തല്ലുകേസായിരുന്നു മെയിൻ, തല്ലാതെ വിട്ട ഷീജ മിസ്; ഓർമകളിൽ കുസൃതിയുമായി ഒരു സ്കൂൾ കാലം : ശ്രുതി രജനികാന്ത്
Mail This Article
ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്റിയ അവതരിപ്പിച്ച പൂജ എന്ന കഥാപാത്രത്തിന്റെ കുരുത്തക്കേടു കൊണ്ടു പൊറുതിമുട്ടിയ അധ്യാപകർ അവളുടെ മാതാപിതാക്കളോട് സ്കൂളിനടുത്തു വീടെടുത്തു തരട്ടേ എന്നു ചോദിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങൾ തന്റെ അച്ഛനമ്മമാർക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന മുഖവുരയോടെയാണ് അഭിനേത്രിയും വ്ലോഗറുമായ ശ്രുതി രജനീകാന്ത് സ്കൂൾകാല കുസൃതിക്കഥകളെക്കുറിച്ചുള്ള ഓർമകളുടെ കെട്ടഴിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, അഞ്ചാംക്ലാസിൽ പഠിക്കുന്ന അനിയനെ ഉപദ്രവിച്ച വിദ്യാർഥിയെ തല്ലിയത് അടക്കം സ്കൂൾകാലഓർമകൾ ശ്രുതി മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു:
അനിയനെ നോവിച്ചവന്റെ കരണത്തൊന്നു കൊടുത്തു
എന്റെ അനിയനാണെന്റെ ദൗർബല്യം. അവൻ കരയുന്നതു കാണാൻ എനിക്ക് തീരെയിഷ്ടമല്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസിൽ പഠിക്കുന്ന ഒരു പയ്യൻ അനിയനെ തല്ലി. ആ പയ്യനെ ചെന്നു കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നത്, ഇനി അങ്ങനെ ചെയ്യരുതെന്നൊക്കെ ഉപദേശിച്ച് ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് ഞാൻ മടങ്ങി. പിറ്റേന്ന് ക്ലാസിലിരുന്നപ്പോൾ അനിയന്റെ കൂട്ടുകാരായ ഒരു സംഘം കുട്ടികൾ വന്ന്, അനിയനെ ആ പയ്യൻ വന്ന് വീണ്ടും തല്ലുന്നുവെന്നു പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. കാര്യമന്വേഷിക്കാൻ ചെന്ന എന്നോട് ‘ഞാൻ തല്ലും നീ വീട്ടിൽക്കൊണ്ടു പോയി കേസുകൊടുക്ക്’ എന്നൊക്കെയുള്ള മട്ടിൽ പ്രകോപനപരമായി അവൻ സംസാരിച്ചു. അനിയനെ തല്ലിയതിന്റെയും എന്നോട് തർക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തിൽ ഞാൻ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു. എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു. അവന്റെ അച്ഛനമ്മമാർ അഭിഭാഷകരാണെന്ന കാര്യമൊന്നും അപ്പോഴെനിക്കറിയില്ലായിരുന്നു.
സ്കൂളിൽനിന്ന് മാതാപിതാക്കളെ വിളിപ്പിച്ചപ്പോൾ അവന്റെ മാതാപിതാക്കളാണ് ആദ്യമെത്തിയത്. എന്റെ അച്ഛനമ്മമാർ വരാൻ വൈകി. അമ്മയും കൂടി വന്നപ്പോൾ പ്രിൻസിപ്പൽ എന്നോട് ചോദിച്ചു. ‘ഇങ്ങനെയൊക്കെ തല്ലുന്നത് ശരിയാണോയെന്ന്’. എന്റെ വീട്ടുകാരെ പറഞ്ഞാൽ തല്ലുമെന്ന ഉറച്ച നിലപാടിൽത്തന്നെ ഞാൻ നിന്നു. ആ കുട്ടിയുടെ മാതാപിതാക്കൾ അതിന്റെ പേരിൽ ബഹളമൊക്കെയുണ്ടാക്കി. സ്കൂൾ മാനേജ്മെന്റ് എന്നെ വിളിപ്പിക്കുകയൊക്കെച്ചെയ്തു. ആ സംഭവം വലിയ പ്രശ്നമായതോടെ സീനിയേഴ്സ് ഉൾപ്പടെയുള്ളവർ എന്നെ ഗുണ്ടയെന്നാണ് വിളിച്ചത്. അന്ന് ഞാൻ തല്ലുകൊടുത്ത ആ കുട്ടി ഇന്ന് ഞങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ്. അടുത്തിടെ അവനും എന്റെ അനിയനുമൊക്കെയുള്ള ഒരു ചിത്രം ഞാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആ ചിത്രത്തിലുള്ളൊരു ജിമ്മൻ അവനാണ്.
