55,000 രൂപ പ്രതിമാസ സ്റ്റൈപെൻഡ്; ഭാഭ ആറ്റമിക് റിസർച് സെന്റർ ബാർക്കിൽ പരിശീലനവും മികച്ച ജോലിയും
Mail This Article
കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ ആറ്റമിക് റിസർച് സെന്റർ (BARC) നടപ്പാക്കുന്ന ന്യൂക്ലിയർ സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ (Scientific Officer) നിയമനത്തിനും രണ്ടു സ്‌കീമുകളിൽ അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ജിയോളജി വിഷയങ്ങളിലും ഗവേഷണമാകാം.
1. ബിടെക് അഥവാ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ ഓറിയന്റേഷൻ കോഴ്‌സ് (OCES). 5 ബാർക് ട്രെയ്നിങ് സ്കൂളുകളിൽ പരിശീലന സൗകര്യം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ അണുശക്തി വകുപ്പിൽ സയന്റിഫിക് ഓഫിസർമാരായി നിയമിക്കും. ബിടെക്കുകാരെ കൽപിത സർവകലാശാലയായ ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് പഠനത്തിനു നിയോഗിക്കും. ഇതിൽ താൽപര്യമില്ലാത്തവർക്കു മികവു നോക്കി പിജി ഡിപ്ലോമ നൽകും.
2. ബിടെക് അഥവാ ഫിസിക്സ് പിജി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിലൊന്നിൽ എംടെക് / എം കെമിക്കൽ എൻജി. പ്രവേശനം േനടിയിരിക്കണം. ഒരു വർഷത്തെ പഠനത്തിനു ശേഷം അണുശക്തി വകുപ്പ് നിർദേശിക്കുന്ന വിഷയത്തിൽ കോളജിലെ പ്രോജക്ട് ചെയ്യണം. കോഴ്സ് പൂർത്തിയാക്കുമ്പോൾ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കുും. 4 മാസത്തെ ട്രെയ്നിങ് കഴിഞ്ഞ് ജോലി തുടങ്ങാം.
ട്രെയ്നിങ് കാലത്ത് ഇരുവിഭാഗക്കാർക്കു 55,000 രൂപ പ്രതിമാസ സ്‌റ്റൈപെൻഡും 18,000 രൂപ ബുക് അലവൻസും ലഭിക്കും.
എംടെക് / എംകെമിക്കൽ എൻജി. പഠിക്കുന്നവർക്കു കൂടുതലായി ട്യൂഷൻ ഫീയും, 25,000 രൂപ ഒറ്റത്തവണ കണ്ടിൻജൻസി ഗ്രാന്റുമുണ്ട്
.
പ്രവേശനയോഗ്യത
യോഗ്യതയ്‌ക്കുള്ള എൻജിനീയറിങ് പഠനശാഖകൾ: മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ , സിവിൽ, ന്യൂക്ലിയർ എൻജിനീയറിങ്. 60% എങ്കിലും മാർക്കോടെ ബിടെക് വേണം. 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംടെക് നേടിയവർക്കും അപേക്ഷിക്കാം. സയൻസ് പിജിക്കാർക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോകെമിസ്ട്രി ഇവയിൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. എംഎസ്‌സി (ബൈ റിസർച്) / പിഎച്ച്‌ഡി യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ട.
2022 ഓഗസ്‌റ്റ് ഒന്നിന് 26 വയസ്സു കവിയരുത്. പിന്നാക്ക/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 29/31/36 വരെയാകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ 500 രൂപ ഫീസ് അടയ്ക്കണം.
വനിതകൾ, ട്രാൻസ്ജെൻഡർ, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ, യുദ്ധത്തിൽ മരിച്ചവരുടെ ആശ്രിതർ എന്നിവർ പണമടയ്‌ക്കേണ്ട. താൽപര്യമുള്ളവർ ഫെബ്രുവരി 11ന് അകം www.barconlineexam.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
പരിശീലനകാലത്ത് അണുശക്തിവകുപ്പിന്റെ ഹോസ്റ്റലിൽ താമസിക്കണം.
കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് നോക്കാം.
സിലക്‌ഷൻ രണ്ടു രീതിയിൽ
തിരഞ്ഞെടുപ്പിനു രണ്ടു വഴികളുള്ളതിൽ ഏതെങ്കിലും ഒന്നോ, രണ്ടും കൂടെയോ സ്വീകരിക്കാം.
(1) 2021 / 2022 ഗേറ്റ് വഴി. ഏതേതു ഗേറ്റ് പേപ്പർ എന്നു നിർദേശിച്ചിട്ടുണ്ട് ഏപ്രിൽ 13ന് അകം ഗേറ്റ് സ്കോർ അപ്‌ലോഡ് ചെയ്യണം.
(2) 9 എൻജിനീയറിങ് ശാഖകളിലും 3 സയൻസ് ശാഖകളിലും ഏപ്രിൽ 7 മുതൽ 13 വരെ നടത്തുന്ന ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്. 40 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. ഇതിനുള്ള സ്ലോട്ട് മാർച്ച് 4–18 തീയതികളിൽ ബുക് ചെയ്യാം.
പ്രാഥമിക സിലക്‌ഷനുള്ളവരെ അഭിമുഖത്തിലെ മികവു മാത്രം നോക്കി തിരഞ്ഞെടുക്കും.
Content Summary : BARC Recruitment 2022: Vacancies for Scientific Officer posts - Apply Now