കരിയർ ബ്രേക്കിൽ മനസ്സു മടുത്തിരിക്കുന്നവർ 40-ാം വയസ്സിൽ ഫുൾബ്രൈറ്റ് കിട്ടിയ ഡോ.ചന്ദ്രവദനയെ അറിയണം. നിങ്ങൾ തിരിച്ചുവരും, ഉറപ്പ്
Mail This Article
റെസ്യൂമെയിൽ ‘Major failures during this period’ എന്ന ടൈറ്റിൽ കണ്ട് ഇന്റർവ്യൂ പാനൽ അമ്പരന്നിരിക്കാം. സാധാരണ ആരും റെസ്യൂമെയിൽ എഴുതാൻ മടിക്കുന്ന കാര്യങ്ങൾ. എന്നിട്ടും എന്തുകൊണ്ടു എഴുതി ? ഡോ.ചന്ദ്രവദനയുടെ മറുപടി ഇങ്ങനെ:
‘‘ പരാജയങ്ങളിൽനിന്നാണ് ഏറെ പഠിച്ചത്. പെൺകുട്ടികൾക്കായി ഇന്നവേഷൻ ലാബ് എന്ന ആഗ്രഹം നടന്നില്ല. ഞാൻ തുടങ്ങിയ ആദ്യ സ്റ്റാർട്ടപ് പരാജയമായി. ഇതിൽനിന്നെല്ലാമുള്ള പാഠങ്ങൾ വച്ചാണ് ഇപ്പോൾ ആശയങ്ങൾ രൂപപ്പെടുത്തുന്നത്’’.
ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലേക്കു വഴി തുറന്നതെങ്ങനെയെന്നത് ഈ വാക്കുകളിലുണ്ട്. തിരുവനന്തപുരം സ്വദേശി ചന്ദ്രവദനയ്ക്ക് 2004ൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്ന് (കുസാറ്റ്) എംബിഎ കഴിഞ്ഞയുടൻതന്നെ ജോലി കിട്ടി. പക്ഷേ, പിറ്റേവർഷം അതു വിടേണ്ടിവന്നു. പിന്നെ 6 വർഷം കരിയർ ബ്രേക്ക്.
തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ചെറിയ കുഞ്ഞുള്ളതിനാൽ പലരും ജോലി തരാൻ മടിച്ചു. അങ്ങനെ എൽഐസി ഏജന്റ് മുതൽ റേഡിയോ ജോക്കി വരെയായി. ഇതിനിടെ മദ്രാസ് സർവകലാശാലയിൽനിന്നു സൈക്കോളജിയിൽ പിജി നേടി. 2011ൽ കുസാറ്റിൽ തന്നെ പിഎച്ച്ഡിക്കു ചേർന്നു. 2014ൽ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം തുടങ്ങിയെങ്കിലും രണ്ടു വർഷമായപ്പോഴേക്കും പൂട്ടി. വിട്ടുകൊടുത്തില്ല, സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും വീട്ടിൽ ഒതുങ്ങേണ്ടിവന്ന സ്ത്രീകളെ അക്കാദമിക, സംരംഭകത്വ രംഗങ്ങളിലേക്കു തിരികെക്കൊണ്ടുവരാനും 2017ൽ കൊച്ചിയിൽ 'പ്രയാണ കലക്ടീവ്' എന്ന സന്നദ്ധ സംഘടന തുടങ്ങി. ഈ പ്രയാണം ഇപ്പോൾ ചെന്നുനിൽക്കുന്നത് ഫുൾബ്രൈറ്റ് ഫെലോയായി യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ, അതും രണ്ട് മക്കളുടെ അമ്മയായ ശേഷം, 40–ാം വയസ്സിൽ ! സ്റ്റാർട്ടപ് മേഖലയിലെ ജെൻഡേഡ് ഇന്നവേഷനെപ്പറ്റിയുള്ള (gendered innovation) ഗവേഷണത്തിനാണ് 2 വർഷത്തെ ഫെലോഷിപ്.
ഫുൾബ്രൈറ്റിലേക്കുള്ള വഴിയെപ്പറ്റി ഡോ.ചന്ദ്രവദന പറയുന്നതു കേൾക്കൂ...