നിന്നെ ഞാൻ തല്ലില്ല, തല്ലിയിട്ടും കാര്യമില്ല
സ്കൂളിൽ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്ന ഒരു അധ്യാപികയുണ്ടായിരുന്നു. ഷീജ എന്നായിരുന്നു പേര്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ നല്ല തല്ലുതരുമായിരുന്നെങ്കിലും ടീച്ചർ നന്നായി പഠിപ്പിക്കുമായിരുന്നു. ടീച്ചറൊരിക്കൽ അടിക്കാനായി വടിയെടുത്തിട്ടു പറഞ്ഞു. ‘‘നിന്നെ ഞാൻ തല്ലില്ല കാരണം നിന്റെ അമ്മയുടെ കയ്യിൽനിന്നു തന്നെ ഇഷ്ടംപോലെ കിട്ടുന്നുണ്ടല്ലോ. എന്നിട്ടും നീ നന്നാകുന്നില്ല. പിന്നെ ഞാനും കൂടി തല്ലിയിട്ടെന്തിനാ’’? പ്രോഗ്രസ് റിപ്പോർട്ട് വാങ്ങാനൊക്കെ അമ്മ വരുമ്പോൾ എന്നെക്കുറിച്ചുള്ള പരാതികൾ ടീച്ചർമാർ പറയുമ്പോൾ അവരുടെ മുന്നിൽവച്ച് അടി തരുമായിരുന്നു. അതൊക്കെ കണ്ടതുകൊണ്ടാണ് ടീച്ചർ എന്നെ തല്ലാതിരുന്നത്. സ്കൂളിനെക്കുറിച്ചോർക്കുമ്പോൾ ഷീജ ടീച്ചറിന്റെ മുഖവും ഓർമവരും. പിന്നെയുള്ളത് സ്കൂളിലെ പുളിമരത്തെച്ചുറ്റിപ്പറ്റിയുള്ള ഓർമകളാണ്. ദേഹമനങ്ങുന്ന പരിപാടികൾ ഇഷ്ടമില്ലാത്തതുകൊണ്ട് പിറ്റി പീരീഡ് ഞങ്ങളുടെ ഉഴപ്പൻ സംഘം ഒരു വലിയ ടാങ്കിന്റെ അരികിലിരുന്ന് സൊറപറയും. ബാക്കിയുള്ള കുട്ടികൾ ഷട്ടിൽ പോലെയുള്ള കളികളിലേർപ്പെടുമ്പോൾ ഞങ്ങൾ പുളിയും തിന്ന് കഥയും പറഞ്ഞങ്ങനെയിരിക്കും. സെക്യൂരിറ്റിച്ചേട്ടനൊക്കെ കർക്കശക്കാരനായതിനാൽ വലിയ തരത്തിലുള്ള കുസൃതികളൊന്നും കാര്യമായി ഒപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഇനിയും അങ്ങനെ സംഭവിച്ചാൽ സ്കൂൾ മാറ്റണമെന്ന് പ്രിൻസിപ്പൽ
സ്കൂളിലെ പരാതികൾ തീർക്കാൻ അച്ഛനായിരുന്നു സ്ഥിരം വന്നുകൊണ്ടിരുന്നത്. അനിയന്റെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ മാത്രമാണ് അമ്മ സ്കൂളിൽ വന്നിരുന്നത്. എൽകെജി മുതൽ പ്ലസ്ടു വരെ ഞാൻ ചിന്മയ വിദ്യാലയത്തിലായിരുന്നു. പ്ലസ്‌വണ്ണിന്റെ മെയിൻ പരീക്ഷ വന്നപ്പോൾ ഫിസിക്സിന് എട്ടു