തൊഴിലന്വേഷകരെ തേടി നോളജ് മിഷൻ വീട്ടിലേക്ക്
Mail This Article
സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷൻ തൊഴിലന്വേകരെ തേടി വീട്ടിലേക്ക്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിൽ നോളജ് ഇക്കോണമി മിഷൻ തയാറാക്കിയ ഡിജിറ്റൽ വർക്‌ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിൽ തൊഴിലന്വേഷകരെ ചേർക്കാനാണ് മേയിൽ വീടുകൾ കയറുന്നത്. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന പേരിൽ കുടുംബശ്രീ മിഷന്റെ സഹായത്തോടെയാണ് വീടുവീടാന്തരം ക്യാംപയിൻ. 2026നകം 20 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
786 കമ്പനി; 3000 നിയമനം
നോളജ് ഇക്കോണമി മിഷൻ ഇതുവരെ 3000 പേർക്കു തൊഴിൽ നേടിക്കൊടുത്തു. 14 ജില്ലകളിലായി നടത്തിയ തൊഴിൽമേളകൾ വഴിയാണിത്. വിവിധ കാരണങ്ങളാൽ ഇടയ്ക്കു ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകൾക്കായി മൂന്നിടങ്ങളിൽ ബാക് ടു കരിയർ തൊഴിൽമേളകളും സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ട വിർച്വൽ തൊഴിൽമേളകളും നടത്തി. മേളകളിൽ 16,031 പേർ പങ്കെടുത്തിരുന്നു. 10,457 പേർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടു. ഇതിൽനിന്നാണ് 3000 പേർക്ക് നിയമനം ലഭിച്ചത്.
തൊഴിൽമേളകളിൽ ദേശീയ, രാജ്യാന്തര മേഖലകളിലെ 786 കമ്പനികൾ പങ്കെടുത്തു. യുഎസ്ടി ഗ്ലോബൽ, ടിസിഎസ്, എച്ച്ഡിഎഫ്സി, നിസാൻ ഡിജിറ്റൽ, റിലയൻസ് ജിയോ, ഇസാഫ് ബാങ്ക്, യുറേക്കാ ഫോബ്സ്, കിംസ് ഹെൽത്ത്, പോപ്പുലർ ഹ്യുണ്ടായ്, റാപ്പിഡ് ലാബ്സ് തുടങ്ങിയ പ്രമുഖ കമ്പനികൾ പദ്ധതിയുടെ ഭാഗമാണ്. ഈ സ്ഥാപനങ്ങളിലേക്കു ധാരാളം പേർക്ക് ആദ്യ ഘട്ടത്തിൽ നിയമനം ലഭിച്ചു.
ഒരു ലക്ഷം റജിസ്ട്രേഷൻ
റജിസ്ട്രേഷൻ ഓൺലൈൻ വഴിയാണ്. knowledgemission.kerala.gov.in സൈറ്റ് വഴിയാണ് റജിസ്ട്രേഷൻ. സൈറ്റിലെ ലളിതമായ നടപടിക്രമങ്ങളിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കാം. റജിസ്ട്രേഷൻ നടത്തിയവർക്കു ജോലി ലഭിക്കാനുള്ള എല്ലാ സേവനങ്ങളും നോളജ് ഇക്കോണമി മിഷൻ അധികൃതർ ചെയ്തുതരും. ഒരു ലക്ഷത്തിലധികം പേർ ഇതിനകം റജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്.
Content Summary: Kerala Knowledge Economy Mission