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 1000 രൂപ. സെക്യൂരിറ്റി തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 / 10,000 രൂപ. ആകെ 10,500 രൂപ.

 

സി) 2 വിഭാഗങ്ങൾക്കും കൂടി ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി.

neet-ug-ayush-counselling

 

റജിസ്ട്രേഷൻ കഴിയുമ്പോൾ പേയ്മെന്റ് പേജ് തുറന്നുവരും. നെറ്റ് ബാങ്കിങ് / കാർഡ് വഴി പണമടയ്ക്കാം.

 

മറ്റു വ്യവസ്ഥകൾ

 

നീറ്റ് അപേക്ഷയ്ക്ക് എൻടിഎയിൽ നൽകിയ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിക്കണം. സ്വന്തമായി പാസ്‌വേഡ് ഉണ്ടാക്കി സൂക്ഷിക്കണം. ചോയ്സ് ഫില്ലിങ്ങിനു ലാപ്ടോപ് / കംപ്യൂട്ടർ ഉപയോഗിക്കുക (മൊബൈൽ ഫോൺ വേണ്ട). എത്ര ചോയ്സ് വേണമെങ്കിലും നൽകാം. തുടർന്നു ലോക്ക് ചെയ്യുക. ലോക്ക് ചെയ്യുന്നതുവരെ ചോയ്സുകൾ പരിഷ്കരിക്കാം. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ കൃത്യസമയത്ത് സ്വയം ലോക്ഡ് ആകും. തുടർന്ന് പ്രോസസിങ്ങും അലോട്മെന്റും. ആദ്യ റൗണ്ടിനു റജിസ്റ്റർ ചെയ്തിട്ട് സീറ്റ് കിട്ടാത്തവർ രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യേണ്ട. ഒന്നിലും രണ്ടിലും കിട്ടാത്തവർ മോപ്–അപ്പിനും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ, ചോയ്സ് സമർപ്പിക്കണം. സ്ട്രേയ്ക്ക് റജിസ്ട്രേഷനില്ല.

 

∙ ചോയ്സുകൾ ഒരിക്കൽ ലോക്ക് ചെയ്താൽ എഎസിസിസിക്കു പോലും അൺലോക്ക് ചെയ്യാൻ കഴിയില്ല. എല്ലാം ശരിയെന്ന് ഉറപ്പാക്കിയിട്ടു മാത്രം ലോക്ക് ചെയ്യുക.

 

∙ ഒന്നാം റൗണ്ടിൽ മാത്രം അപ്ഗ്രഡേഷൻ / ഫ്രീ എക്സിറ്റ് ഉണ്ട്. പക്ഷേ ആദ്യറൗണ്ട് അലോട്മെന്റിൽ കിട്ടിയ സീറ്റ് നിലനിർത്തണമെങ്കിൽ കോളജിൽ നേരിട്ടുചെന്നു ചേരണം. എന്നിട്ട് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെടാം. അതു കിട്ടിയാൽ ഓൺലൈൻ റിലീവിങ് ലെറ്റർ വാങ്ങി, ആദ്യത്തെ സീറ്റിൽനിന്നു നിർബന്ധമായും ഒഴിയണം.

 

∙ ആദ്യറൗണ്ടിൽ ചേർന്നിട്ട് രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ കിട്ടാത്ത വിദ്യാർഥിക്കു കിട്ടിയ സീറ്റ് സെക്യൂരിറ്റി തുക നഷ്ടപ്പെടാതെ ഉപേക്ഷിക്കാം (ഫ്രീ എക്സിറ്റ്). പക്ഷേ, രണ്ടാം റൗണ്ട് ഫലം വന്നിട്ട് 5 ദിവസത്തിനകം ഇങ്ങനെ ഉപേക്ഷിച്ചില്ലെങ്കിൽ കിട്ടിയ സീറ്റിലെ പ്രവേശനം നിലനിർത്തിയതായി കരുതും. തുടർന്ന് കൗൺസലിങ്ങിന് അവസരമില്ല.

 

∙ രണ്ടാം റൗണ്ടിൽ അലോട്ട് ചെയ്ത സീറ്റിൽ ചേരാത്തവർക്കു ഫ്രീ എക്സിറ്റുണ്ട്. രണ്ടാം റൗണ്ട് അലോട്മെന്റനുസരിച്ചു കോളജിൽ ചേർന്നാൽ, മോപ്–അപ് തുടങ്ങുന്നതിനു 3 നാൾ മുൻപുവരെ സെക്യൂരിറ്റി തുക നഷ്ടപ്പെട്ട് എക്സിറ്റ് എടുക്കാം. ഇങ്ങനെ എക്സിറ്റ് എടുക്കാത്തപക്ഷം അയോഗ്യത കൽപിക്കും. സംസ്ഥാനത്തേതടക്കം മറ്റൊരു ആയുഷ് കൗൺസലിങ്ങിനും പങ്കെടുക്കാൻ അനുവദിക്കില്ല. മോപ്–അപ്പിലോ സ്ട്രേയിലോ അലോട്മെന്റ് വാങ്ങിയിട്ട് കോളജിൽ ചേരാതിരുന്നാലും സെക്യൂരിറ്റി തുക നഷ്ടപ്പെടും, അയോഗ്യതയും ഉണ്ടാകും.

 

∙ രണ്ടാം റൗണ്ടിലോ മോപ്–അപ്പിലോ അലോട്മെന്റ് കിട്ടി ചേർന്നിട്ട്, തുടർന്ന് അപ്ഗ്രേഡ് കിട്ടിയാൽ പ്രവേശിച്ച സീറ്റ് നഷ്ടമാകും.

 

∙ മോപ്–അപ്പിൽ അലോട്‌മെന്റ് കിട്ടി കോളജിൽ ചേർന്നവരെ സംസ്ഥാന കൗൺസലിങ്ങിനു പരിഗണിക്കില്ല.

 

∙ കോളജിൽ ചേരാൻ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ബുള്ളറ്റിനിലുണ്ട് (പേജ് 21, 22). എങ്കിലും, ചേരാൻ പോകുന്ന കോളജിന്റെ വെബ്‌സൈറ്റിലൂടെയോ നേരിട്ടു ബന്ധപ്പെട്ടോ അധികരേഖകൾ ആവശ്യമുണ്ടോയെന്ന് ഉറപ്പാക്കണം.

 

∙ നിങ്ങളുടെ റാങ്ക് അനുസരിച്ചുള്ള പ്രവേശനസാധ്യതയെപ്പറ്റി ഏകദേശരൂപം കിട്ടാൻ യുജി കൗൺസലിങ് പേജിലെ News & Events വിഭാഗത്തിൽ Archives ലിങ്ക്‌വഴി പോകുക. ഓരോ കോളജിലും 2020–21ൽ പ്രവേശനം കിട്ടിയ അവസാനറാങ്കുകൾ കാറ്റഗറി തിരിച്ചു കൊടുത്തിട്ടുള്ളതു നോക്കാം.

 

∙ ഹെൽപ്‌ലൈൻ: 9354529990; counseling-aaccc@aiia.gov.in. ഫീസ് സംബന്ധിച്ച്: finance-aaccc@aiia.gov.in. വെബ്: www.aaccc.gov.in

 

Content Summary : Registration for AYUSH NEET UG Counselling 2021 to begin today 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com