ആ ഡീലിന് പോയത് ‘മുട്ടിടിച്ച്’, തിരികെ മടങ്ങിയത് വലിയൊരു ഓർഡറുമായി
Mail This Article
ഭയത്തെ അതിജീവിക്കാൻ കഴിയുന്ന ദിവസം ജീവിതത്തെ ജയിച്ചു എന്നൊക്കെ പറയാറില്ലേ. അത്തരമൊരു അതിജീവന നിമിഷത്തിന്റെ അനുഭവകഥയാണ് ഇടുക്കി സ്വദേശി അനീഷ് പാറയ്ക്കൽ പങ്കുവയ്ക്കുന്നത്. ജോലി പോകുമെന്ന ഘട്ടത്തിൽ തന്നെത്തേടിയെത്തിയ ഒരു ബിസിനസ് ഡീൽ സുഹൃത്ത് നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തമാക്കിയ കഥ അനീഷ് ജോസഫ് പങ്കുവയ്ക്കുന്നതിങ്ങനെ:
2002 ൽ ഗണിതശാസ്ത്ര ബിരുദം പൂർത്തിയാക്കിയ ഒരു സാധാരണ ഇടുക്കിക്കാരന് ജോലിയോ തുടർപഠനമോ എന്ന ചോദ്യം അപ്രസക്തമായതിനാൽ ‘കുറ്റിയും പറിച്ചു’ വന്നു ചാടിയത് എറണാകുളത്താണ്. രണ്ട് അഭിമുഖങ്ങളിൽ പങ്കെടുത്തു. ഒന്ന് കോൾ സെന്ററിൽ, രണ്ടാമത്തേത് ഫീൽഡ് വർക്കിന്. ആദ്യം വിളിച്ചത് ഫീൽഡ് വർക്കിന് ആയതിനാലും ശമ്പളം കോൾ സെന്ററിലേതിനെക്കാൾ ഏതാണ്ട് ഇരട്ടിയിലധികം ഉണ്ടായിരുന്നതിനാലും റിലയൻസ് എന്ന ഇന്ത്യൻ ആഗോള കമ്പനിയുടെ കോൺട്രാക്ട് സ്വീകരിച്ച് ജോലി തുടങ്ങുന്ന കാലം. ഉപ്പുതറയുടെ മലയാളവും കാഞ്ഞിരപ്പള്ളിയിൽ പഠിച്ച മുറി ഇംഗ്ലിഷും ഒക്കെയായി ആദ്യം ഒപ്റ്റിക് കേബിൾ കണക്റ്റിവിറ്റിയുടെ സർവേ, പ്ലാനിങ്, അനുവാദം വാങ്ങൽ, എക്സിക്യൂഷൻ, ജോലികളും പിന്നീട് അതിന്റെ സെയിൽസും...
സംഭവം നടക്കുമ്പോൾ വെല്ലിങ്ടൻ ഐലൻഡ് ആണ് ഞങ്ങളുടെ തട്ടകം. ബാൻ 8 (ബിൽഡിങ് അക്സസ് നോഡ് നമ്പർ 8 ) എന്നാണ് ആ പ്രദേശത്തെ ഇന്റേണൽ ആയി ഞങ്ങൾ വിളിച്ചിരുന്നത്. ഒരുകാലത്ത് ഒരുപാട് ഷിപ്പിങ് കമ്പനികളും എക്സ്പോർട്ടിങ് കമ്പനികളും ഒക്കെയുണ്ടായിരുന്ന രാജകീയ പ്രൗഢമായ സ്ഥലം. കാസിനോ, ഹിൽട്ടൻ, താജ് മലബാർ അങ്ങനെ ആഡംബര ഹോട്ടലുകളുടെ സ്ഥലം.
കമ്പനിക്ക് നല്ല വരുമാനം പ്രതീക്ഷയുള്ള സ്ഥലം. ഞാനെന്ന ഒരു ആവറേജ് സെയിൽസ്മാൻ തലകുത്തി പരിശ്രമിച്ചിട്ടും ഷിബു, ശ്രീജിത്ത്, സുജിത് തുടങ്ങിയ മിടുക്കന്മാരുടെ മുൻപിൽ കച്ചവടത്തിൽ പിടിച്ചു നിൽക്കാൻ പോയിട്ട് ജോലി രക്ഷപ്പെടുത്തി കൊണ്ടുപോകാൻ കൂടി കഷ്ടപ്പെടുന്ന കാലം. ഒരു വശത്തു ജോലി പോകുമെന്ന അവസ്ഥ, മറുവശത്ത് അതു പോയാൽ പിന്നെ ഈ കൊച്ചിയിൽ എങ്ങനെ ജീവിക്കുമെന്ന പേടി. ആ വെല്ലിങ്ടൻ ഐലൻഡിൽ ഉള്ള കമ്പനികളിൽ തേരാപ്പാരാ കയറിയിറങ്ങി അവിടുള്ള സകലമാന ഓഫിസർമാരെയും മുതലാളികളെയും ഞങ്ങൾ വെറുപ്പിച്ചു വച്ചിരിക്കുകയുമാണ്.