മാർക്ക് വാങ്ങി ഗംഭീരമായി ഞാൻ തോറ്റു. സിബിഎസ്‌ഇയിൽ പ്ലസ്ടുവിന്റെ മാർക്കേ കണക്കിലെടുക്കൂവെന്നതിനാൽ അന്ന് തൽക്കാലത്തേക്ക് രക്ഷപ്പെട്ടു. ആ വിഷയം സേ എക്സാം എഴുതി വിജയിച്ചപ്പോൾ, ഇനി ഏതെങ്കിലും മെയിൻ പരീക്ഷയ്ക്ക് തോറ്റുപോയാൽ സ്കൂളിൽനിന്ന് മാറ്റിക്കൊള്ളാമെന്ന് പ്രിൻസിപ്പൽ അമ്മയോട് കത്തെഴുതി വാങ്ങി. പിന്നീട് പ്ലസ്ടു ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ക്ലാസിലെത്തിയത്. പക്ഷേ ഈ പ്രശ്നമൊന്നും എന്നെ ബാധിച്ചതേയില്ല. തലനിറയെ മുല്ലപ്പൂവൊക്കെച്ചൂടി സുന്ദരിക്കുട്ടിയായാണ് ഞാൻ സ്കൂളിലെത്തിയത്.
പ്ലസ്ടു കഴിഞ്ഞ് ഏവിയേഷൻ പഠിച്ചു, പിന്നെ മാസ് കമ്മ്യൂണിക്കേഷനും
പ്ലസ്ടുവിന് ശേഷമാണ് പഠനത്തെ ഗൗരവമായി കണ്ടതും. വിഷയങ്ങളെ ആഴത്തിലറിയാൻ ശ്രമിച്ചുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിച്ചു തുടങ്ങിയതും. അങ്ങനെയാണ് പ്ലസ്ടു കഴിഞ്ഞ് ഏവിയേഷന് ചേർന്നത്. പിന്നീട് ഹ്രസ്വചിത്രങ്ങളുടെ തിരക്കിലായതോടെ കോഴ്സിനോടുള്ള ടച്ച് വിട്ടു. ഏവിയേഷൻ കോഴ്സ് പൂർത്തിയാകുന്നതിനു മുൻപ് തന്നെ ബിഎ പഠിക്കാൻ പഴശ്ശിരാജ കോളജിൽ ജോയിൻ ചെയ്തു. ആ തിരക്കിനിടയിൽ എഴുതിയ പരീക്ഷകളിൽ ഒരു പേപ്പർ നാലു മാർക്കിന് പോയി. പിന്നീട് അതെഴുതിയെടുത്തില്ല. അപ്പോഴേക്കും മാസ് കമ്യൂണിക്കേഷൻ മനസ്സിൽ കയറിയതുകൊണ്ട് അതുമായി മുന്നോട്ടു പോയി. പിന്നീട് നല്ല മാർക്കുകളും റാങ്കുകളുമൊക്കെയായി ബിഎയും എംഎയും പൂർത്തിയാക്കി. എംഎ ചെയ്തത് കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. സ്കൂൾ യുവജനോത്സവങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലാണ് ഞാൻ കൂടുതലായും പങ്കെടുത്തിരുന്നത്. കലാമൽസരങ്ങളിൽ പങ്കെടുക്കുന്നതിനൊക്കെ നല്ല പ്രോത്സാഹനമാണ് എനിക്ക് സ്കൂളിൽ നിന്ന് ലഭിച്ചിട്ടുള്ളത്.
Content Summary : Shruthi Rajanikanth Talks About Her School Memories