ADVERTISEMENT

ജന്മദിനത്തിൽ പ്രിയപ്പെട്ടവർക്കു മധുരം നൽകുന്നത് ചിലരുടെ ശീലമാണ്. പക്ഷേ ആ മധുരം പങ്കുവയ്ക്കൽ കയ്പേറിയ ഒരു അനുഭവമാണ് നൽകുന്നതെങ്കിലോ?. ഒരു ജന്മദിനത്തിൽ സംഭവിച്ച അത്തരമൊരു അപമാനത്തിന്റെ അനുഭവമാണ് ഒമാനിൽ ജോലിചെയ്യുന്ന റാഷിദ് വലിയകത്ത് പങ്കുവയ്ക്കുന്നത്. ഏറെ സന്തോഷിക്കേണ്ട ജന്മദിനത്തിൽ സഹപ്രവർത്തകനിൽനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള അനുഭവം റാഷിദ് പങ്കുവയ്ക്കുന്നതിങ്ങനെ...

അന്ന് ദുബായിൽ ഒരു ബ്രിട്ടിഷ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. കമ്പനിയിലുള്ള എല്ലാവരുടെയും ജന്മദിനത്തിന് കേക്ക് കട്ടിങ് ഉണ്ടാവും. എല്ലാവരും കൂടി നിന്ന് പാട്ടൊക്കെ പാടിയാണ് ആഘോഷം. അന്ന് എന്റെ ജന്മദിനമായിരുന്നു. പതിവു പോലെ സർപ്രൈസ് ആയി കേക്ക് വന്നു. എല്ലാവരും കൂട്ടം കൂടി നിന്ന് ‘‘ഹാപ്പി ബർത്ത്ഡേ’’ പാടി. ഞാൻ കേക്ക് കട്ട് ചെയ്തു. കേക്ക് കട്ട് ചെയ്താൽ ആദ്യത്തെ കഷ്ണം നമുക്ക് ഇഷ്ടം ഉള്ളവർക്ക് കൊടുക്കാമെന്നാണ്. ഞാൻ കേക്ക് കട്ട് ചെയ്ത്‌ ഒരു കഷ്ണം എടുത്തു. എല്ലാവരും ചുറ്റും കൂടി നിൽക്കുന്നുണ്ട്. എട്ടു വർഷത്തോളമായി ഞാൻ ആ കമ്പനിയിൽ ജോലി ചെയ്യുന്നു. എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. ഞാൻ നോക്കുമ്പോൾ പുതിയ ഒരാൾ അവിടെ നിൽക്കുന്നുണ്ട്. രണ്ടു ദിവസം മുൻപ് ജോയിൻ ചെയ്തതാണ്. ഡൽഹി സ്വദേശിയാണ്. അവന് ആദ്യം കേക്ക് കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തു ചെന്ന് കേക്ക് നീട്ടി. പക്ഷേ ആ ദുഷ്ടൻ ഒരു മയവുമില്ലാതെ പറഞ്ഞു .‘‘നോ.. എനിക്ക് വേണ്ട’’. എല്ലാവരും ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും. എന്നെ കളിയാക്കാൻ പറഞ്ഞതാണെന്നാണ് ഞാൻ കരുതിയത്.

വീണ്ടും ഞാൻ നിർബന്ധിച്ചു. അപ്പോഴും ഇവൻ അതേ ഡയലോഗ് തന്നെ. ‘‘നോ... നോ’’ എന്റെ ചിരി പോയി. കൂടെയുള്ളവർക്കും ഒരു അപാകത തോന്നാൻ തുടങ്ങി. ഞാൻ പരമാവധി വിനയാന്വിതനായി. അപേക്ഷയുടെ ഭാവത്തിൽ കെഞ്ചി.  ‘‘പ്ലീസ്, ഇത് വാങ്ങിക്ക്’’ ഇപ്രാവശ്യം അവൻ കുറച്ചുറക്കെ ആണ്. ഒരു ചെറിയ ഗർജ്ജനം: ‘‘എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ... നോ’’.

എനിക്കു ഭൂമിയിൽ താഴ്ന്നുപോകണമെന്നു തോന്നി ! തല ഉയർത്താൻ പറ്റുന്നില്ല. ചുറ്റുമുള്ളവരൊക്കെ തരിച്ചു നിൽക്കുകയാണ്. അപ്പോഴേക്കും എന്റെ ബോസ് ഇടപെട്ടു. അടുത്തേക്കു വന്ന് എന്റെ കയ്യിൽനിന്ന് കേക്ക് വാങ്ങി കെട്ടിപ്പിടിച്ച് എന്നെ വിഷ് ചെയ്തു.

ആർക്കും ഒന്നും മനസ്സിലായില്ല. എല്ലാവരും ഷോക്ക്ഡ് ആയി. എന്നാലും എന്താവും അയാൾ അങ്ങനെ പെരുമാറിയത്? കുറച്ചു കഴിഞ്ഞ് ബോസ് എന്നെ വിളിപ്പിച്ചു. ഡൽഹിക്കാരൻ അവിടെ തല കുമ്പിട്ട് നിൽക്കുന്നുണ്ട് ബോസ് നല്ലോണം കൊടുത്തിട്ടുണ്ടാവണം.

അവൻ പറഞ്ഞു. ‘‘സോറി റാഷിദ്. ഞാൻ വെജിറ്റേറിയനാണ്. മുട്ട കഴിക്കാനിഷ്ടമല്ല. കേക്കിൽ മുട്ട ഉണ്ടാവും അതു കൊണ്ടാണ് ഞാൻ വാങ്ങിക്കാതിരുന്നത്. റിയലി സോറി’’

‘‘പൊന്നാര ചങ്ങായി. അനക്ക് ഇത് പറഞ്ഞാൽ പോരായിരുന്നോ? അല്ലെങ്കിൽ കേക്ക് വെറുതെയെങ്കിലും ഒന്നു വാങ്ങാമായിരുന്നില്ലേ?’’. എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. എന്തായാലും എല്ലാം കൂടി ഒറ്റ മറുപടിയിൽ ഒതുക്കി. ‘‘സാരമില്ലഡോ വിട്ടേക്ക്’’

Rashid Valiyakath
റാഷിദ് വലിയകത്ത്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Rashid Valiyakath Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com