അങ്ങനെ ഇരിക്കുമ്പോഴാണ് അമാൽഗം ഹൗസ് ബിൽഡിങ്ങിലുള്ള മെർസ്സ്ക് സീലാൻഡ് എന്ന കമ്പനിയിൽനിന്ന്, അതിന്റെ ഒരു ഡയറക്ടർ മിസ്റ്റർ മോഹൻ ഹരി വരുന്നു എന്നറിയുന്നത്. അദ്ദേഹമാണ് ഇതിൽ തീരുമാനം എടുക്കേണ്ട ആൾ. ആ കമ്പനിയുടെ സെയിൽസ് ഹെഡ് ആയിരുന്ന മിസ്റ്റർ പ്രശാന്ത് ആണ് എന്റെ ദയനീയത കണ്ട് ഇങ്ങനെ ഒരു മീറ്റിങ് സെറ്റ് ആക്കിത്തരുന്നത്. വലിയ മീറ്റിങ് അല്ലേ. സീനിയറും മിടുക്കനുമായ ഷിബുവിനെത്തന്നെ സഹായത്തിനു വിളിക്കാം എന്ന് തീരുമാനിക്കുന്നു. കാരണം ഒരു ടെലിഫോൺ വേണ്ടവന് പത്തു ടെലിഫോണും ഒരു ഇന്റർനെറ്റ് ലൈനും വിൽക്കുന്ന ആളാണ് നമ്മുടെ ഷിബു.
അങ്ങനെ ആ ദിവസം വന്നു. സമയത്തുതന്നെ ഞങ്ങൾ സ്ഥലത്തെത്തി. മോഹൻ സാറിന്റെ സന്ദർശനത്തിന്റെ ഭാഗമായി അകത്തെന്തോ മീറ്റിങ് നടക്കുകയാണ്. ഞങ്ങൾ സന്ദർശകർക്കുള്ള മുറിയിൽ ടെൻഷൻ കുടിച്ചിരിക്കുന്നു (ചുള്ളിക്കാട് ലൈൻ). ഇതുവരെ ആ ഓഫിസിന്റെ ഉൾവശം കണ്ടിട്ടില്ല. പുറമേ നിന്ന് നോക്കിയാൽ അതിസുന്ദരമായ ആ ഓഫിസിനകം കൂടുതൽ മനോഹരമായിരുന്നു. പെട്ടെന്ന് പ്രശാന്ത് സർ വന്നു ഞങ്ങളോട് കോൺഫറൻസ് റൂമിലേക്ക് ഇരിക്കാൻ പറഞ്ഞു.
സ്വന്തമായി ലാപ്ടോപ് ഒന്നുമില്ലാത്തതിനാൽ മാനേജർ മനോജ് സാറിനോട് ചോദിച്ച് ഒരു ലാപ്ടോപ്പ് ഒക്കെ സംഘടിപ്പിച്ചാണ് വന്നിരിക്കുന്നത്. അതും തൂക്കി ചെന്നു കയറിയത്, ഒരു സിംഹത്തിന്റെ മടയിൽ എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന അതിവിശാലമായ ഒരു കോൺഫറൻസ് റൂമിലേക്ക്. മുപ്പതു പേർക്ക് ഇരിക്കാവുന്ന ഒരു വലിയ വട്ടമേശ. ചുറ്റും, ചക്രമുള്ള കറുത്ത കറങ്ങുന്ന കസേരകൾ. പരിചയമില്ലാത്തെ വലിയ ഒരു മൈതാനത്തിന്റെ കോണിൽ പെട്ടുപോയ രണ്ടു കുട്ടികളെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി. ഓർഡർ കിട്ടുമോ എന്ന ടെൻഷൻ ഒരു വശത്ത്, ഭയങ്കര ബിൽഡപ് കൊടുത്തതാണ് ലാപ്ടോപ് ഒക്കെ എടുത്ത് വന്നിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആ ഓഫിസിൽ ഉണ്ടായിരുന്ന ഏതാണ്ട് മുഴുവൻ ആളുകളും ശ്രീ മോഹൻ ഹരി സാറിന്റെ ഒപ്പം ആ കോൺഫറൻസ് റൂമിൽ കടന്നു വന്ന് ഇരിപ്പുറപ്പിച്ചു. അവരെല്ലാവരും കൂടി നടന്നു വരുന്ന കാലടി ശബ്ദംപോലും എന്നിൽ ഭയം ഉളവാക്കി.
