ഒരേ ദിവസം ഡോക്ടറേറ്റ് നേടി മൂന്നു സഹോദരിമാർ; രാത്രി പാടത്തും പകൽ ചെരുപ്പുകടയിലും ജോലിചെയ്ത അച്ഛനുള്ള സമ്മാനം
Mail This Article
രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ കർഷകനാണ് മംഗൾചന്ദ് തിലോത്തിയ. രാത്രി പാടത്തു പണിയെടുക്കും. പകൽ സ്വന്തം ചെരുപ്പുകടയിൽ ജോലി ചെയ്യും. അങ്ങനെയാണ് അദ്ദേഹം മൂന്നു പെൺമക്കളെ വളർത്തിയത്.
ജീവിച്ച ഗ്രാമത്തിലെ ചുറ്റുപാടുകൾ വച്ച് മക്കളെ എത്രയും നേരത്തേ വിവാഹം കഴിച്ചയച്ചു സ്വസ്ഥമാകാൻ ശ്രമിക്കുന്ന പിതാവിനെയാണു നമുക്കു സങ്കൽപിക്കാനാവുക. മൂത്ത മകളെ 16–ാം വയസ്സിൽത്തന്നെ അദ്ദേഹത്തിനു വിവാഹം കഴിപ്പിക്കേണ്ടിവരികയും ചെയ്തു. പക്ഷേ, അതൊരു ബാധ്യത തീർക്കലായിരുന്നില്ല അദ്ദേഹത്തിന്. പെൺകുട്ടികൾ നന്നായി പഠിക്കണമെന്ന ആഗ്രഹം തുടർന്നും നിലനിർത്താനുള്ള പ്രേരണ മംഗൾചന്ദ് നൽകിയിരുന്നു.
അച്ഛന്റെ ആഗ്രഹപാതയിൽനിന്നു വഴിമാറാതെ സഞ്ചരിച്ച മൂന്നു പെൺമക്കളും കഴിഞ്ഞ വർഷം ഒരു ചരിത്രം സൃഷ്ടിച്ചു–മൂന്നു പേരും ഒന്നിച്ചു പിഎച്ച്ഡിക്ക്് അർഹരായി! അപ്പോഴേക്കു മൂവരുടെയും വിവാഹം കഴിഞ്ഞിരുന്നു.
മൂത്തവൾ സരിത തിലോത്തിയ, രണ്ടാമത്തേതു കിരൺ തിലോത്തിയ, മൂന്നാമത്തെ പെൺകുട്ടി അനിത തിലോത്തിയ. സരിത പിഎച്ച്ഡി നേടിയത് ജ്യോഗ്രഫിയിൽ. കിരണിന്റെ ഡോക്ടറേറ്റ് കെമിസ്ട്രിയിൽ. അനിത നേടിയത് എജ്യുക്കേഷനിൽ. മൂവരും ഒരേ ദിവസം പിഎച്ച്ഡിക്ക് അർഹരായി എന്നതാണ് ഏറ്റവും വലിയ യാദൃശ്ചികത.
രാജസ്ഥാനിൽ ജുൻജുനുവിലെ ചുരേല ഗ്രാമത്തിലുള്ള ജഗദീഷ് പ്രസാദ് ഝബർമൽ തിബ്‌രേവാല യൂണിവേഴ്സിറ്റിയിൽനിന്നായിരുന്നു മൂവരുടെയും പിഎച്ച്ഡി. രാത്രി മുഴുവൻ പാടത്തും പകൽ മുഴുവൻ ചെരുപ്പുകടയിലും ജോലി ചെയ്ത പിതാവിന്റെ അധ്വാനം തന്നെയാണ് ഈ പെൺമക്കളെ സ്വാധീനിച്ചത്. വിവാഹം പഠനത്തിനൊരു തടസ്സമല്ലെന്ന് ആ പാവം ഗ്രാമീണൻ പെൺമക്കളെ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെയൊക്കെ വിദൂരഗ്രാമങ്ങളിൽ വളരുന്നവർക്കു വിദ്യാഭ്യാസത്തിൽ മുന്നേറാൻ പ്രയാസമാണെന്ന പൊതുധാരണയും ഇവർ തിരുത്തിക്കുറിച്ചു.
‘ബേട്ടി പഠാവോ ബേട്ടി ബചാവോ’ എന്നത് ഇന്നു കേന്ദ്ര സർക്കാർ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്ന ഒരു പദ്ധതിയാണ്. പെൺകുട്ടികളുടെ ഉന്നമനത്തിനായി ഇത്തരമൊരു മുന്നേറ്റം വരുന്നതിനു മുൻപേ സ്വന്തം ജീവിതംകൊണ്ട് അതു നടപ്പാക്കിക്കാണിച്ചയാളാണ് മംഗൾചന്ദ് തിലോത്തിയ. ബിസിനസുകാരനാണ് സരിതയുടെ ഭർത്താവ്. ഭക്ഷ്യോൽപന്ന വ്യാപാരിയായ ഭർത്താവിന്റെ ബിസിനസിനു ചേരുന്ന വിഷയംതന്നെ സരിത പിഎച്ച്ഡിക്കും എടുത്തു.
കിരണിന്റെ ഭർത്താവ് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ജലമലിനീകരണമാണു കിരൺ പഠനവിഷയമാക്കിയത്. വനിതകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് അനിത ഗവേഷണം നടത്തിയത്. തീർച്ചയായും ഈ സഹോദരിമാരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയം. ഒപ്പം സാമൂഹികമായ പ്രസക്തിയും ഈ പഠനങ്ങളിൽ തെളിഞ്ഞു.
ജീവിതംകൊണ്ടു പാഠങ്ങൾ പറഞ്ഞുതരുന്നവർ മഹാൻമാർ മാത്രമാകണമെന്നില്ല. നമ്മൾ കാണാതെപോകുന്ന കൊച്ചുജീവിതങ്ങളിലുമുണ്ട് മാതൃകകളുടെ വലിയ പൊരുളുകൾ. അതു കാണുക മാത്രമല്ല, സ്വാംശീകരിക്കാവുന്നതു സ്വീകരിക്കുകയും വേണം. എങ്കിലേ, നമ്മുടെയൊക്കെ കുറവുകൾ എത്രത്തോളം ചെറുതാണെന്നുകൂടി നമുക്കു ബോധ്യമാകൂ.
Content Summary : Column Vijayatheerangal By G Vijayaraghavan- Success Stories Of Tilotia Sisters