അപേക്ഷയിൽ ശ്രദ്ധിക്കണം
അക്കാദമിക പ്രകടനം മാത്രം അടിസ്ഥാനമാക്കിയല്ല ഫുൾബ്രൈറ്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കുന്ന വിഷയത്തിലെ നമ്മുടെ കാഴ്ചപ്പാടും താൽപര്യവും വിലയിരുത്തുന്ന ചോദ്യങ്ങൾ അപേക്ഷയിലുണ്ടാകും. ഗവേഷണകാലത്ത് യുഎസ് അക്കാദമിക ലോകത്തിനും പൊതുസമൂഹത്തിനും നമ്മളെന്തു സംഭാവന നൽകും? തിരികെ ഇന്ത്യയിലെത്തിയാൽ നമ്മുടെ ഗവേഷണഫലം എങ്ങനെ സമൂഹത്തിനു ഗുണപരമായി വിനിയോഗിക്കും ? ഗവേഷണ പേപ്പറുകളും സ്റ്റാർട്ടപ് രംഗത്തെ പരിചയവും ഇക്കാര്യങ്ങളിലെല്ലാം എനിക്കു തുണയായി.
സോഷ്യൽ ഇക്വിറ്റി എന്നാലെന്ത്
ഇന്നവേഷൻ / ടെക്നോളജി രംഗത്ത് ജെൻഡർ, സെക്സ്, ഇന്റർസെക്‌ഷ്വൽ വിശകലനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ഗവേഷണം നടത്തുകയും അതിനുവേണ്ട മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതിൽ പ്രശസ്തമാണ് സ്റ്റാൻഫഡിൽ പ്രഫ. ലോൻഡ ഷീബിൻഗറുടെ നേതൃത്വത്തിലുള്ള ജെൻഡേഡ് ഇന്നവേഷൻസ് ലാബ്. ഓരോ ഗവേഷണത്തിലും ഉൽപന്നത്തിലും സോഷ്യൽ ഇക്വിറ്റി (സാമൂഹിക സമത്വം) ഉറപ്പാക്കുകയാണു ലക്ഷ്യം.
ഉദാഹരണത്തിന് മുഖം തിരിച്ചറിയുന്നതിനുള്ള പല ഫേഷ്യൽ റെക്കഗ്‌നിഷൻ പ്രോഗ്രാമുകളും ട്രാൻസ്ജെൻഡർ വ്യക്തികളെ തിരിച്ചറിയുന്നതിൽ പരാജയപ്പെടാറുണ്ട്. പെൺ / ആൺ ജെൻഡറുകൾ മാത്രം കണക്കിലെടുക്കുന്നതിന്റെ പ്രശ്നമാണ്.
സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തിലും ഉൽപന്നങ്ങളിലും സോഷ്യൽ ഇക്വിറ്റി ഉറപ്പാക്കാൻ വേണ്ട അസസ്മെന്റ് ടൂളുകളും ഫ്രെയിംവർക്കും രൂപപ്പെടുത്തുന്നതിനായാണു ഡോ. ചന്ദ്രവദനയുടെ ഗവേഷണം.
പ്രായമായില്ലേ, എന്നെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്നു പലരും കരുതും. പറ്റുമെന്നു തന്നെയാണ് ഉത്തരം. നമ്മൾ എന്തെന്നു തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് കൃത്യമായ പ്ലാനിങ്ങോടെ ശ്രമിച്ചാൽ നടക്കും. ഒന്നോ രണ്ടോ തവണ ഇടറി വീണെന്നിരിക്കും. അത് ഒന്നിന്റെയും അവസാനമല്ലെന്നു മനസ്സിലാക്കി മുന്നേറുക.