ഹൃദ്യമായ പുഞ്ചിരിയോടെ മോഹൻ സർ പറഞ്ഞു: ‘‘ലെറ്റ്സ് സ്റ്റാർട്ട് ദ് പ്രസന്റേഷൻ’’. ഞാൻ തെല്ലൊരു ആശ്വാസത്തോടെ ഷിബുവിന്റെ മുഖത്തേക്ക് നോക്കി. കാരണം പ്രസന്റേഷൻ നടത്തി ഓർഡർ എടുത്ത് എന്നെ സഹായിക്കേണ്ട ആളാണല്ലോ അത്. പക്ഷേ ആളൊരു വലിയ കംപ്യൂട്ടർ വിദഗ്ധനെപ്പോലെ പോലെ ആ ലാപ്ടോപിന്റെ സ്‌ക്രീനിൽ തല പൂഴ്ത്തി വച്ചിരിക്കുന്നപോലെ എനിക്കു തോന്നി . ഓർഡർ എന്റേതാണല്ലോ. ഞാൻ വീണ്ടും ഷിബുവിന്റെ ശ്രദ്ധ എന്നിലേക്ക് മാറ്റാൻ ശ്രമിച്ചു. അവൻ തല ഒന്നുയർത്തി വലതു കയ്യുടെ തള്ളവിരൽ ഉയർത്തി ഒരു തംപ്സ്അപ് തന്നു. എന്റെ പ്രതീക്ഷയുടെ കുഴപ്പമാണോ അതോ സാഹചര്യത്തിന്റെ സമ്മർദം മൂലം ആണോ എന്നെനിക്കറിയില്ല, ഞാൻ പ്രസേന്റേഷൻ കൊടുത്തേ പറ്റൂ എന്നതായി അവസ്ഥ. അല്ലെങ്കിൽ ഒരു പക്ഷേ ആ സാഹചര്യത്തെ ഞാൻ നേരിടട്ടെ എന്ന് അവൻ വിചാരിച്ചിട്ടുണ്ടാവാം.
ആകെ ഒരു അങ്കലാപ്പ്. മുട്ടുകൾ കൂട്ടിയിടിക്കുന്നതാണോ അതോ ഹൃദയമിടിപ്പ് ഉച്ചത്തിലായതാണോ എന്നറിയില്ല പിന്നീട് എനിക്ക് ചുറ്റുമുള്ളതൊന്നും കേൾക്കാൻ സാധിച്ചില്ല. ഓർഡർ കിട്ടാനല്ല, പക്ഷേ പിടിച്ചു നിൽക്കാൻ വേണ്ടി രണ്ടും കൽപിച്ച് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. പറയേണ്ടതൊക്കെ പറയാതിരുന്നോ അതോ വേണ്ടാത്തതെന്തെങ്കിലും പറഞ്ഞോ എന്നൊന്നും ഓർമയില്ല പക്ഷേ മുംബൈയിൽനിന്നു കൊച്ചി വരെ കണക്ട് ചെയ്യുന്ന ഒരു ഡെഡിക്കേറ്റഡ് ലീസ് ലൈനിന്റെ ഓർഡറും കയ്യിൽ പിടിച്ചാണ് ഞങ്ങൾ അവിടെനിന്നു പുറത്തിറങ്ങിയത്. നാഷനൽ അക്കൗണ്ട് ഓർഡർ ആയതു കൊണ്ട് എനിക്കതിന്റെ ക്രെഡിറ്റ് ഒട്ടു കിട്ടിയതുമില്ല. അവരുടെ എന്തോ അത്യാവശ്യം കൊണ്ടോ മറ്റോ ആണ് ആ ഓർഡർ തന്നത് എന്നാണ് എന്റെ ഇപ്പോഴുമുള്ള ഒരു കണക്കുകൂട്ടൽ.
എന്നാൽ മുങ്ങിത്താണുകൊണ്ടിരുന്ന എന്റെ ആത്മവിശ്വാസത്തിനു കിട്ടിയ കച്ചിത്തുരുമ്പായിരുന്നു അത്. ഇപ്പോഴും മറ്റു പല മീറ്റിങ്ങുകൾക്കും തയാറെടുക്കുമ്പോൾ ഈ ഓർമ എന്നിൽ ആത്മവിശ്വാസം നിറച്ചു കൊണ്ടേയിരിക്കുന്നു. ഇതിലെ പേരുകളും വ്യക്തികളും തീരെ സാങ്കല്പികമല്ല. സത്യമാണ്.
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും
Content Summary : Career Work Experience Series - Anish Parackal Joseph Memoir