പരീക്ഷയിലും ‘ശത്രുക്കൾ’; ഇഷ്ടക്കേട് വച്ചുപുലർത്തണ്ട, സമീപനത്തിൽ മാറ്റം വരുത്തി വരുതിയിലാക്കാം
Mail This Article
വെറുപ്പുകളിൽനിന്നുള്ള മോചനം. മുൻവിധികളിൽനിന്നുള്ള സ്വാതന്ത്ര്യം, വ്യക്തികളോടും പാഠ്യവിഷയങ്ങളോടുമുള്ള മാനസിക അകലം... ഇതൊക്കെ ഇല്ലാതായാൽ സ്നേഹത്തിന്റെ ഇന്ദ്രജാലം സാധ്യമാകും. പിന്നെ പരീക്ഷകളിലെ ഒരു വിഷയവും ഭയപ്പെടുത്തില്ല.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു, സിനിമ കണ്ടു മടങ്ങുന്ന രമേഷിന് ഒരപകടമുണ്ടായപ്പോൾ. മെയിൻ റോഡിൽനിന്നു വീട്ടിലേക്കുള്ള വഴിയിലേക്കു ബൈക്ക് തിരിച്ചതും ഏതോ വാഹനം പിന്നിൽ തട്ടി അയാൾ തെറിച്ചു വീണു. അർധബോധാവസ്ഥയിൽ കുറച്ചു നേരം രമേഷ് അവിടെ കിടന്നു.
അപ്പോഴാണ് അയാളുടെ അയൽക്കാരൻ ജോസഫ് ആ വഴിയേ കാറിൽ വരുന്നത്. വീണു കിടക്കുന്നയാളെ ജോസഫിനു മനസ്സിലായി. ദീർഘനാളായി അവർ അകൽച്ചയിലാണ്. ഇരു വീട്ടുകാരും തമ്മിൽ മിണ്ടാട്ടമില്ല. പ്രഖ്യാപിത ശത്രുക്കളാണവർ. ഏതായാലും ജോസഫ് ‘ശത്രു’വായ രമേഷിനെ ആശുപത്രിയിലെത്തിച്ചു. രമേഷ് രക്ഷ പ്രാപിച്ചു. തിരികെ വന്നശേഷം അവർ പഴയ ശത്രുത മറന്നു. നല്ല അയൽക്കാരായി, നല്ല മിത്രങ്ങളായി.
എന്തിലും കുറ്റം കണ്ടിരുന്ന അവർ ഇപ്പോൾ പരസ്പരം അഭിനന്ദിക്കുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ ശത്രുത കാരണം ഗുണങ്ങൾ മനസ്സിലാക്കാനോ പരസ്പരം അംഗീകരിക്കാനോ ഇരുവരും തയാറായിരുന്നില്ല. ഇത്ര സാധുവായ രമേഷിനെ ഇത്രയും നാൾ വെറുത്തതിൽ ജോസഫിനും ഇത്രയും നല്ലയാളായ ജോസഫിനെ ശത്രുവായി കരുതിയതിൽ രമേഷിനും പശ്ചാത്താപമുണ്ടായി.
പരീക്ഷയിലും ‘ശത്രുക്കൾ’!
പരീക്ഷയ്ക്കു തയാറെടുക്കുന്ന നമുക്കെല്ലാമുണ്ട് ഇത്തരത്തിലുള്ള ‘ശത്രുക്കൾ’. പഠിക്കുന്ന കാലത്തു കണക്കായിരുന്നു എന്റെ മുഖ്യ ശത്രു. ആ വിഷയം പഠിപ്പിക്കുന്ന സാറന്മാരെ കാണുമ്പോഴേ മസ്തിഷ്കത്തിൽ ഒരു പാട വന്നു മൂടും. അവർ ക്ലാസിൽ പറയുന്നതൊന്നും എന്താണെന്നോ എന്തിനാണെന്നോ പിടികിട്ടില്ല. എന്റെ വിദ്യാർഥി ജീവിതത്തിലുട നീളം കണക്കുപരീക്ഷ വലിയ പരീക്ഷണം തന്നെയായി. ഏതോ ഘട്ടത്തിൽ ആ വിഷയത്തെക്കുറിച്ചുണ്ടായ അകൽച്ചയാണു കാരണം. ഓരോ വിഷയത്തോട് ഈവിധം ഇഷ്ടക്കേട് വച്ചുപുലർത്തുന്ന അനേകം പേരുണ്ട്. ആ വിഷയങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല. കുഴപ്പം നമുക്കാണ്. ആദ്യമുണ്ടായ അനിഷ്ടം ഓരോ ഘട്ടത്തിലും നമ്മൾ ഊട്ടി വളർത്തിക്കൊണ്ടിരിക്കും. കാലക്രമേണ ആ വിഷയം നമുക്കു തീരെ വഴങ്ങാതെയാകും. മത്സരപ്പരീക്ഷകളിൽ അതു വില്ലനായിത്തീരുകയും ചെയ്യും.
വാസ്തവത്തിൽ ഇതെല്ലം നമ്മൾ സ്വയം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. എല്ലാ വിഷയങ്ങളും സാമാന്യമായി പഠിച്ചെടുക്കാൻ എല്ലാവർക്കും കഴിയും. താൽപര്യമില്ലാത്ത വിഷയങ്ങൾക്ക് ആദ്യം കൂടുതൽ സമയം കൊടുക്കണമെന്നു മാത്രം. ആ വിഷയത്തെക്കുറിച്ചുള്ള മുൻവിധി മറക്കുകകൂടി ചെയ്യണം. ‘ഈ വിഷയത്തെ ഞാനൊന്നു സ്നേഹിച്ചു നോക്കട്ടെ’ എന്ന മനോഭാവത്തോടെ അതിനെ സമീപിക്കുക. ഒരിക്കൽ ശത്രുവായിരുന്ന ആൾ മിത്രമായിക്കഴിയുമ്പോൾ നമുക്കു തോന്നുന്ന ഒരാശ്വാസമുണ്ടല്ലോ, ‘ഇത്രയേ ഉള്ളൂ അല്ലേ’ എന്ന തിരിച്ചറിവ്; അപ്രാപ്യമെന്ന് എഴുതിത്തള്ളിയ വിഷയത്തിന്റെ കാര്യത്തിലും അതുതന്നെ സംഭവിക്കും. അസുന്ദരമെന്നു തോന്നുന്ന ഏതൊരു വസ്തുവിനും സൗന്ദര്യം വരും, നമ്മൾ സ്നേഹിക്കാൻ തുടങ്ങിയാൽ. അതാണ് ജീവിതയാത്രയ്ക്കു വേണ്ട പ്രധാന സന്നാഹം.
വെറുപ്പുകളിൽനിന്നുള്ള മോചനം. മുൻവിധികളിൽനിന്നുള്ള സ്വാതന്ത്ര്യം, വ്യക്തികളോടും പാഠ്യവിഷയങ്ങളോടുമുള്ള മാനസിക അകലം... ഇതൊക്കെ ഇല്ലാതായാൽ സ്നേഹത്തിന്റെ ഇന്ദ്രജാലം സാധ്യമാകും. പിന്നെ പരീക്ഷകളിലെ ഒരു വിഷയവും ഭയപ്പെടുത്തില്ല.
ഓർക്കേണ്ടത്: സ്‌നേഹംകൊണ്ട് സൗന്ദര്യം വീണ്ടെടുക്കാം.
Content Summary : How to Overcome Exam fear- Vazhivilakku- Column By K.Jayakumar