പത്താം ക്ലാസുകാർക്ക് ജെഡിസി കോഴ്‌സ് പഠിക്കാം
Mail This Article
പത്താം ക്ലാസ് കഴിഞ്ഞവർക്ക് സഹകരണബാങ്ക് ജോലി നേടുന്നതിനുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ (ജെഡിസി) പ്രവേശനത്തിന് 30ന് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. കോഴ്‌സ് ദൈർഘ്യം 10 മാസം: 2022 ജൂൺ 2 മുതൽ 2023 മാർച്ച് 31 വരെ. ഇതിൽ 15 ദിവസം വീതം 2 തവണ പ്രായോഗിക പരിശീലനം.
സഹകരണ മേഖലയിൽ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്‌തികകളിലെ നിയമനത്തിന് ബിരുദം കഴിഞ്ഞുള്ള ഹയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (എച്ച്ഡിസി), 10 കഴിഞ്ഞുള്ള ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷനോ (ജെഡിസി) ഉണ്ടായിരിക്കണം.
കുറഞ്ഞ യോഗ്യത
ഡി+ എങ്കിലുമുള്ള പത്താം ക്ലാസ്. 2022 ജൂൺ ഒന്നിനു പ്രായം 16 - 40. പട്ടിക / പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 45 / 43 വരെയും. വിമുക്‌തഭടർക്ക് പ്രായത്തിൽ നിയമാനുസൃതം ഇളവു കിട്ടും. സഹകരണ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല.
പട്ടികവിഭാഗക്കാർക്കു മാത്രമായുള്ള സെന്ററുകളിൽ 80 സീറ്റ് വീതം. പട്ടികജാതി 60, പട്ടികവർഗം 20. അപേക്ഷകൻ ഏതു കേന്ദ്രത്തിൽ ഏതു വിഭാഗത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് അപേക്ഷാഫോമിൽ വ്യക്‌തമാക്കണം.
സിലക്‌ഷൻ എങ്ങനെ?
പത്താം ക്ലാസിലെ ഗ്രേഡ് അടിസ്‌ഥാനമാക്കി, വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കി, റാങ്ക് ചെയ്‌താണ് സിലക്‌ഷൻ. പഴയ സ്‌കീംകാരുടെ മാർക്ക് ഗ്രേഡായി പരിവർത്തനം ചെയ്‌തെടുക്കും. പ്ലസ്‌ടു, ബിരുദം എന്നിവയ്‌ക്ക് യഥാക്രമം ഒന്നും രണ്ടും പോയിന്റ് ബോണസായി നൽകും. എസ്‌എസ്‌എൽസി ജയിക്കാൻ കൂടുതൽ ചാൻസുകളെടുത്തവരുടെ പോയിന്റ് കുറയ്‌ക്കുന്ന വകുപ്പുമുണ്ട്.
സംവരണം
ഡിപ്പാർട്‌മെന്റ് അപേക്ഷകർ 15%; സഹകരണസംഘം ജീവനക്കാർ 35%. ശേഷിച്ച 50% ജനറൽ സീറ്റിൽ, ഇനിപ്പറയുന്ന ക്രമത്തിൽ സംവരണമുണ്ട്. പട്ടികജാതി 8%, പട്ടികവർഗം 2%, സാമ്പത്തിക പിന്നാക്കം 10%, മറ്റു പിന്നാക്കവിഭാഗം 5%, ഡിസിപി ജയിച്ചവർ 5%, വിമുക്‌തഭടർ / ആശ്രിതർ 5%. ഭിന്നശേഷിക്കാർക്കും സ്‌പോർട്‌സ് താരങ്ങൾക്കും സീറ്റ് മാറ്റിവച്ചിട്ടുണ്ട്
മറ്റു നിബന്ധനകൾ
സഹകരണസംഘത്തിൽ ഒരു വർഷമെങ്കിലും സ്‌ഥിരം സേവനമനുഷ്‌ഠിച്ചവരെ മാത്രമേ പ്രവേശനക്കാര്യത്തിൽ ആ വിഭാഗക്കാരായി പരിഗണിക്കൂ. ജോലി നോക്കുന്ന സംഘത്തിന്റെ അഫിലിയേഷനു പ്രാബല്യമുണ്ടായിരിക്കുകയും വേണം.
ഓരോ കേന്ദ്രത്തിലും ഏതേതു പ്രദേശങ്ങളിലെ അപേക്ഷകരെയാണു പരിഗണിക്കുകയെന്നു പ്രോസ്‌പെക്‌ടസിലുണ്ട്. താലൂക്ക് അടിസ്ഥാനത്തിലാണ് സിലക്‌ഷൻ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീ 150 രൂപ. പട്ടികവിഭാഗക്കാർക്ക് 75 രൂപ. സഹകരണസംഘം ജീവനക്കാർക്ക് 300 രൂപ. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരം പ്രോസ്പെക്ടസിലുണ്ട്.
കോഷൻ ഡിപ്പോസിറ്റ് അടക്കം മൊത്തം ഫീസ് 23,860 രൂപ. പ്രോസ്പെക്ടസും കൂടുതൽ വിവരങ്ങളും scu.kerala.gov.in വെബ്‌സൈറ്റിലെ ആപ്ലിക്കേഷൻസ് ലിങ്കിലുണ്ട്.
കോഴ്‌സ് നടത്തുന്ന സ്‌ഥാപനങ്ങൾ
1. സഹകരണ പരിശീലന കേന്ദ്രങ്ങൾ (11): തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, കോട്ടയം, നെടുങ്കണ്ടം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കരണി (വയനാട്), കണ്ണൂർ, മുന്നാട് (കാസർകോട്)
2. സഹകരണ പരിശീലന കോളജുകൾ (5): ആറന്മുള, പാലാ (എക്സ്റ്റൻഷൻ സെന്റർ), വടക്കൻ പറവൂർ, തിരൂർ, തലശ്ശേരി
3. പട്ടികവിഭാഗക്കാർക്കു മാത്രം പ്രവേശനമുള്ള ബാച്ചുകൾ: കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളിൽ.
Content Summary: Junior Diploma In Cooperation