ADVERTISEMENT

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളിലെ വിവിധ തസ്തികകളിലേക്കു പുതിയ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നു സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ ആർ.വി.സതീന്ദ്രകുമാർ. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന പരിഷ്കാരം അടുത്ത വിജ്ഞാപനത്തോടെ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്നും തൊഴിൽവീഥിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

 

∙ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ പുതിയ വിജ്ഞാപനം എത്ര ഒഴിവിലേക്കായിരിക്കും?

 നംവബർ 30നു പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരമുള്ള പരീക്ഷ പൂർത്തിയായാലുടൻ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കും. മാർച്ച് 27നാണു പരീക്ഷ. ഇതിനു ശേഷം സെക്രട്ടറി/അസി. സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കു വിജ്ഞാപനമുണ്ടാവും. വിവിധ തസ്തികകളിലായി ധാരാളം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

∙ നിലവിലെ ബോർഡ് ചുമതലയെടുത്തശേഷം എത്ര നിയമനം നടത്തി?

2017 ജനുവരി 13നാണു നിലവിലെ ഭരണസമിതി ചുമതല ഏറ്റെടുത്തത്. ഇതുവരെ 4019 നിയമനങ്ങൾ നടത്തി. ഇതു റെക്കോർഡാണ്. 

 

∙ അടുത്ത സാമ്പത്തികവർഷം കൂടുതൽ നിയമനത്തിനു സാധ്യതയുണ്ടോ?

കോവിഡ് വ്യാപനമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ കഴിഞ്ഞാൽ അടുത്ത സാമ്പത്തികവർഷം സഹകരണ സംഘങ്ങൾ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യും. കൂടുതൽ പേർക്കു നിയമനം ലഭിക്കുകയും ചെയ്യും. 

 

rv-satheendra-kumar
ആർ.വി.സതീന്ദ്രകുമാർ

∙ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സഹകരണസംഘങ്ങൾ വീഴ്ച വരുത്തുന്നു എന്ന പരാതിയിൽ വസ്തുതയുണ്ടോ?

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കോവിഡ് വ്യാപനം തുടങ്ങിയവ സഹകരണ സംഘങ്ങളുടെ സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടുണ്ട്. കുടിശ്ശിക നിവാരണപദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചതിനാൽ ഫണ്ടിന്റെ അപര്യാപ്തതയുമുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണു സംഘങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിൽ കുറവു വന്നിട്ടുള്ളത്.

 

∙ ഒഴിവു റിപ്പോർട്ട് ചെയ്യാത്ത സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലേ? ഇതു സംബന്ധിച്ച് ഉദ്യോഗാർഥികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

പരീക്ഷാ ബോർഡിനു നേരിട്ടു നടപടിയെടുക്കാൻ കഴിയില്ല. ഉദ്യോഗാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഘങ്ങൾക്കു രണ്ടു തവണ സർക്കുലർ കൊടുത്തിട്ടുണ്ട്. ക്ലാസിഫിക്കേഷൻ അനുസരിച്ച് അപ്പൻഡിക്സിൽ പറയുംപ്രകാരം ജീവനക്കാരെ നിയമിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടതെന്നു സർക്കുലർ വ്യക്തമാക്കുന്നു. ഇതു നടപ്പാക്കണമെങ്കിൽ ബന്ധപ്പെട്ട ജില്ലയിലെ ജോയിന്റ് റജിസ്ട്രാർ താലൂക്കിലെ അസി. റജിസ്ട്രാർ മുഖേന നടപടി എടുക്കണം. സർക്കുലർ നടപ്പാക്കുമെന്നാണു പ്രതീക്ഷ.

 

∙ അപേക്ഷാ സ്വീകരണം ഓൺലൈനാക്കുന്നതിന്റെ നടപടികൾ എവിടെവരെയായി?

അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. സി–ഡിറ്റിനാണു പദ്ധതിയുടെ നടത്തിപ്പുചുമതല. അടുത്ത വിജ്ഞാപനം പരീക്ഷണാർഥം ഓൺലൈനായും അല്ലാതെയും സ്വീകരിക്കും. തുടർന്നുള്ള വിജ്ഞാപനങ്ങൾക്കു പൂർണമായും ഓൺലൈൻ വഴിയായിരിക്കും അപേക്ഷാസ്വീകരണം. ഒറ്റത്തവണ റജിസ്ട്രേഷൻ ഉൾപ്പെടെയുളള പരിഷ്കാരങ്ങളും നടപ്പാക്കും. 

  

∙ ബോർഡ് പരീക്ഷ നടത്തുന്നുണ്ടെങ്കിലും ഇന്റർവ്യൂ ഇപ്പോഴും ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ തന്നെയാണു നടത്തുന്നത്? ഇന്റർവ്യൂകൂടി ബോർഡ് നടത്തിയാലല്ലേ നിയമനങ്ങൾ കൂടുതൽ സുതാര്യമാകൂ?

ഇക്കാര്യത്തിൽ സർക്കാരാണു തീരുമാനമെടുക്കേണ്ടത്. സർക്കാർ അനുവദിക്കുകയാണെങ്കിൽ ഇന്റർവ്യൂകൂടി ഏറ്റെടുക്കാൻ പരീക്ഷാ ബോർഡ് തയാറാണ്.  

 

Content Summary: Interview With Cooperative Service Examination Board Chairman RV Satheendra Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com