ഡോ. ചന്ദ്രവദന
വിവേചനങ്ങൾ പഠനവിഷയം
അക്കാദമിക രംഗത്തെ പലതരം അധിക്ഷേപങ്ങളെപ്പറ്റിയും അതിലെ ജെൻഡർ, സാംസ്കാരിക വ്യത്യാസങ്ങളെപ്പറ്റിയും പഠിക്കാനാണ് കുസാറ്റ് മാനേജ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ദേവി സൗമ്യജയ്ക്ക് ഫുൾബ്രൈറ്റ് നെഹ്റു അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് അവാർഡ് ലഭിച്ചത്. കലിഫോർണിയ സ്റ്റേറ്റ് സർവകലാശാലയിൽ 6 മാസം ഗവേഷണം.
കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഫെലോഷിപ്, ദേശീയ വനിതാ കമ്മിഷന്റെ ഗവേഷണ പ്രോജക്ട് തുടങ്ങിയവ ലഭിച്ചിട്ടുള്ള ഡോ. ദേവി സൗമ്യജ കോട്ടയം പാലാ സ്വദേശിയാണ്.
വേറിട്ട ഈ വിഷയത്തെക്കുറിച്ചു ഡോ. ദേവി പറയുന്നു:
അധ്യാപകർ ചീത്ത പറഞ്ഞാൽ കുഴപ്പമുണ്ടോ
ഗുരു എന്ന നിലയിൽ അധ്യാപകർക്കു ലഭിക്കുന്ന അമിത സ്വീകാര്യതയും ഗുരുവിനെതിരെ എന്തെങ്കിലും പറയുന്നതു പാപമാണെന്ന ചിന്തയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മനസ്സിൽ ഉറഞ്ഞുപോയിട്ടുണ്ട്. അക്കാദമിക രംഗത്തെ പദവി വ്യത്യാസം (ഉദാഹരണത്തിന് പ്രഫസറും അസിസ്റ്റന്റ് പ്രഫസറും തമ്മിൽ) പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതലായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ സാംസ്കാരിക കാരണങ്ങളാൽ ‘മിണ്ടാതിരിക്കാൻ പാകപ്പെടുന്ന’ പലരും അധിക്ഷേപങ്ങൾ പുറത്തുപറയില്ല. മറ്റൊന്നു ജെൻഡർ പ്രശ്നങ്ങളാണ്. എല്ലാ ജെൻഡർ വിഭാഗങ്ങളിലുള്ളവർക്കും തിക്താനുഭവങ്ങൾ ഉണ്ടാകുമെങ്കിലും അതിനോടു പ്രതികരിക്കുന്നതിൽ വ്യത്യാസമുണ്ട്. സ്ത്രീകളും ട്രാൻസ്ജെൻഡർ വ്യക്തികളും പ്രതികരിക്കുന്നതിൽ പിന്നിലാണ്. പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളുമേറെ. ഇത്തരം സാഹചര്യങ്ങൾ യുഎസ് അക്കാദമിക രംഗവുമായി താരതമ്യമപ്പെടുത്തിയാണു പഠനം.
എല്ലാ വിഷയങ്ങളിലും ഫുൾബ്രൈറ്റ് ഫെലോഷിപ് കിട്ടില്ല. ഏതൊക്കെ മേഖലകളിലാണ് അവസരമെന്നു നേരത്തേ അറിഞ്ഞുവച്ചു നീങ്ങണം. അപേക്ഷിക്കും മുൻപുതന്നെ, നമ്മുടെ വിഷയത്തിൽ ഗവേഷണത്തിനു പറ്റിയ യുഎസിലെ സർവകലാശാലയിൽ നിന്നു സമ്മതപത്രം നേടാനായാൽ കൂടുതൽ നന്ന്.
ഡോ. ദേവി സൗമ്യജ
ഫുൾബ്രൈറ്റ്: അപേക്ഷ ഇപ്പോൾ
2023– 24 വർഷത്തെ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മാസ്റ്റേഴ്സ് ഫെലോഷിപ്പിനുള്ള അവസാന തീയതി: മേയ് 16. ഡോക്ടറൽ ഫെലോഷിപ്പിന് ജൂലൈ 15. പോസ്റ്റ് ഡോക്ടറൽ ഉൾപ്പെടെ മറ്റു വിവിധ ഫെലോഷിപ്പുകളുമുണ്ട്. www.usief.org.in
Content Summary: Success Stories of Dr. Chandra Vadhana And Dr. Devi Soumyaja