‘ഡോക്ടറേ, ഇവനെന്നെ രണ്ടുവട്ടം വണ്ടിയിടിച്ചു കൊല്ലാൻ നോക്കി, മരുന്ന് കൂട്ടിക്കൊടുത്തങ്ങ് തട്ടിയേര്; കുറ്റം ഞാനേറ്റോളാം...’
Mail This Article
ഡോക്ടറെ ക്വട്ടേഷനേൽപ്പിച്ച ഒരു രോഗിയുടെ ആത്മരോഷത്തിന്റെ കഥയാണിത്. അസുഖങ്ങളും രോഗികളും ആക്സിഡന്റ് കേസുകളുമൊക്കെയായി ആകെ ഡാർക്ക് ആണ് ആശുപത്രി അന്തരീക്ഷമെന്നു വിശ്വസിക്കുന്നവർ തീർച്ചയായും ഡോ. അനൂപിന്റെ സർവീസ് സ്റ്റോറിക്കൊന്നു ചെവികൊടുക്കണം. പരിസരം മറന്ന് ചിരിച്ചു പോകുന്ന ചില രസികൻ കരിയർ അനുഭവങ്ങളാണ് കോതമംഗലം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് ബാബു പങ്കുവയ്ക്കുന്നത്.
തന്നെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത രണ്ടനുഭവങ്ങളെക്കുറിച്ച് ഡോ. അനൂപ് ബാബു കുറിക്കുന്നതിങ്ങനെ:
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ അത്യാഹിതവിഭാഗം ഡ്യൂട്ടിയെടുക്കുകയാണ്. പതിവുപോലെ ആളുകൾ മൂക്കടപ്പും തുമ്മലും ചൊറിയും വായിൽപുണ്ണുമൊക്കെ അത്യാഹിതമെന്നു കരുതി പരിശോധിച്ചു മടങ്ങുന്നുണ്ട്.
തൊട്ടുമുൻപ് വന്ന രോഗി ഇതിനൊരു അപവാദമായിരുന്നു. കക്ഷി ഉറക്കത്തിൽ ഫുട്ബോൾകളി സ്വപ്നം കണ്ടു ഭിത്തിയിൽ തൊഴിച്ചു കാലിൽ നീരായിട്ടായിരുന്നു എത്തിയത്. രണ്ടുമാസം മുന്നേ ഇതേപോലെ സ്വപ്നത്തിൽ പാമ്പിനെ ചവിട്ടിക്കൊല്ലാൻ ശ്രമിച്ചിട്ട് കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നെന്നും കക്ഷി സൂചിപ്പിച്ചു. ആ കേസ് ഡീൽ ചെയ്യുന്നതിനിടയിൽ വാഹനാപകടത്തിൽ പരുക്കുപറ്റിയ രണ്ടുപേരെ കൊണ്ടുവന്നു. ഒരാൾക്ക് ശരീരത്തിൽ പോറലുകൾ, മറ്റേ ആൾക്കാവട്ടെ പുറമേ പരുക്കില്ലെങ്കിലും മിണ്ടാട്ടമില്ല. കണ്ണുതുറക്കുന്നില്ല. പോരാത്തതിന് മദ്യത്തിന്റെ ഗന്ധവും. പഠിച്ചതും പഠിക്കാത്തതുമായ പണിയെല്ലാം നോക്കിയിട്ടും ആൾക്ക് ‘ബോധം’ മാത്രം വീഴുന്നില്ല. ഒടുവിൽ വല്ല ബ്രെയിൻ ഇൻജുറിയുമുണ്ടോ എന്നറിയാൻ സ്കാൻ ചെയ്യാൻ തീരുമാനിച്ചു.
ഇതിനിടയിൽ ബോധമില്ലാത്ത രോഗിയുടെ കൂടെയുള്ളയാൾ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു. ‘‘ഡോക്ടറേ, ഞാൻ റോഡിന്റെ സൈഡിലൂടെ പോകുമ്പോൾ ഇവൻ പുറകിലൂടെ വണ്ടികൊണ്ട് ഇടിക്കുവായിരുന്നു. എന്റെ ഈ കാൽ കണ്ടോ, രണ്ടുവർഷം മുമ്പ് വണ്ടിയിടിച്ചു കൊക്കയിൽ വീണ് ഒടിഞ്ഞിട്ട് കമ്പിയിട്ടതാ. അന്ന് എന്നെ ഇടിച്ചുകൊക്കയിൽ ഇട്ടതും ഇവൻ തന്നെ. ഇവൻ എന്നെ കൊല്ലാൻ തന്നെ നടക്കുവാ’’.
വൗ, വാട്ട് എ കോ ഇൻസിഡൻസ് എന്ന് കരുതിയിരിക്കുമ്പോൾ മെഡിക്കൽ സയൻസിനെ വെല്ലുവിളിച്ചുകൊണ്ട് ബോധം നഷ്ടപ്പെട്ടയാൾ എഴുന്നേറ്റ് സംസാരിച്ചുതുടങ്ങി.
‘‘എടാ, ..... ജോസപ്പേ, അനാവശ്യം പറയരുത്. നിന്നെ അന്ന് എടുത്ത് ആശുപത്രിയിൽ കൊണ്ടുപോയതാടാ ഞാൻ ചെയ്ത തെറ്റ് .....’’
പിന്നെ അവിടെ മലയാള ഭാഷയുടെ അനന്ത വിശാലതയിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടന്നു. കലാപരിപാടികൾക്കു ശേഷം, വണ്ടിയിടി കൊള്ളാൻ വിധിക്കപ്പെട്ടവൻ വന്നു രഹസ്യമായി എന്നോടൊരു കാര്യം പറഞ്ഞു.
‘‘എന്റെ ഡോക്ടറേ, എന്തെങ്കിലും മരുന്ന് ഡോസ് കൂട്ടി കൊടുത്തോ മാറ്റിക്കൊടുത്തോ അവനെ അങ്ങ് തട്ടിയെരേ. കുറ്റം ഞാൻ ഏറ്റോളം’’...
ഒന്ന് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞതിലും കാര്യമുണ്ട്. ഈ മരുന്നു മാറ്റിക്കൊടുത്തും ഡോസ് കൂട്ടിക്കൊടുത്തും വെറുതേ ആൾക്കാരെ തട്ടുക എന്ന ഒരു ജോലികൂടി ഈ ഇംഗ്ലിഷ് വൈദ്യന്മാർക്ക് ഉണ്ടെന്നാണല്ലോ പറയപ്പെടുന്നത്.
മെഡിക്കൽ മിറാക്കിൾ വന്നു രക്ഷപെട്ടയാൾ അപ്പോഴും വാചാലനായി കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു.
ആവശ്യത്തിന് കൊടുക്കാൻതന്നെ മരുന്ന് പലപ്പോഴും തികയാതെ വരുമ്പോൾ, അതിന്റെ ഡോസ് കൂട്ടിക്കൊടുക്കുന്നവൻ കൊടുംഭീകരൻ തന്നെ !
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക .തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.
Content Summary : Career - Work Experience Series - Dr. Anoop Babu Memoir